കണ്ണന്റെ നെറ്റിയിലെ മുറിവ് കണ്ട് നന്ദൻ ചോദിച്ചു
“എന്ത് പറ്റി കണ്ണാ…നെറ്റി എങ്ങനാ മുറിഞ്ഞത്…വീണോ…”
“അത്…അവൻ മുറ്റത്ത് വീണു, അതാ…”
കണ്ണൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ വൃന്ദ പെട്ടെന്ന് പറഞ്ഞു, പിന്നീട് കൈ കൊണ്ട് അവളുടെ പാട് വീണ കവിൾ മറച്ചു,
“സൂക്ഷിക്കണ്ടേ…”
കണ്ണന്റെ തലയിൽ തലോടിക്കൊണ്ട് നന്ദൻ പറഞ്ഞു. കണ്ണൻ അവനെ നോക്കി പുഞ്ചിരിച്ചു,
“തന്നെക്കണ്ട് എന്റമ്മ ഫ്ലാറ്റായി എന്ന് പറഞ്ഞാ മതീലോ…ഇവിടുന്ന് അങ്ങെത്തുന്ന വരെ തന്നെക്കുറിച്ചായിരുന്നു സംസാരം…അങ്ങനെ ആക്കാര്യത്തിൽ ഒരു തീരുമാനമായി…”
നന്ദൻ അവരോടൊപ്പം കാവിലേക്ക് നടന്നുകൊണ്ട് പറഞ്ഞു,
വൃന്ദ ഒന്നും മിണ്ടിയില്ല,
“താനെന്താ ഒന്നും മിണ്ടാത്തെ…?”
വൃന്ദ ഒന്നും മിണ്ടാതെ തലകുനിച്ച് നടക്കുന്നതുകണ്ട് നന്ദൻ ചോദിച്ചു.
വൃന്ദ നിന്നിട്ട് പേടിയോടെ ചുറ്റുപാടും നോക്കി
“പ്ലീസ്…നന്ദേട്ടാ എന്റൊപ്പം നടക്കരുത്, മാത്രമല്ല നന്ദേട്ടനെ അങ്ങനെ കാണാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്, നന്ദേട്ടൻ നന്ദേട്ടന്റെ അമ്മയോടും പറഞ്ഞു മനസ്സിലാക്കണം, നല്ലൊരു അമ്മയാണ് നന്ദേട്ടന്റെ…”
വൃന്ദ ഒരുനിമിഷം നിന്ന് ഇത് പറഞ്ഞിട്ട് വീണ്ടും മുന്നോട്ട് നടന്നു.
പെട്ടെന്ന് വൃന്ദ അങ്ങനെ പറഞ്ഞതിൽ ഒരമ്പരപ്പായിരുന്നു നന്ദന് പെട്ടെന്ന് അന്താളിപ്പ് മാറി നന്ദൻ വൃന്ദയുടെ വഴി തടഞ്ഞു നിന്നു,
“ഈ പറഞ്ഞത് എനിക്ക് മനസ്സിലായില്ല, അതൊന്ന് വ്യക്തമാക്കിയാ കൊള്ളാം…”
“എനിക്ക് കൂടുതലൊന്നും പറയാനില്ല നന്ദേട്ടൻ ഇക്കാര്യവും പറഞ്ഞ് എന്റൊപ്പം നടക്കരുത്…”
വൃന്ദയുടെ കണ്ണുകൾ നിറഞ്ഞു, വൃന്ദ പെട്ടെന്ന് മുന്നോട്ട് നടന്നു.
“എന്നെ ഇഷ്ടപെടാത്തതിന്റെ കാര്യം ഇതുവരെ താൻ പറഞ്ഞിട്ടില്ല അതറിയുന്നവരെ ഈ ആലോചന മുന്നോട്ട് പോകും,”
നന്ദൻ പുറകിൽനിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു.
••❀••
വൃന്ദ കാവിൽ വിളക്ക് കൊളുത്തി കൈകൂപ്പി പ്രാർത്ഥിച്ചു, അവളുടെ കണ്ണുകളിൽനിന്നും കണ്ണുനീർ തൊഴുത്തുനിൽക്കുന്ന കൈകളിലേക്ക് വീഴുന്നുണ്ടായിരുന്നു,
“അമ്മേ… എന്തിനാ അമ്മേ ഞങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നേ…പപ്പേടേം അമ്മേടേം കൂടെ ഞങ്ങളെക്കൂടി കൊണ്ട് പൊയ്ക്കൂടയിരുന്നോ, എന്നേലും ഒരു നല്ലകാലം വരുമെന്ന് വിചാരിച്ചിരുന്നു, ഒരുനേരമെങ്കിലും എന്റെ കണ്ണന് വയറുനിറച്ചു ആഹാരം കൊടുക്കണമെന്നേ എനിക്കുള്ളു അതിനെങ്കിലും കഴിയണേ അമ്മേ….”
“മോളേ…”
കാവിന് പുറത്തുനിന്നും ഒരു വിളി കേട്ട് പ്രാർത്ഥിക്കുകയായിരുന്ന കണ്ണനും വൃന്ദയും തിരിഞ്ഞുനോക്കി, കാവിന് വെളിയിൽ ഒരു കൈനോട്ടക്കാരി നിൽക്കുന്നു, ഒരു നാൽപതിനുമുകളിൽ പ്രായം കാണും,