വീണ വീഴ്ചയിൽ കണ്ണന്റെ നെറ്റി ഭിത്തിയിൽ ഇടിച്ചു ചോര വന്നു, കണ്ണൻ എന്നിട്ടും പോരുകോഴിയേപോലെ അവളെ നോക്കി…
“നീ നന്ദേട്ടനോട് സുഖമായിട്ട് ജീവിക്കാമെന്ന് വിചാരിക്കണ്ടടി, എനിക്ക് ജീവനുണ്ടേ ഞാനത് സമ്മതിക്കൂല്ല…ഒന്നൂടെ നീയറിഞ്ഞോ നന്ദേട്ടൻ കല്യാണം കഴിക്കുന്നുണ്ടേ അതീ എന്നെയായിരിക്കും…”
ശില്പ ദേഷ്യത്തോടെ പറഞ്ഞുനിർത്തിയിട്ട് കണ്ണനെ നോക്കി തുടർന്നു,
“നീ സന്തോഷിക്കണ്ടടാ…നെനക്കുള്ളത് അച്ഛൻ വരട്ടെ ഇന്ന്…”
പറഞ്ഞിട്ട് ശില്പ ചാടിത്തുള്ളി അകത്തേക്ക് പോയി,
നളിനി ഒരുനിമിഷം നിന്നിട്ട് അവരുടെ അടുത്തേക്ക് വന്ന് കണ്ണന്റെ നെറ്റി പരിശോധിച്ചു പിന്നീട് അകത്തുപോയി ഫസ്റ്റ് എയ്ഡ് ബോക്സ് കൊണ്ടുവന്നു ലതയെ ഏൽപ്പിച്ചു കണ്ണന് മരുന്ന് വച്ചുകൊടുക്കാൻ പറഞ്ഞിട്ട് അകത്തേക്ക് പോയി.
••❀••
“തലതെറിച്ചതുങ്ങള്… ഈ കുട്ടികളെ കൊല്ലാറാക്കി, അഹങ്കാരം തലക്ക് പിടിച്ചാ എന്താ ചെയ്യുന്നേ…എന്റെ മോളെങ്ങാനം ആയിരുന്നേ തല്ലിക്കൊന്ന് വാഴയ്ക്ക് വളം ഇട്ടേനെ…”
കണ്ണന്റെ നെറ്റിയിലെ മുറുവിൽ മരുന്ന് വച്ചുകൊണ്ട് ലത ദേഷ്യത്തോടെ പറഞ്ഞു,
“മോക്ക് ഞാനിത്തിരി എല അരച്ചിട്ടു തരട്ടെ…ഇല്ലേ നാളത്തേക്ക് മോഖത്തു നീരുവയ്ക്കും…”
അടുത്തിരുന്ന വൃന്ദയുടെ കവിളിൽ നിലിച്ചു കിടക്കുന്ന മൂന്ന് വിരൽപാടിൽ നോക്കിക്കൊണ്ട് ലത പറഞ്ഞു,
“വേണ്ട ചേച്ചി എനിക്കൊന്നൂല്ല…വേണേൽ ഞാനരാച്ചിട്ടൊളാം…”
വിഷമത്തോടെ കണ്ണനെ നോക്കിക്കൊണ്ട് പറഞ്ഞു.
ലത അവളെ അലിവോടെ നോക്കി
“മോക്ക് ഇഷ്ടാണോ ആ കൊച്ചനെ….നല്ല ചേർച്ചയാ നിങ്ങൾ…മോള് വേറൊന്നും ആലോചിക്കേണ്ട എങ്ങനേലും കണ്ണനേം കൊണ്ട് ഈ നരകത്തീന്ന് രക്ഷപ്പെടാൻ നോക്ക്…”
ലത അലിവോടെ പറഞ്ഞു,
വൃന്ദ വെറുതെ പുഞ്ചിരിച്ചതേയുള്ളൂ.
••❀••
വൈകിട്ട് കാവിലേക്ക് പോകുന്നവഴിയിൽ വൃന്ദയെ കാത്തു നിൽക്കുന്ന പോലെ നന്ദൻ നിൽപ്പുണ്ടായിരുന്നു. അവരെ കണ്ട് നന്ദൻ വൃന്ദയെകണ്ണെടുക്കാതെ നോക്കി നിന്നു,
പച്ച നിറത്തിൽ വെളുത്ത പൂക്കളുള്ള പാവാടയും ബ്ലൗസും, സമൃദ്ധമായ ചുരുണ്ട അരയ്ക്ക് താഴെ വരെയെത്തുന്ന മുടി തുമ്പുകെട്ടിയിട്ടിട്ടുണ്ട്, കാതിൽ ഒരു കറുത്ത പ്ലാസ്റ്റിക് സ്റ്റഡ് കഴുത്തിൽ നൂലുപോലെ ഒരു സ്വർണമാല കയ്യിൽ രണ്ട് മൂന്ന് കുപ്പിവളകൾ വലിയ കണ്ണുകളിൽ കണ്മഷി വരച്ചിട്ടുണ്ട് നല്ല ആകൃതിയോത്ത മുഖവും മൂക്കും, ചോര തുളുമ്പുന്ന മാതിരി ചുണ്ട്, വേറെ മേക്കപ്പ് ഒന്നുമില്ലാതെ തന്നെ ഒരപ്സരസിനെ പോലെ തോന്നിച്ചു, ഇതാണ് ഗ്രാമീണ സൗന്ദര്യം നന്ദൻ അവളെ നോക്കിക്കൊണ്ട് ഓർമിച്ചു, ഇത്രേം സൗന്ദര്യമുള്ള ഒരു പെൺകുട്ടി ഈ നാട്ടിലെവിടെലും ഉണ്ടോന്ന് സംശയമാ, അപ്പോഴേക്കും അവർ അവനടുത്തെത്തിയിരുന്നു,