അനന്തികയും ഞാനും കെട്ടിപിടിച്ചു കിടക്കയായിരുന്നു. ഇനി ആലോചിച്ചിട്ട് കാര്യമില്ല. പെട്ടന്നാണ് വാട്സാപ്പിൽ സ്റ്റോറി എന്നൊരു സംഭവം ഉണ്ടല്ലോ, ഒന്ന് നോക്കിക്കളയാം എന്ന് വെച്ചത്.
ഹാവൂ!!! അമീറിന്റെ പേരും ഒപ്പം വട്ടത്തിൽ പച്ചനിറവും! മനസിലൊരു മഞ്ഞുകണം പെയ്യുന്ന നേരം നെഞ്ചിടിപ്പ് കൂടി. കവിളൊന്നു തുടച്ചുകൊണ്ട് ഞാൻ അതിൽ തൊട്ടു!
ഇതെവിടെ???? ഗോവയോ? ഇവനെപ്പോ ഗോവ പോയി. പറഞ്ഞില്ല! അല്ല എന്നോട് പറയാനും മാത്രം ഞാനും അവനും തമ്മിലുള്ള ബന്ധമെന്ത്? ഹം! എല്ലാ ഫോട്ടോയും ഞാൻ നോക്കി. അതിലെ ഒരെണ്ണം ഷർട്ട് ഇടാതെയാണ്!! വയറിലെ പാക്കുകൾ ഞാനോരോ എണ്ണമായി എണ്ണി. 6 വരെയെണ്ണി!! അവന്റെ മീശയും താടിയും. പക്ഷെ ആമ്പിള്ളേർ മാത്രമേ കൂടെ ഉള്ളു എന്നറിഞ്ഞപ്പോളാണ് ഒരാശ്വാസം കിട്ടിയത്. അവന്റെ കൂടെ ഒത്തിരി സുന്ദരികളൊക്കെ പഠിക്കുന്നതല്ലെ, എങ്ങാനും…..
എന്തോ ഉറക്കം വരാത്തത് കൊണ്ട് ഒന്നുടെ ഞാനാ സ്റ്റാറ്റസ് നോക്കാനായി മൊബൈൽ വീണ്ടുമെടുത്തു. ഒന്നുടെ നോക്കി. മനസിന് ഇഷ്ടമുള്ളത് കാണുക കേൾക്കുക എന്നുള്ള ആഗ്രഹം മാത്രം കൊണ്ട് നടക്കുന്ന എനിക്ക് ഇങ്ങനെയൊരു വട്ട് എന്തിനാണ് എന്നറിയില്ല. ഒരു പട്ടുനൂൽ കൊണ്ടുണ്ടാക്കിയ പ്രേമം പോലെ…
അയ്യോ! പ്രേമം ഒന്നും ആവില്ല. ചുമ്മാ ഒരു അഫക്ഷൻ! അഫക്ഷൻ ആണോ അനുരാഗമാണോ? ഛീ കിടന്നുറങ്ങടീ പോത്തേ!!
അനന്തിക വിളിച്ചപ്പോളാണ് ഞാനെണീറ്റത്. വൈകിയിരിക്കുന്നു. ബെഡിൽ നിന്നും വേഗമോടി, അടുക്കളയിലേക്ക് ചെന്ന് ജോലികൾ തീർത്തു. പെട്ടന്നൊരു കുളിയും കഴിഞ്ഞു ഹാൻഡ്ബാഗുമെടുത്തു, ബസിനായി ഞാനോടി.
ഇടക്ക് വാട്സാപ്പിൽ പുതിയ സ്റ്റാറ്റസ് വല്ലതുമുണ്ടോ എന്ന് ഞാൻ നോക്കാൻ മറന്നില്ല. ബെഡിൽ കിടക്കുന്ന അപ്പൂപ്പന് ഇൻജെക്ഷൻ കൊടുക്കുന്ന നേരം, അപ്പൂപ്പന്നെ വേദനിപ്പിക്കാതെ ഇൻജെക്ഷൻ എടുക്കാൻ ഞാൻ ശ്രദ്ധിച്ചു.
ഉച്ചയൂണ് കഴിഞ്ഞു, വിമലയുടെ കുട്ടിക്ക് ഒരു ഡ്രസ്സ് എടുക്കാനായി ഞാനും അവളും കൂടെ ഹോസ്പിറ്റലിന്റെ എതിരെയുള്ള ടെക്സ്റ്റൈൽ ഷോപ്പിലേക്ക് ചെന്നു. തിരിച്ചു ഇറങ്ങുമ്പോൾ അമീറിന്റെ ബൈക്ക് പോലെ ഒരെണ്ണം മുന്നിൽ പാർക്ക് ചെയ്തത് കണ്ടതും എനിക്ക് കാരണമില്ലാതെ ഒരു ചിരി വന്നു. വിമല എന്തെ എന്ന് ചോദിച്ചതും ഞാനൊന്നും മിണ്ടിയില്ല. പക്ഷെ ആ പ്രാന്തി എങ്ങനെയോ കണ്ടുപിടിച്ചു. ചോദ്യം ഇങ്ങനെയാണ്. “വസുധ, അന്ന് നമ്മളെ ഫോളോ ചെയ്ത പയ്യന്റെ പോലെയുള്ള ബൈക്ക് അല്ലെ തുണിയെടുത്തിട്ട് ഇറങ്ങുമ്പോ കണ്ടത്?”