“ഇറങ്ങിയേക്കുവാ, വെളുപ്പിന് അടയ്ക്കാ കൊണ്ടോവാൻ ലോറിക്കാര് വരും. ചുമക്കാൻ ആള് കുറവാ” അതൊക്കെ പറഞ്ഞോണ്ട് കൊച്ചുമാവിന്റെ അതിലെ അവനൊരു ഓട്ടം.
“എടാ ഇന്നാളിൽ അവടെ അണലിയെ കണ്ടതാ” എന്ന് ഞാൻ വിളിച്ചു പറഞ്ഞപ്പോൾ “അണലിയെക്കാൾ നല്ല പാമ്പു ശേഖരൻകുട്ടീടെ കയ്യിലുണ്ട് കൊച്ചമ്പ്രാ” എന്നും കൂവി അവനൊരു പോക്ക്
ഞാനോരുമാതിരി പൊട്ടൻ പൂരാടം കണ്ട കണക്കെ അവന്റെ ഓട്ടം നോക്കി നിന്നു.
ചാരായം മൂത്തപ്പോ പ്രാന്തായതാവും എന്നും വിചാരിച്ചു ഞാൻ ആ പൊതി കെട്ടിയ വാഴനാര് അഴിച്ചു. അഴിക്കുംതോറും നല്ല സുഗന്ധം. മുഴുവനും പൊളിച്ചപ്പോൾ കുറച്ചു ഭസ്മപ്പൊടി. ആ നിന്ന നില്പിൽ എടുത്തു കുളത്തിൽ എങ്ങാനും എറിയാൻ ആണ് എനിക്ക് അന്നേരം തോന്നിയത്. പെട്ടെന്ന് മനസ്സിൽ ഒരു തോന്നൽ, “ഇനി ഇതെങ്ങാനും ഇവൻ വല്ല ക്ഷേത്രത്തിൽ നിന്നും പൂജിച്ചു കൊണ്ട് വന്നത് ആണെങ്കിലോ? ദൈവദോഷം വരുത്തി വെയ്ക്കണ്ട”
“ഇവനീ പൊതിയിൽ വല്ല നീലച്ചടയനുംകൊണ്ട് തരാരുന്നില്ലേ” എന്നും പിറുപിറത്തോണ്ടു ഞാൻ കിണ്ടി എടുത്തു.. ‘വെല്യ തമ്പ്രാന്റെ’ തുരുമ്പു പിടിച്ച ഓർഡർ അല്ലെ കിണ്ടിയിൽ വെച്ച വെള്ളം കൊണ്ട് ഉപ്പുകുറ്റി തിരുമ്മിയെ അകത്തു കയറാവു എന്ന്. മനുഷ്യൻ ചന്ദ്രനിൽ പോയപ്പോ ദേവേന്ദ്രന്റെ രഥം വന്നു കൊണ്ടുപോയതാണെന്നു തർക്കിച്ച പാർട്ടിയല്ലേ, ഇതല്ല, ഇതിനപ്പുറവും പ്രതീക്ഷിക്കാം.
മുകളിൽ എത്തി കമ്പ്ലീറ്റ് ഡ്രെസ്സും ഊരി തറയിലേക്ക് എറിഞ്ഞു കട്ടിലിലേയ്ക് ഒരു കിടപ്പു കിടന്നു.. “ആഹാ, സ്വർഗം” എന്ന് വിചാരിച്ചു തീർന്നില്ല, കതകിൽ ചെണ്ടമേളം മുഴങ്ങി.
“നാശം പിടിക്കാനെക്കൊണ്ട്” എന്നും പറഞ്ഞു അഴയി കിടന്ന ഒരു കാവിമുണ്ടു വലിച്ചു ചുറ്റി കതകു തുറന്നപ്പോ, ചേച്ചി.
“എന്തോന്നാടാ നിനക്കിത്ര ക്ഷീണം? കതകു തുറക്കാൻ വെല്യ താമസം ആണല്ലോ.. അകത്തു വേറെ വല്ല പണിയും ആരുന്നോ?”
ചേച്ചിടെ നാക്കിന്റെ ഒരു മൂർച്ച
” വേറെന്തു പണി ചെയ്യാനാ ചേച്ചി അകത്തു” എന്നും പറഞ്ഞു ഞാൻ പൊട്ടു കളിച്ചു…
“ഹ്മ്മ്മ് …” ഒന്ന് കനത്തിൽ മൂളിക്കൊണ്ടു ചേച്ചി പറഞ്ഞു, “ഇന്നാ കാപ്പി കുടിയ്ക്”