ആ വരണ്ട ഭൂമിയിൽ ആരെ എന്ത് കാണിക്കാനാണ്. കുളിയ്ക്കാതിരുന്ന് ശീലമില്ലാത്തതുകൊണ്ട് മാത്രം ദിവസവും കുളിച്ച് വേഷം മാറി പോകുമെന്ന് മാത്രം. അതിനിടയിലും ചില മതിൽ ചാട്ടക്കാർ ഒക്കെ ഉണ്ടായിരുന്നെങ്കിലും രേഷ്മ ഒരിയ്ക്കലും അതിന് മുതിർന്നിട്ടില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല, എങ്ങാനും പിടിയ്ക്കപ്പെട്ടാലോ എന്ന പേടികൊണ്ട്. വീട്ടിലായാലും പഠിയ്ക്കാൻ വേണ്ടി കോളേജ് പ്രൊഫസറായ അച്ഛൻ ഇട്ടുകൊടുത്ത ടൈം ടേബിൾ വിട്ട് ഒരഞ്ചു മിനിറ്റ് പോലും അധികം കളിക്കാനോ, ടി വി കാണാനോ, അവൾ മുതിർന്നിട്ടില്ല, പിന്നെയല്ലേ കോളേജിൽ നിന്ന് ആരും കാണാതെ പുറത്തുപോകുന്നതും കറങ്ങിനടക്കുന്നതും. അങ്ങിനെ ആ കോളേജിലെ മഹാ ഭൂരിപക്ഷം കുട്ടികളെ പോലെ കൂട്ടിലിട്ട കിളിയെ പോലെ അവളും വളർന്നു.
ആ വളർച്ച അവളെ പഴയ ചുള്ളിക്കമ്പിൽ നിന്ന് ഒരുപാട് മുന്നോട്ട് കൊണ്ടുപോയി എന്ന് അവൾക്ക് മനസ്സിലായത്, ലാസ്റ്റ് സെമസ്റ്റർ പരീക്ഷയും കഴിഞ്ഞ് ചേച്ചിയുടെ കല്യാണത്തിന് വേണ്ടി വീട്ടിൽ എത്തിയപ്പോഴാണ്. അടുത്തവീട്ടിലെ റംല താത്ത മുതൽ കല്യാണം കൂടാൻ വേണ്ടി കാനഡയിൽ നിന്ന് കുട്ടിയും കുടുംബവുമായി വന്ന ചന്ദ്രമാമ വരെ പുറം പണിയ്ക്കു വന്ന ശങ്കരനും, പഴയ സ്‌കൂൾ ഫ്രണ്ട് മമിതയും, അച്ഛന്റെയും അമ്മയുടെയും കൂടെ ജോലി ചെയ്യുന്നവരും അടക്കം എല്ലാവർക്കും അവളെ കാണുമ്പോൾ പറയാനുണ്ടായിരുന്നത് ഒരേ ഡയലോഗ്, “മോളങ്ങ് വളർന്നുപോയല്ലോ, ചേച്ചീടെ പിന്നാലെ നിനക്കും ആളെ നോക്കാറായല്ലോ.”
ആദ്യമൊക്കെ കേൾക്കുമ്പോൾ ദേഷ്യം തോന്നിയിരുന്നെങ്കിലും പതുക്കെ പതുക്കെ അതിന്റെ അർത്ഥം എന്താണ് എന്ന് അവൾക്ക് മനസ്സിലായി തുടങ്ങുകയായിരുന്നു. അങ്ങനെയാണ് ഡ്രെസ്സിങ്ങിന്റെയും മേക്കപ്പിന്റെയും കാര്യത്തിൽ അവൾ അല്പമെങ്കിലും ശ്രദ്ധിച്ചുതുടങ്ങുന്നത്. അതുവരെ ചുരിദാറുകൾ മാത്രം നിറഞ്ഞിരുന്ന അവളുടെ അലമാറയിൽ പതുക്കെ കുർത്തകളും, ഫുൾ പാവാടകളും പ്രത്യക്ഷപ്പെട്ടു. എങ്കിലും അവൾ ഇന്നുകാണുന്ന അവൾ ആയത് ജോലികിട്ടിയ ശേഷം ആയിരുന്നു. വീട്ടിൽ നിന്ന് ഏതാണ്ട് പത്തു മുന്നൂറു കിലോമീറ്റർ ദൂരത്ത് ആ നഗരത്തിൽ അവൾ കണ്ട സ്വാതന്ത്ര്യം അവൾക്ക് പുതിയൊരു അനുഭവമായിരുന്നു.
ചെറുപ്പം തൊട്ടേ വലിയ മതിൽകെട്ടുകൾക്കുള്ളിൽ പുസ്തകങ്ങൾക്കിടയിൽ ജീവിച്ച അവൾ ആദ്യമായി ലോകം കാണുന്ന കുട്ടിയെ പോലെ അത് ആസ്വദിയ്ക്കുകയായിരുന്നു. അതുകൊണ്ടാണ് ദീപു അടുപ്പം കാണിച്ചപ്പോൾ അവൾപോലും അറിയാതെ ദീപുവിനോട് അടുത്തുപോയത്. തന്നേയും ഒരാൾ പ്രേമിയ്ക്കുമെന്ന് അവൾ ഒരിയ്ക്കലും കരുതിയിട്ടില്ല. ഒരേ ടീമിൽ ആയതുകൊണ്ട് മിക്കവാറും സമയവും ദീപുവിനോടൊപ്പം ചിലവിടുന്നതിനാൽ ആദ്യം അവനുമായി കമ്പനിയായി, അതുകൊണ്ട് അവനോട് ഒരിഷ്ടം തോന്നി എന്ന് പറയുന്നതാവും ശരി.