അവളോടുള്ള വൈരാഗ്യവശാൽ സ്വന്തം മകന്റെ ഡെഡ് ബോഡി പോലും അവളെയോ എന്നെയോ കാണിക്കാൻ കൂട്ടാക്കിയില്ല അയാൾ.
സ്ട്രക്ച്ചറിൽ തലയോടെ പുതച്ചു ഒരു വെള്ള തുണിയിൽ പൊതിഞ്ഞ പ്രജ്ഞയറ്റ ശരീരം മാത്രം… അതും ദൂരെ നിന്നും കണ്ടിട്ടാണ് ഞാൻ പോയത്.
അന്ന് രായ്ക്ക് രാമാനം ബാംഗ്ളൂരിൽ നിന്ന് ഫ്‌ളൈറ്റിന് ടിക്കട്ടെടുത്ത ഞാൻ അവളെയും കൊണ്ട് ഞങ്ങളുടെ നാട്ടിലെത്തി.
പിന്നെ നേരെ ഒരു സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിലേക്കാണ് ഞങ്ങൾ പോയത്.
ആഴ്ചകളോളം ആശുപത്രി കിടക്കയിൽ കിടന്ന ദീപുവിനെ അവസാനം തിരികെ വീട്ടിൽ എത്തിച്ചു.
അന്ന് മുതൽ ഇന്ന് വരെ അമ്മച്ചിയുടെ കുത്ത് വാക്കുകൾക്ക് യാതൊരു കുറമുണ്ടായിട്ടില്ല.
അന്നത്തെ ഓരോ ദിവസവും എന്നെ സംബന്ധിച്ചിടത്തോളം ഓരോ യുഗങ്ങളേ പോലായിരുന്നു.
അവളെ ഞാൻ ഈ വീട്ടിൽ തിരികെ കൊണ്ടുവന്നത് മുതൽ അമ്മയുടെ ചില മുന വച്ചുള്ള നോട്ടവും സംസാരവും ഒക്കെ സഹിക്കുന്നത്തിലും അപ്പുറത്തായിരുന്നു.
“”ങാ… നന്നായിട്ടുണ്ട്… സഹിച്ചോ… സഹിച്ചോ… ഇനി അവളുടെ “”പേറെടുക്കാനും””കൂടി ഒരാളെ ഏർപ്പാട് ചെയ്തോ… അതാവുമ്പം ഇരു ചെവി അറിയാതെ കാര്യം കഴിഞ്ഞു കിട്ടും, സൗജന്യമായി നിനക്ക് ഒരു കൊച്ചിനെയും കൂടി കിട്ടുവല്ലോ…!!””
“”നീ ഒറ്റ ഒരുത്തനാ അവളെ ഇത്രയും വഷളാക്കിയത്, എല്ലാറ്റിനും ഓതാശ ചെയ്തു കൊടുത്തിട്ട് ഇപ്പൊ ഒന്നുമറിയാത്തവനെ പോലെ വന്നിട്ട് നിക്കുന്നത് കണ്ടില്ലേ…!?!””
“”ഇനി ആർക്കറിയാം, അവള് ഇതുവരെ നിന്റെ കൂടെയങ്ങാനുമാ പൊറുത്ത്ന്ന്. എന്നിട്ട് കാണുന്നവരുടെ കണ്ണീ പൊടിയിടാൻ നടക്കുവാ…””
“”അമ്മച്ചീ… ഇത്തരത്തിൽ കണ്ണീ ചോരയില്ലാതെ, എനിക്ക് മനസ്സറിവ് പോലുമില്ലാത്ത കാര്യത്തിൽ ഇങ്ങനൊന്നും പറയരുത് കേട്ടോ…!!””
അമ്മച്ചിടെ വർത്തമാനം കേട്ടാൽ തോന്നും അവളെ ഞാനങ്ങാനും തട്ടിക്കൊണ്ടുപോയി പിഴപ്പിച്ച് തിരികെ വീട്ടിൽ കൊണ്ടാക്കിയതാനെന്ന്.
എല്ലാം കേട്ട് സഹിക്കാനും, അനുഭവിക്കാനും ഒക്കെ ഞാൻ എന്ന ഒരു പാഴ് ജന്മം ഇവിടെ ഉള്ളത് കൊണ്ടല്ലേ ഈ കുറ്റപ്പെടുത്തലുകൾ.
പിന്നെ എന്നെ സംബന്ധിച്ച് ഇതൊന്നും വലിയ പുത്തരിയല്ല ഓർമ്മ വച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയ പല്ലവിയാണല്ലോ എന്നോർക്കുമ്പോൾ എല്ലാം നിസ്സാരം. പറയുന്നത് എന്നെ പെറ്റ അമ്മയല്ലേ എന്നോർക്കുമ്പോൾ എന്റെ മനസ്സ് താനേ തണുക്കും.