“ഞാനൊരു പത്തു പതിനഞ്ചു കൊല്ലം മുൻപേ കാവിൽ ഉറഞ്ഞു കഴിഞ്ഞു കുടിയിലേക്കു പോരാൻ നേരം, തല്ലിയലച്ചു കൊണ്ട് ഒരു സ്ത്രീയും ഭർത്താവും ഓടി വന്നു. അവരുടെ ഒരേയൊരു പെങ്കൊച്ചിനു ബാധ കേറിയിട്ടു പാടില്ല, ആരെ കാണിച്ചിട്ടും ഭേദമില്ലാ, കൈവിടരുത് എന്നൊക്കെ കരഞ്ഞു പറഞ്ഞു. സഹായിക്കാമെന്ന് ഞാനും ഏറ്റു. ”
“ആ കാണുന്ന പാറക്കൂട്ടം കണ്ടില്ലേ, അതിനപ്പുറത്താരുന്നു അവരുടെ തറവാട്. അര ദിവസത്തെ നടത്ത. യോഗ്യരാണ്, വെച്ചാരാധന ഒക്കെയുള്ള കേമപ്പെട്ട തായ്‌വഴിയിലെ ഒരു നായർ തറവാട്…” മൂപ്പൻ വടക്കുള്ള പാറക്കൂട്ടത്തിലേക്കു ചൂണ്ടിക്കൊണ്ട് പറഞ്ഞു.
“ആളെ കണ്ടാലേ ഭഗവതി മനസ്സിൽ പറയും, ദീനമാണോ അഭിനയമാണോ എന്ന്. അത് പണ്ടേയുള്ള ഒരു അനുഗ്രഹമാണ്. അതുകൂടാതെ മറ്റൊരു അനുഗ്രഹവും കിട്ടിയിട്ടുണ്ട് ജന്മനാ. അത് വഴിയേ പറയാം. ചെന്ന് കണ്ടപ്പോൾ നല്ലൊരു സുന്ദരി കുട്ടി. ഇരുപതിന് അടുത്ത് പ്രായമുണ്ട്. നെല്കതിരിന്റെ നിറം. ഉടുത്തിരിക്കുന്ന തുണി പറിച്ചു കളയുന്നത് കാരണം കൈ രണ്ടും പിന്നിലേക്ക് കെട്ടി തൂണിൽ കെട്ടിയിട്ടിരിക്കുകയാണ്. ആദ്യം കണ്ടപ്പോൾ ഭഗവതി ഉള്ളിൽ തെളിഞ്ഞു ചിലതു പറഞ്ഞു തന്നു. അപ്പോൾ തന്നെ വീട്ടുകാരോട് കുറച്ചു ഇളനീര് സംഘടിപ്പിക്കാൻ പറഞ്ഞു. കൂടെ സഹായത്തിനു രണ്ടാളെയും. എല്ലാം ഞൊടിയിടയിൽ എത്തി”
ഞാൻ കൗതുകത്തോടെ കേട്ടിരുന്നു. മൂപ്പൻ അടുത്ത കുപ്പി തുറന്നു കുടിക്കാൻ തുടങ്ങിയപ്പോൾ ശേഖരൻ കല്ലിന്റെ മുകളിൽ ഇരുന്നു പുകയില അരിഞ്ഞു കൂട്ടുന്നു. ചുരുട്ട് ഉണ്ടാക്കാനുള്ള പരിപാടിയാണ്.
“അപ്പോൾ പറഞ്ഞു വന്നത് കേൾക്കുക, എന്താ കുഞ്ഞിന്റെ പേര്?”
“ആദിത്യൻ.. ആദിയെന്നു കൂട്ടുകാരൊക്കെ വിളിക്കും. ഇവൻ മാത്രം എത്ര പറഞ്ഞാലും തംബ്രാ എന്നേ വിളിക്കു..”
“ഹ ഹ ഹ .. അത് കാര്യമാക്കണ്ട കുഞ്ഞേ, നിങ്ങളുടെ ഒക്കെ ഇടയിൽ കുഞ്ഞിനെ പോലെ ഉള്ളവര് കുറവാ, അതിന്റെ സ്നേഹം കൊണ്ട് വിളിക്കുന്നതാ. വെല്യതമ്പ്രാൻ അദ്ദേഹത്തിന് കാർത്തികയും അഷ്ടമിയും ചേർന്ന നാളിൽ ഒരു ആൺകുട്ടി പിറന്നു എന്ന് പറഞ്ഞു കേട്ടപ്പോൾ മുതൽക്കേ ഈ മിടുക്കനെ ഒന്ന് കാണാൻ ഉള്ള ആഗ്രഹം ഉണ്ടായിരുന്നു. ഇത്ര വേഗം സാധിക്കുമെന്ന് കരുതിയില്ല. ഞങ്ങളൊക്കെ പറയുന്നത് കുഞ്ഞിന് വിശ്വാസം വരുമൊന്നു അറിയില്ല. എങ്കിലും പറയാം”