കുറച്ചു കഴിഞ്ഞിട്ട് പോവാമെന്നമ്മ പറഞ്ഞു. സൈഡിലെ വെയ്റ്റിംഗ് ഏരിയയിൽ സോഫയിൽ ഇരുന്നു. ചില്ലിന്‍റെ ഷെൽഫിനു മുന്നില്‍, ഐസ്ക്രീമുണ്ട്. ഉപ്പിലിട്ട മാങ്ങയും,നെല്ലിക്കയും,തേൻനെല്ലിക്കയുമുണ്ട്. അമ്മയാണ് തുടക്കമിട്ടത്. എന്‍റെ മുന്നിൽ തിന്നു വന്നു നുണപ്പിക്ക. എന്നാലിനിക്ക് വാങ്ങി തരോ? അതില്ല!!. തട്ടിപ്പറിച്ചു വാങ്ങി.ഞാനങ്ങു വായിലേക്ക് കമിഴ്ത്തി.അതുപോയപ്പോ കള്ളദേഷ്യം കാണിച്ച് അടുത്തതെടുക്കാൻ അമ്മ പോയി. ഐസ് ക്രീം നാലഞ്ചെണ്ണം തിന്നു. അതിനിടക്ക് മാങ്ങയും നെല്ലിക്കയും, പരീക്ഷണത്തിന് ഉപ്പിലിട്ട കാന്താരിയും.
ഐസ്ക്രീമിന്‍റെ നുണ തീരാതെ,വീണ്ടുമെടുക്കാന്‍ വേണ്ടി മുളക് കടിച്ചമ്മ കണ്ണുനിറച്ചു. നമ്മളൊക്കെ മണ്ടന്മാര്‍ ആണെന്ന അതിന്‍റെ വിചാരം.വീണ്ടും പോയി എടുത്ത് എന്നെ വന്നു നുണപ്പിച്ചു. എന്തൊരു കളിയാണ് ചെറിയ കുട്ടിയാണോ?.
പുറത്ത് മഴ കൊള്ളാതെ നില്‍ക്കാന്‍വ്വന്ന രണ്ടു,മൂന്നു പെൺകുട്ടികൾ കുറച്ചു നേരമായി ഞങ്ങളെ നോക്കുന്നുണ്ട്..ഞാനതമ്മയോടും പറഞ്ഞു. തള്ളക്കെന്തേലും പ്രശ്നമുണ്ടോ?. ഇറങ്ങി പോയി അവരുടെന്തോ ചോദിക്കുന്നത് കണ്ടു.പിന്നേ അവരെയും കൂട്ടിയൊരു വരവ്.വന്നടുത്തിരുത്തിയിട്ട് അവർക്കും കൊടുത്തു കിട്ടിയതെല്ലാം.ചോദിക്കുന്നുണ്ടായിരുന്നു ഭക്ഷണം കഴിച്ചതാണൊന്നൊക്കെ.എനിക്കണേൽ തിന്ന്,തിന്ന് മതിയായിരുന്നു. പിന്നെ പെട്ടന്നു പെൺകുട്ടികൾ കേറി വന്നാൽ ഞാൻ സൈഡാവുകയും ചെയ്യും.
എന്നാലൊന്നും സംഭവിച്ചില്ല!!. മൂന്നും അമ്മയെപ്പോലെ തൊള്ളയിടുന്ന സാധനങ്ങൾ. ഇവർ ചിരിക്കുന്നത് കേട്ട് എല്ലാരും കൂടെ ഓടി കൂടുമോന്ന് വരെ സംശയമായി. എന്നാലും നല്ല രസായിരുന്നു. മിണ്ടാതെ നിക്കാൻ എനിക്കും പറ്റിയില്ല.
സമയമങ്ങനെ നീങ്ങി. മഴ ചെറുതായി കുറയുന്നവരെ അവിടെയിരുന്നു. ഹോട്ടലുകാരും ഞങ്ങളെ വെറുതെ വിട്ടില്ല അവരുടെ വക നല്ല കട്ടൻചായയും കിട്ടി.പോവാൻ നേരം പെൺകുട്ടികൾ അമ്മയെ കെട്ടി പിടിക്കുന്നത് കണ്ടു. അതങ്ങനെ ഒരു സാധനമാണ് എല്ലാരേയും എത്ര പെട്ടന്നാ കമ്പനിയാക്കാ.ഡോക്ടർ ആണെന്ന് പറഞ്ഞപ്പോ അവർക്കത്ഭുതം. ചിരിച്ചോണ്ട് ടാറ്റാ കാട്ടി അവർ പോയി.
സമയം ആറു മണിയായിരുന്നു. എത്ര നേരമാ ഇവിടെയിരുന്നത്?. അമ്മയുടെ ഫോണിൽ അച്ഛന് വിളിച്ചിട്ടുണ്ട്. അമ്മ വരാമെന്ന് പറയുന്നതും കേട്ടു.
ബില്ലടച്ച് കാറിൽ കേറി. റോട്ടിൽ വെള്ളമൊക്കെ കുറഞ്ഞിരുന്നു.ആകാശം മെല്ലെയിരുട്ടിലേക്ക് തല നീട്ടി തുടങ്ങി.മുന്നിലെ ചില്ലിലുള്ള മഴത്തുള്ളികളിലൂടെ, ആകാശത്തെ ചെറിയ ചുവപ്പ് തിളങ്ങി. സൈഡ് ഗ്ലാസ് താഴ്ത്തിയപ്പോ തണുപ്പുള്ളയൊരു അനുഭൂതിയുടെ ഗന്ധം ഉള്ളിലേക്ക് വന്നു..
“നമുക്കൊന്ന് സംസാരിച്ചാലോ അഭി..? “ഇത്തിരി നേരത്തേ നിശബ്‌ദത അമ്മ തന്നെ മുറിച്ചു. എനിക്കറിയാമായിരുന്നു അമ്മക്ക് അത് പറയാനുണ്ടാവുമെന്ന്.