“എന്റെ ഗിരിജേ ,
നിന്നെ ഇങ്ങനെ വിളിക്കുന്നത് തെറ്റാണെന്ന് എനിക്കറിയാം.നീ ഇന്ന് മറ്റൊരാളുടേതാണ്.എങ്കിലുംപറയട്ടെ.നിന്നോട് എനിക്ക് പ്രണയമായിരുന്നു എന്ന് പറഞ്ഞത് നീ വിശ്വസിച്ചിട്ടുണ്ടാവില്ല.പക്ഷേ അതാണ് സത്യം. മനസ്സിൽ ആണെന്ന ബോധം വെച്ച കാലം മുതൽ നിന്നെ ഞാൻ സ്നേഹിച്ചിരുന്നു. പക്ഷെ പെൺകുട്ടികളോട് മിണ്ടാതായി തുടങ്ങിയപ്പോൾ ഞാൻ നിന്നോടും മിണ്ടാതായി. അന്നാല്‍ അക്കാലത്തും നിന്നെ മാത്രം ഞാൻ മനസ്സിൽ കൊണ്ട് നടന്നു.എത്രയോ തവണ നിന്നോടത് തുറന്നു പറയണമെന്ന് ഞാൻ കരുതി. പക്ഷെ എനിക്കതിനു കഴിഞ്ഞില്ല.
നമ്മുടെ എസ് എസ് എൽ സി ഗ്രൂപ്പ് ഫോട്ടോ ഞാൻ ഇപ്പോഴും സൂക്ഷിച്ചു വെക്കുന്നത് അതിൽ നീ ഉള്ളതുകൊണ്ട് മാത്രമാണ്.നിനക്കെന്നെ ഇഷ്ടമായിരുന്നോ? ആയിരുന്നെങ്കിൽ എനിക്കൊരു മറുപടി തരണം. പിന്നെ ഈ കത്ത് തന്നത് ഇഷ്ടമായില്ലെങ്കിൽ മറ്റാരോടും പറയരുത്. എനിക്ക് തിരിച്ചു തന്നേക്കൂ. എന്ന്, നിന്റെ വിനയൻ.
വൈകുന്നേരം പുറത്തിറങ്ങുമ്പോൾ അവൻ അവരുടെ വീട് വഴി പോയി. ഗിരിജയും കുഞ്ഞും കോണിപ്പടിയിൽ ഉണ്ടായിരുന്നു.അവൻ കത്ത് ഗിരിജാക്കു കൊടുത്തു.
“ഇതെന്താ?”
“എനിക്ക് പറയാനുള്ള കുറച്ച് കാര്യങ്ങളാ .നീ വായിച്ചു നോക്കി മറുപടി തരണം.നാളെ രാവിലെ ഞാൻ ഇത് വഴി വരുന്നുണ്ട്.”
“എനിക്ക് പേടിയാവുന്നുണ്ടെ ” കത്ത് വാങ്ങി കൊണ്ട് ഗിരിജ പറഞ്ഞു.
“പേടിക്കാനൊന്നും ഇല്ല” അതും പറഞ്ഞ് വിനയൻ നടന്നു മറഞ്ഞു.
വിനയന്റെ കത്ത് വായിച്ച അവൾ വല്ലാതെ പരിഭ്രാന്തയായി. ഇത്തരം ഒരു കത്ത് കിട്ടാൻ അവൾ കൊതിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ സ്കൂളിൽ മറ്റുള്ളവരുടെ മുന്നിൽ വെച്ച് വിനയൻ തന്നോട് ഒരു വാക്കെങ്കിലും മിണ്ടാൻ അവൾ കൊതിച്ചിരുന്നു. വിനയൻ വീട്ടിൽ ഇങ്ങനെയല്ലെന്നും തന്റെ വീട്ടിൽ വരാറുണ്ടെന്നും വന്നാൽ ഒരുപാടു സംസാരിക്കാറുണ്ടെന്നും ഒക്കെ അവൾ കൂട്ടുകാരികളോട് വെറുതെ പറയും. വിനയന്റെ പേര് ചേർത്ത് അവർ കളിയാക്കുമ്പോൾ പുറത്തു ദേഷ്യപെടുമെങ്കിലും ഉള്ളാലെ അവൾക്കത് ഇഷ്ടമായിരുന്നു.
രാത്രി എല്ലാവരും ഉറക്കമായി ശേഷം അവൾ വിനയന് ഒരു മറുപടി എഴുതി.
“വിനയാ ,
എനിക്ക് നിന്നെയും ഒരു പാട് ഇഷ്ടമായിരുന്നു.നിന്റെ ഒരു വാക്ക് കേൾക്കാൻ ഞാൻ കൊതിച്ചിരുന്ന ദിവസങ്ങളുണ്ട്. നിന്നെ സപ്നം കണ്ടിറങ്ങിയ രാവുകൾ. പക്ഷെ നീ എന്നെ കണ്ടതായേ നടിച്ചില്ല. നിന്റെ ഇഷ്ടം നീ അന്ന് തുറന്നു പറഞ്ഞിരുന്നെങ്കിൽ.ഇനിയിപ്പോ എന്ത് ചെയ്യാനാണ്.?”