എല്ലാരും കൗതുകത്തോടെ വീടിനകമൊക്കെ നോക്കുന്നുണ്ട്,
“എല്ലാരും ഇരിക്ക് കേട്ടോ…ഞാൻ സാബുവേട്ടനെ വിളിക്കാം…പുള്ളിക്കാരൻ കുളിക്ക്യാ…”
ശ്യാമ എല്ലാരോടും പറഞ്ഞിട്ട് അകത്തേക്ക് പോയി,
തലകുനിച്ചിരുന്ന നളിനിയെ രാജേന്ദ്രൻ ഗൗരവത്തിൽ നോക്കി,
“ഇവിടെവന്നു വേഷംകെട്ട് കാണിക്കാനാണ് ഉദ്ദേശമെങ്കി, ഞാനിപ്പോഴേ പറഞ്ഞേക്കാം ആ പെണ്ണും ചെറുക്കനും പിന്നെ ജീവനോടെ ഉണ്ടാകില്ല…”
അതിന് നളിനി ദേഷ്യത്തോടെയുള്ള ഒരു നോട്ടമായിരുന്നു മറുപടി
“ദേ, അമ്മാ…എന്റേം നന്ദേട്ടന്റേം കല്യാണം നടന്നില്ലെങ്കി സത്യമായിട്ടും ഞാൻ ജീവിച്ചിരിക്കില്ല, ഇത് അമ്മേടെ കാവിലമ്മേനെക്കൊണ്ടാ ഞാൻ സത്യം ചെയ്യുന്നേ…”
ശില്പ നളിനിയുടെ മുഖത്തുനോക്കി ഗൗരവത്തിൽ പറഞ്ഞു,
അതുകേട്ട് നളിനി അവളുടെ മുഖത്തുനോക്കി പുച്ഛിച്ചു ചിരിച്ച് എന്തോ പറയാൻ തുടങ്ങിയപ്പോൾ, അകത്തുനിന്നും സാബു അവരുടെ അടുത്തേക്ക് വന്നു.
“രാജേട്ടാ… നിങ്ങളെന്താ ഒരു വാക്കുപോലും വിളിച്ചു പറയാതെ വന്നേ…”
സാബു ചിരിച്ചുകൊണ്ട് പറഞ്ഞു,
“ഒരു നല്ല കാര്യമല്ലേ സാബു, വച്ചു താമസിക്കേണ്ട എന്ന് വിചാരിച്ചു…”
രാജേന്ദ്രൻ സാബുവിനോട് പറഞ്ഞു, പിന്നീട് സാബു നളിനിയോടും ശില്പയോടും വിശേഷങ്ങൾ തിരക്കി,
“അപ്പൊ…സാബു നമുക്ക് കാര്യത്തിലേക്ക് കടന്നാലോ…?”
രാജേന്ദ്രൻ ചിരിച്ചുകൊണ്ട് ചോദിച്ചു…
“അത് രാജേട്ടാ…ദേവടത്ത് വന്നു പെണ്ണുചോദിക്ക്യാ എന്ന് പറഞ്ഞാൽ…ഞങ്ങൾക്കത്തിനുള്ള അർഹതയില്ല എന്നറിയാം…എങ്കിലും നന്ദൻ ഞങ്ങൾക്ക് ഒറ്റ മോനാ…അവനിന്നുവരെ ഒന്നും ഞങ്ങളോടാവശ്യപ്പെട്ടിട്ടില്ല അവന് അവിടുത്തെ കുട്ടിയെ അത്രക്കിഷ്ടാ…അത് ഞങ്ങൾക്ക് മനസ്സിലായി അതാ ഈ പ്രപ്പോസലുമായി വന്നത്…ആ കുട്ടിയെ ഞങ്ങൾ സ്വന്തം മോളേ പോലെ നോക്കിക്കോളാം അവൾക്ക് ഒരു കുറവും വരാതെ ഞങ്ങൾ നോക്കിക്കൊള്ളാം”
സാബു പ്രതീക്ഷയോടെ രാജേന്ദ്രനെ നോക്കിക്കൊണ്ട് പറഞ്ഞു
രാജേന്ദ്രൻ അതുകേട്ട് ചിരിയോടെ പറഞ്ഞു
“തറവാട്ടിമഹിമയോന്നും ഇപ്പോഴത്തെ കാലത്ത് ഞങ്ങൾ നോക്കുന്നില്ല സാബു, ഉണ്ണിയും ദേ ഈ ഇരിക്കുന്ന എന്റെ മോളും എനിക്ക് ഒരേപോലെയാണ്.., അവളുടെ അച്ഛനും അമ്മയും മരിച്ചു പോയ വിഷമം പോലും അറിയിക്കാതെയാണ് ഞങ്ങൾ വളർത്തുന്നത് അതുകൊണ്ട് അവളെ വിവാഹം കഴിക്കുന്ന ആൾക്ക് നല്ല സ്വഭാവവും നല്ല ഒരു കുടുംബവും ഉണ്ടോ എന്നെ ഞങ്ങൾ നോക്കുന്നുള്ളു, ആക്കാര്യത്തിൽ ഈ ബന്ധം അവൾക്കൊരു ഭാഗ്യം തന്നെയാണ്…”
അതുകേട്ട് സാബുവിന്റെ മുഖം തെളിഞ്ഞു, അപ്പോഴേക്കും ചായയുമായി ശ്യാമ അവിടേക്ക് വന്നു, ചായ ടിപൊയിൽ വച്ചിട്ട് ശ്യാമ പുറകിലേക്ക് മാറി നിന്നു…