മഞ്ഞുനീർതുള്ളി പോലെ 3 [Dheepa]

Posted by

ഒന്നും മിണ്ടാതെ ഞാൻ പുറത്തേക് നടന്നു. പുറത്ത് അമ്മ ഒരു ഓട്ടോ റിക്ഷയിൽ  കാത്തു നിൽക്കുന്നു… സുനി ചേട്ടന്റെ ഓട്ടോ ആണ് എന്നെ കണ്ടപാടെ സുനി ചേട്ടൻ ഒരു വളിച്ച ചിരി ചിരിച്ചു. അത്‌ കണ്ടപ്പോൾ തന്നെ എനിക്ക് അങ്ങോട്ട്‌ ദേഷ്യം പെരുവിരലിൽ നിന്നു ഇരച്ചു കയറി എന്നാലും ഞാൻ അതങ്ങു അടക്കി. ഇപ്പോൾ എന്റെ ദേഷ്യം കാണിക്കാൻ പറ്റിയ സാഹചര്യം അല്ലല്ലോ.

സുനി – ചേച്ചി ഇവളങ് വലുതായല്ലോ കെട്ടിക്കാൻ ആയി..

അമ്മ -ഞാനും അത്‌ തന്നാ ആലോചിക്കുന്നത് സുനി.. ഇനി അതായിരിക്കും എന്റെ ചിന്ത

സുനി – പറ്റിയ ഒരു  ചെക്കൻ  എന്റെ പരിചയത്തിൽ ഉണ്ടെട്ടോ ഞാൻ കൊണ്ട് വരട്ടെ

അമ്മ – നല്ലതാണേൽ നോക്കാം

ഈ തള്ള എന്ത് ഭവിച്ചാ.. ഞാൻ മനസ്സിൽ ഓർത്തു

സുനി – അല്ല ചേച്ചി എങ്ങോട്ടാ പോവേണ്ടത്

അമ്മ – നീ എന്റെ തറവാട്ടിലേക്ക് വണ്ടി  വിട്.. ഇനി ഇവൾ കുറച്ചു കാലം അവിടെയാണ് നിൽക്കുന്നത്.

കുറച്ചു നേരത്തെ യാത്രക്ക് ശേഷം ഞങ്ങൾ അമ്മയുടെ തറവാട്ടിൽ എത്തി..

ചേച്ചി ഞാൻ ആളെ കൊണ്ടു വരുമേ..

പോകാൻ നേരം സുനി ഒന്നുടെ അമ്മ കളി പറഞ്ഞത് അല്ലെന്നു ഉറപ്പു വരുത്തി. തറവാട്ടിൽ അമ്മയുടെ അച്ഛനും അമ്മയും ഇളയ സഹോദരനും ഭാര്യയുമാണ്  താമസിക്കുന്നത്… ഏതായാലും വിദ്യ വീട്ടിൽ  ഉള്ളത് കൊണ്ട് അമ്മ പെട്ടെന്നു പോയി… ഇവർക്ക് ആർക്കും ഒന്നുമറിയാത്തത് കൊണ്ട് ഞാൻ രക്ഷപെട്ടു…പെട്ടെന്നു എല്ലാം മറക്കുന്നത് എന്റെ ഒരു രീതി ആയതു കൊണ്ട് ഞാൻ പെട്ടെന്നു തന്നെ അവിടുത്തെ അന്തരീക്ഷമായി പൊരുത്തപ്പെട്ടു..

പക്ഷെ ആ തെണ്ടി സുനി പറഞ്ഞത് പോലെ തന്നെ പണി പറ്റിച്ചു കളഞ്ഞു.3 ദിവസം കഴിയുന്നതിനു മുന്നേ അമ്മേം ദിവ്യയും രാവിലെ തന്നെ ഇവിടെ  വന്നിരിക്കുന്നു  എന്താണ് കാര്യം എന്നറിയാതെ ഞാൻ അവളെ നോക്കിയപ്പോൾ അവൾ  എന്നെ നോക്കി ചിരിച്ചു.. ഒരു 10 മിനുട്ട് കഴിഞ്ഞു ദിവ്യയും അമ്മയുടെ അനിയൻ വിനു ചാച്ചന്റെ  ഭാര്യ നിമ്മി ആന്റിയും കൂടെ പുതിയൊരു ചുരിദാറും ലെഗ്ഗിങ്‌സും കൊണ്ട് വന്നിട്ട് എന്നോട് ഉടുക്കാൻ ആവശ്യപ്പെട്ടു.. കാര്യം എന്താണെന്നു എനിക്ക് മനസിലായി തുടങ്ങി ഇതൊരു പെണ്ണ് കാണൽ ആണ്… ഞാൻ നിമ്മി ആന്റിയെ ദയനീയമായി ഒന്നു നോക്കി എന്നിട്ടു പറഞ്ഞു ” 20 വയസ്സ് കഴിഞ്ഞല്ലേ ഉളളൂ ഇപ്പോഴേ എന്നെകൊണ്ട് പറ്റില്ല “

Leave a Reply

Your email address will not be published. Required fields are marked *