ശ്യാം സാറ് ഞങ്ങളെ വിളിച്ചപ്പോഴാണ് ഞങ്ങൾ ആ സ്വർഗ്ഗ തുല്യമായ കാഴ്ചയുടെ ബ്രഹ്മത്തിൽ നിന്നും തിരിച്ചു സ്വബോധത്തിലേക്കു വന്നത്, ഞാൻ മനസ്സിൽ കരുതി, ജീവിക്കയാണെങ്കിൽ ഇങ്ങനെ ജീവിക്കണം, എന്തൊരു ആഡംബരമായ ജീവിതം!! അതോടൊപ്പം ഞാൻ മനസുകൊണ്ട് പ്രാർത്ഥിച്ചു പോയി , എങ്ങനെയെങ്കിലും ജസ്‌ന അയാളെ അവളുടെ കൈക്കുള്ളിൽ ആക്കിയെങ്കിൽ, ഇത്രയൊന്നും ഇല്ലെങ്കിലും ഇതിന്റെ പകുതിയോളം വരുന്ന സുഖ ജീവിതം എനിക്കും ആസ്വദിക്കാൻ കഴിഞ്ഞേനെ !!
ശ്യാം സാറിന്റെ തുടർച്ചയായുള്ള ബെല്ലടിയുടെ ഫലമായി അവിടുത്തെ വേലക്കാരൻ എന്ന് തോന്നിക്കുന്ന ഒരാൾ കതകു തുറന്നു ഞങ്ങളെ വീടിനകത്തേക്ക് ആനയിച്ചു, സത്യം പറയണമല്ലോ , വീടിന്റെ അകം ഒരുക്കിയിരിക്കുന്നത് കണ്ടാൽ ഏതൊരു സാധാരണക്കാരനും ഒന്ന് അന്തം വിട്ടു നോക്കി നിന്നു പോകും, അത്രയ്ക്കും മനോഹരമായിരുന്നു ആ കാഴ്ച, മുകളിൽ തൂങ്ങി കിടക്കുന്ന ഹിന്ദി സിനിമകളിൽ മാത്രം കണ്ടു പരിചയമുള്ള ആ ഷാൻഡ്ലിയാരിന്റെ ഭംഗിയും വലുപ്പവും മാത്രം കണ്ടാൽ മതി ആ വീട്ടുടമയുടെ ആസ്തിയെ കുറിച്ച് ഒരു ധാരണ കിട്ടാൻ.
ഞങ്ങളോട് അവിടെയുള്ള സോഫകളിൽ ഇരിക്കാൻ താഴ്മയോടെ അപേക്ഷിച്ചു കൊണ്ട്, ഞാൻ സാബിനെ വിളിക്കാം എന്നും പറഞ്ഞു അയാള് അവിടെ നിന്നും പോയി.
ഏകദേശം പതിനഞ്ചു മിനിറ്റോളം കഴിഞ്ഞാണ് അരവിന്ദ് സാറ് മുകളിലെ നിലയിൽ നിന്നും പടികളിറങ്ങി ഞങ്ങളുടെ അടുത്തേക് വന്നത്, അയാള് ഞങ്ങളുടെ അടുത്ത് എത്തിയതും, ഞാനും ജസ്‌നയും ബഹുമാന സൂചകം എഴുന്നേറ്റു നിന്നു, ആരായാലും എഴുന്നേറ്റു നിന്നു പോകും, അത്രയ്ക്കും ആഡിത്യം തോന്നുന്നതായിരുന്നു അയാളുടെ രൂപം!!
എന്റെ മനസ്സിലുണ്ടായിരുന്ന അരവിന്ദ് സാറിനു, പ്രായം ചെന്ന, പക്കാ തമിഴനെന്നു തോന്നിക്കുന്ന ഒരു രൂപമായിരുന്നു, പക്ഷെ ഇങ്ങേരെ നേരിൽ കണ്ടതും, എന്റെ കണക്കു കൂട്ടലുകൾ ആകെ തെറ്റി, ഇത് ഒരു നാൽപതു വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന നല്ല തേജസ്സുള്ള വ്യക്തി, തമിഴനായത് കൊണ്ട് തന്നെ മുറി മലയാളത്തിൽ ഉള്ള സംസാരം കേൾക്കാൻ പ്രത്യേകം രസം തോന്നിയിരുന്നു, ഒത്ത ഉയരവും വണ്ണവുമുള്ള ആരോഗ്യ ദൃഢനായ മനുഷ്യൻ, സംസാരത്തിലോ പെരുമാറ്റത്തിലോ ഒരു കോടീശ്വരൻ ആണെന്നുള്ള യാതൊരു അഹങ്കാരവും ഇല്ല, ആണായ എനിക്ക് പോലും അങ്ങേരെ ഒറ്റ നോട്ടത്തിൽ ഇത്രെയേറെ മതിപ്പു തോന്നിയെങ്കിൽ ഒരു പെണ്ണായ ജസ്നയുടെ കാര്യം എടുത്തു പറയേണ്ടതില്ലല്ലോ, അയാളെ ആശ്ചര്യത്തോടെ, തിളങ്ങുന്ന കണ്ണുകളാൽ നോക്കിക്കൊണ്ടിരിക്കുന്ന ജസ്നയുടെ മുഖത്തു ആ കാര്യം വളരെ വ്യക്തമായിരുന്നു.