എനിക്ക് ഉത്സാഹം കൂടി.
“കുഞ്ഞിന്റെ കുടുംബക്കാർക് ദൂരത്തു പോകുമ്പോൾ അകമ്പടി പോകുന്ന ഒരു പതിവുണ്ടായിരുന്നു ഞങ്ങളുടെ ഇടയിലെ ചില ആളുകൾക്ക്. ആദ്യ കാലത്തൊക്കെ, മന്ത്രതന്ത്രാദി കാര്യങ്ങൾക്ക് നിങ്ങളുടെ കുടുംബത്തിൽ നിന്നും ദൂരേക്ക് ആരെങ്കിലും ഒക്കെ പോവുകയുള്ളായിരുന്നു. അന്ന് അവര് പറഞ്ഞു തന്ന ചിലതൊക്കെ ഞങ്ങളുടെ ഇടയിലെ ആൾകാർ പഠിച്ചെടുത്തു. പക്ഷെ ഉച്ചാരണ ശുദ്ധി ഇല്ലാതിരുന്നതു കൊണ്ട് വെളിപ്പെട്ടതെല്ലാം ചാത്തനും ചുടലഭദ്രകാളിയും ചാമുണ്ഡിയും ഒക്കെയായിരുന്നു. കാലം കുറച്ചു കഴിഞ്ഞപ്പോൾ നിങ്ങളുടെ കുടുംബക്കാര് മന്ത്രം എല്ലാം അങ്ങ് നിറുത്തി, കുറച്ചു തന്ത്രം ഒക്കെ ആയി അങ്ങ് കൂടി.. ഹ ഹ ഹ. കുഞ്ഞിന് മനസ്സിലായോ എന്തോ?”
ഞാൻ മനസ്സിലായി എന്ന അർത്ഥത്തിൽ പുഞ്ചിരിയോടെ തലയാട്ടി.
“ആ എന്നിട്ടുണ്ടല്ലോ, ഞങ്ങൾ ചില ആൾക്കാര് പൂജയും മന്ത്രവും ഒക്കെ ആയിട്ട് അങ്ങ് കൂടിയപ്പോൾ കുറച്ചു കഴിവുകളൊക്കെ കൂടെ കിട്ടി. അതിലൊന്നായിരുന്നു ദേവിയുടെ കടാക്ഷം. ആരെ കണ്ടാലും അവരെ കുറിച്ച ഉള്ളത് അപ്പോൾ തന്നെ ഭഗവതി മനസ്സിൽ തെളിയിക്കും. കുഞ്ഞിനെ കണ്ടപ്പോൾ ചിലതും മനസ്സിൽ തെളിഞ്ഞു, അതാ ഇപ്പോൾ ഈ പഴങ്കഥ ഒക്കെ പറയാൻ കാര്യം”
മൂപ്പൻ കുപ്പിയിൽ നിന്നും വീണ്ടും അകത്താക്കി. വേറൊരു പൊതിയെടുത്തു മണത്തു നോക്കി. എന്നിട്ടു ശേഖരന്റെ കയ്യിൽ കൊടുത്തു. എന്നിട്ടു കഥ തുടർന്നു
“ഇളനീരിൽ ഭസ്മം ഇട്ടു കൂട്ടാളികളുടെ സഹായത്തോടെ പെങ്കൊച്ചിനെ കുടിപ്പിച്ചപ്പോൾ ചെറുതായി ഒന്നടങ്ങിയ മട്ടായി. നിനക്ക് വേണുന്നത് എന്താണെന്നു വെച്ചാൽ തരാൻ ആണ് ഞാൻ വന്നതെന്നും കിട്ടുന്ന വരേയ്ക്കും അടങ്ങി നിൽക്കണം എന്നും പറഞ്ഞപ്പോൾ പെണ്ണ് പൂച്ചയെ പോലെ അടങ്ങി. പെണ്ണിനെ അകത്തെ മുറിയിലേക്ക് കെട്ടഴിച്ചു കൂട്ടിക്കൊണ്ടു പോകാൻ നിർദ്ദേശം കൊടുത്തു. അവരുടെ കാരണവരോട് എള്ളും പൂവും ഒരു ഉരുളിയിലാക്കി കൊണ്ട് വരാൻ പറഞ്ഞു. അവിടെ ഉള്ളവരെല്ലാം ആദ്യമായി എന്തോ അത്ഭുതം കാണും പോലെ നിൽക്കുകയാണ് കേട്ടോ കുഞ്ഞേ”
ശേഖരൻ പൊതിയഴിച്ചു അതിൽ ഉണ്ടായിരുന്ന ഉണങ്ങിയ ഇലകൾ തരിയായി പൊടിച്ചു പുകയില ചുരുട്ടിൽ നിറയ്ക്കുന്നത് കണ്ടു. സാക്ഷാൽ നീലചടയൻ ആണ് എന്ന് കണ്ടപ്പോൾ എനിക്ക് ഒന്നും കൂടെ ഉത്സാഹമായി.യാതൊരു നിബന്ധനകളും ബന്ധനങ്ങളും ഇല്ലാതെ ജീവിക്കുന്ന അവരെ കണ്ടപ്പോൾ അന്നേരം ഒരുതരം അസൂയ ആണ് തോന്നിയത്. ശേഖരൻ ചുരുട്ട് കത്തിച്ചു രണ്ടു മൂന്നു പുകയെടുത്തിട്ടു മൂപ്പന് കൊടുത്തു. ശേഖരൻ ആർത്തിയോടെ വലിച്ചു കയറ്റിയപ്പോൾ മൂപ്പൻ അത് സാവകാശം ആസ്വദിച്ചാണ് വലിച്ചത്. അൽപ നേരം കണ്ണടച്ച് ഇരുന്ന മൂപ്പൻ ചുരുട്ട് എന്റെ നേരെ നീട്ടി. ഞാനൊന്ന് മടിച്ചു.