“ഇന്നത്തെ പൂജ കേമം ആയിരുന്നു മൂപ്പാ. ഇടവിരുത്തൽ തുടങ്ങാൻ നേരമായോ എന്തോ ” ശേഖരൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
കാവ് മുഴുവൻ പ്രതിധ്വാനി കൊള്ളിച്ചു മൂപ്പൻ “ഹ.ഹ ഹ ഹ ” എന്ന് അട്ടഹസിച്ചു.
“ഇല്ലാണ്ടെന്താ, പുള്ള എല്ലാം എടുത്തോണ്ട് പോന്നോള്” എന്നും പറഞ്ഞു കല്ലിൽ നിന്നും ഇറങ്ങി പുറത്തേക്കു നടന്നു. ശേഖരൻ കാവിനുള്ളിൽ നിന്നൊരു ഇഞ്ച നാരു തല്ലിയെടുത്തു കുപ്പികളും പുകയിലയും പൊതികളും എല്ലാം ഭദ്രമായി കെട്ടി. തലയിലെ തോർത്ത് അഴിച്ചു എല്ലാം അതിലേക്കു എടുത്തു ഒരു ഭാണ്ഡം പോലെ ചുറ്റി. ഞാൻ ഇതെല്ലാം ആദ്യമായി കാണുന്നത് കൊണ്ട് ഒരു കൊച്ചു കുഞ്ഞിനെ പോലെ നോക്കി നിന്നു.
“വാ തംബ്രാ, ഇന്ന് ഇനി ശേലായിരിക്കും” എന്നും പറഞ്ഞു ശേഖരന്കുട്ടി ഭാണ്ഡം എടുത്തു എന്നെ വിളിച്ചു. അവൻ മുൻപിലും ഞാൻ പിന്നിലുമായി ഞങ്ങൾ കുന്നിന് വഴിയിലൂടെ നടന്നു. അല്പം കഴിഞ്ഞപ്പോൾ ഒരു കണ്ട ഒരു ചെറിയ കുടിലിലേക്ക് ശേഖരന്റെ കൂടെ ഞാനും ചെന്നു. ചാണകം മെഴുകിയ പനയോല മേഞ്ഞൊരു കുടിൽ ആണെങ്കിലും അവിടൊരു പ്രസരിപ്പ് നില നിന്നിരുന്നു. ഇരിക്കാൻ പരമ്പ് മാത്രമേ ഉള്ളു. ഒരു വശത്തു നീട്ടി വിരിച്ചതിൽ മൂപ്പൻ ഇരിക്കുന്നു മറു വശത്തു ഒരെണ്ണം കൂടി വിരിച്ചിരിക്കുന്നു.
“ആ വന്നാട്ടെ.. അല്പം കുലമഹിമ ഉള്ളവർ വരുമ്പോൾ ഇരുത്താൻ ഇവിടെ ഇത് മാത്രമേ ഉള്ളല്ലോ എന്നോർത്ത് വിരിച്ചിട്ടതാണ്. ഇരിക്കുമോ എന്തോ” എന്ന് മൂപ്പൻ അല്പം നാക്കു കുഴഞ്ഞ സ്വരത്തിൽ പറഞ്ഞു.
“കൊച്ചമ്പ്രാൻ നമ്മുടെ സ്വന്തം ആളാണ് മൂപ്പാ. അങ്ങനൊന്നും ഇല്ല”
എന്റെ കുലവും തറവാടും ഒക്കെ മൂപ്പൻ അറിഞ്ഞത് ദിവ്യ ശക്തി കൊണ്ടാണെന്നു ഞാൻ നിനച്ചു. കൂടുതൽ അത്ഭുതങ്ങൾ ഒക്കെ കാണാൻ കഴിയും എന്നോർത്ത് ഒരു ഉത്സാഹം തോന്നി.
ശേഖരൻ ഭാണ്ഡം അഴിച്ചു കുപ്പിയും പുകയിലയും ഇലപ്പൊതികളും എല്ലാം മൂപ്പന്റെ മുൻപിൽ നിരത്തി വെച്ച് മാറി നിന്നു.
ഇരിയ്ക്കു പുള്ളേ, പറയാൻ ഉണ്ടെന്നു പറഞ്ഞപ്പോൾ ശേഖരൻ എന്നെ ഇരിക്കാൻ കണ്ണുകാണിച്ചു. ഞാൻ ഇരുന്നപ്പോൾ ശേഖരൻ അവിടെ മൂലയ്ക്ക് കിടന്ന ഒരു കല്ലെടുത്തു മൂപ്പന്റെ അടുത്ത് മുറ്റത്തു ഇട്ടു കൂനിക്കൂടി ഇരുന്നു. ആ ഇരുപ്പിൽ ഭവ്യതയും ബഹുമാനവും എല്ലാം വ്യെക്തമാണ്. മൂപ്പൻ ഒരു കുപ്പി തുറന്നു മട മടാന്നു ചാരായം അകത്താക്കി. ഒരു ഇലപ്പൊതി മണത്തു നോക്കിയിട്ടു അത് അഴിച്ചു. അതിൽ പുഴമീൻ വറുത്തത് ആയിരുന്നു. അല്പം അകത്താക്കി കൊണ്ട് മൂപ്പൻ എന്തോ ഓർത്തെടുത്തു പറയാൻ തുടങ്ങി