“ക്ര്ര്ർ” അച്ഛൻ കസാലയിൽ നിന്നും എഴുന്നേൽക്കുന്ന ശബ്ദം കേട്ടു… ഇനി അവിടെ നിന്നാൽ ശെരിയാവില്ല എന്ന് മനസ്സിലായ ഞാൻ പടിഞ്ഞാറേ വശം വഴി മുറ്റത്തു ചാടി.
അച്ഛൻ നല്ല ഫോമിലാണ്, ആ മുതുക്കൻ നായര് കൊണ്ട് കൊടുത്തു കുടിപ്പിച്ചതാവും. അങ്ങേർക്കു കൈമടക്ക് കിട്ടാൻ വേറെ മാർഗം ഒന്നും ഇപ്പോൾ ഇല്ലല്ലോ.. മകൾ ഉണ്ടായിരുന്നപ്പോ അവളുടെ അരക്കെട്ടു കൊണ്ട് അയാൾ എന്തായിരുന്നു വിലസ്സു! പോളിസ്റ്റർ ലുങ്കിയും, റോത്തമൻസ് സിഗരറ്റും, നിഡോ പാൽപ്പൊടിയും… അവസാനം ആ പാവം കൊച്ചു അന്യ നാട്ടിൽ ഏതോ അറബിയുടെ കൈക്കു തീർന്നു.. ഗദ്ദാമ ആണ് അങ്ങനെ ആണ് ഇങ്ങനെ ആണ് എന്ന് സകലതും ഗൾഫിൽ നിന്നും വന്ന അസീം ഇക്ക പറഞ്ഞു മനസ്സിലാക്കാൻ നോക്കിയിട്ടും അത്യാഗ്രഹം കാരണം അയാള് നിർബന്ധിച്ചു വിട്ടു..
അതിമോഹം കാരണം നഷ്ടപ്പെട്ടത് സ്വന്തം മകളെ. അതോടെ അങ്ങേരുടെ പിരിയും വെട്ടി… ഫുൾ ടൈം , ‘ഊ, ഊ’ മോന്തല് മാത്രം.
ആയിടയ്ക്കാണ് വാഴക്കുല കച്ചവടത്തിന് ഒരു തിരുവനന്തുപുരത്തുകാരൻ നസ്രാണി വന്നു പെട്ടത്. പതിഞ്ഞ സ്വരത്തിൽ സംസാരിച്ചിരുന്ന, എപ്പോളും മുഖത്ത് ഒരു പുഞ്ചിരി ഉള്ള, അയാളെ എന്തൊക്കെയോ അറിയാത്ത കാരണങ്ങൾ കൊണ്ട് എല്ലാര്ക്കും വെല്യ ഇഷ്ടമാരുന്നു. കച്ചവടത്തിൽ കള്ളത്തരം കാണിക്കാത്തത് കൊണ്ട് അയാള് സ്വസ്ഥമായി ജീവിച്ചു പോന്നു. അയാളുടെ എർത് ആയിട്ട് ഈ നായര് കൂടി പറ്റി. അയാളെ കൊണ്ട് നടന്നു കുടിപ്പിച്ചു അയാൾ നേരും നെറിയും കളയാതെ കഷ്ടപ്പെട്ട് സമ്പാദിച്ച കാശെല്ലാം കാലിയാക്കി. പാവം അച്ചായൻ ന്യൂമോണിയ വന്നു മരിച്ചപ്പോൾ, അങ്ങേർക്കു മിച്ചം സമ്പാദ്യം ഉണ്ടാരുന്നത് പ്രീഡിഗ്രി കഴിഞ്ഞു രണ്ടു വർഷമായി വീട്ടിൽ ഇരുന്ന ഒരേയൊരു മകളെ കെട്ടിച്ചു വിടാൻ നീക്കി വെച്ചിരുന്ന ഒരു ഫിക്സഡ് ഡിപ്പോസിറ്റ് മാത്രം ആരുന്നു. അങ്ങേരുടെ ഭാര്യ ആന്റി ജീവിക്കാൻ നിവർത്തി ഇല്ലാതെ ആ കാശെടുത്തു ഒരു തയ്യൽക്കട ഇട്ടു. മോളെ കെട്ടിച്ചു വിടാൻ നിവർത്തി ഇല്ലാന്ന് കണ്ടപ്പോ മഠത്തിൽ അയക്കണമെന്ന് വരെ ഓർത്തു. പക്ഷെ ‘മാലാഖ’ തയ്ച്ച ബ്ലൗസ് മേടിക്കാൻ വന്ന കോച്ചുമാളിയേക്കൽ വീട്ടിലെ റോസി ചേച്ചിയുടെ രൂപത്തിൽ വന്നു . ചേച്ചിയ്ക്ക് കൊച്ചിനെ കണ്ട് ഒരുപാടു അങ്ങ് ഇഷ്ടമായി. പിന്നെ പിന്നെ തയ്കാൻ വരുമ്പോൾ കൊച്ചുവർത്തമാനം പറയൽ കൂടുതലും മെറീന മോളോട് ആയി. അധികം വൈകാതെ ഒറ്റ പൈസ പോലും ചിലവിടീക്കാതെ ചേടത്തിയുടെ ഏറ്റവും ഇളയ ആങ്ങളയെ കൊണ്ട് കല്യാണം കഴിപ്പിച്ചു കൊണ്ടുപോയി. കുറച്ചു കഴിഞ്ഞപ്പോ ജോസ്മോൻ അവളെ നഴ്സിംഗ് പഠിക്കാൻ വിട്ടു. മെറീന മോൾ പഠിച്ചു ഇറങ്ങി ഒന്നുരണ്ടു വര്ഷം കഴിഞ്ഞപ്പോൾ അവൾക്കു ഒമാനിൽ ജോലി കിട്ടി. ജോസ്‌മോനും മെറീനാമോളും ഇപ്പോളും അവിടെയാണ്. അന്ന് മാത്യു അച്ചായന്റെ അടക്കം കൂടാൻ കുന്നിന്പുറത്തെ ക്രിസ്ത്യൻ പള്ളിയിൽ ‘ആചാരം ലംഘിച്ചു’ കാണാൻ പോയ അച്ഛനുമായി അയാൾ ലോഹ്യം കൂടി. ഇത്തിൾകണ്ണി അല്ലെ, ഒരു മരം വീണാൽ അടുത്ത മരം തപ്പിയാൽ അല്ലെ നില നില്പുള്ളൂ. ഇളവില പാടത്തെ മുപ്പത്തഞ്ചു സെന്റ് വസ്തു മേടിച്ചു കൊടുക്കാം എന്നും പറഞ്ഞു അയാൾ അച്ഛനെ ചാക്കിലാക്കി.