മിഴി 8 [രാമന്‍]

Posted by

അമ്മ കരച്ചിലേ നിർത്തുന്നില്ല. ഇത്തിരി നേരമായത്. ചെറിയമ്മ ചുമരിനോടിപ്പോ ചാരി നിൽക്കാണ്. അച്ഛനവളെ നോക്കുന്നത് കണ്ടു. ഇപ്പോളൊരു ചോദ്യമുണ്ടാകും ഉറപ്പ്.

“അനുനെന്താ പറയാനുള്ളേ.?” ചാരി നിന്നിരുന്ന ചെറിയമ്മ ആ ചോദ്യം കേട്ടപ്പോഴൊന്ന് തലപൊക്കി. ഞങ്ങളെ മൂന്നു പേരെയും നോക്കിയൊന്ന് ചിരിച്ചു. സന്തോഷത്തിന്‍റെ ചിരിയല്ലെന്നറിയാം, ഉള്ളിൽ കാരയുന്നുണ്ടെന്നൊരു തോന്നൽ.

“ഞാനെന്ത്‌ പറയാനാ കുട്ടേട്ടാ?..ഞാനാരുമല്ലല്ലോ ഇവിടുത്തെ. എനിക്കാരായുള്ളെ.?” അവളൊന്നുകൂടെ ഞങ്ങളെ നോക്കി ചിരിച്ചു. അമ്മയും അച്ഛനും മിണ്ടാൻ കഴിയാതെ തലയിതിരി താഴ്ത്തിയോ?.

“അമ്മയെ കൊന്ന ഞാൻ ജനിച്ചത് തന്നെ, കുറച്ചു കഴിഞ്ഞപ്പോ അച്ഛനും. പിന്നെത്ര കാല ഞാൻ നിങ്ങൾക്ക് ശല്യമായിവിടെ നിന്നേ. നിങ്ങളെന്തേലും എന്നെ പറഞ്ഞോ? ഒരുപാടു സ്നേഹം തന്നു, പഠിപ്പിച്ചു, വേണ്ടതെല്ലാം പറയാതെ തന്നെ വാങ്ങിത്തന്നു.ഡോക്ടർ വരെയാക്കി.അഭിയെ ഞാനെത്ര വെറുപ്പിച്ചു.. അവനിഷ്ടമില്ലാഞ്ഞിട്ട് കൂടെ എന്നേയിവിടെ നിന്ന് പറഞ്ഞയച്ചില്ലല്ലോ?.. അവനും ചെയ്തില്ല, നിങ്ങളും ചെയ്തില്ല. എത്ര പൈസ കളഞ്ഞു,എത്ര ശല്യമാണല്ലേ ഞാൻ?. എന്നിട്ട് ഒന്നുമാലോചിക്കാതെ സ്വന്തം മോനേ പോലെ കരുതേണ്ട ഇവനെവരെ പ്രേമിച്ചു. ചോറ് തന്ന കൈക്ക് തന്നെ ഞാൻ കൊത്തി. നിങ്ങളാലോചിച്ചു കൊണ്ടുവന്ന നിശ്ചയം പോലും ഞാൻ മൊടക്കാൻ നോക്കി. എന്ത് നന്ദി കെട്ടവളാ ഞാൻ. ഇവനിവിടെ വന്നിട്ടും ഞാൻ ഒരുപാട് ചീത്തപറഞ്ഞു. വീണ്ടും ആ മനസ്സ് വിഷമിപ്പിക്കാൻ നോക്കി. എന്നിട്ടും വീണ്ടും ഇന്ന് രാവിലേ മുതൽ,ഇതാ മണപ്പിച്ചു നടക്കുന്നുണ്ട്.” ചെറിയമ്മയോന്ന് കുണുങ്ങി. ചിരി വീണ്ടും.. അമ്മ മെല്ലെ വീണ്ടും കരഞ്ഞു. അവളോട് ദേഷ്യമുണ്ടേലും പറയുന്നതൊക്കെ എന്‍റെ നെഞ്ചിലും കൊള്ളുന്നുണ്ടായിരുന്നു.

“ചിലപ്പോ തോന്നും, അച്ഛനും അമ്മയും പോയപോലെ അങ്ങനെ അങ്ങു പോയാലോന്നു. രാവിലേയുംകൂടെ തോന്നി. സോറി ഡാ അഭീ.. നീയ്യ് മുറിക്കുന്നതിനു മുന്നേ ഞാൻ മുറിച്ചേനെ.. എണീക്കാൻ വൈകിടാ.ഇവരാരും പിന്നെ സമയം തന്നില്ല..” ചെറിയമ്മയെങ്ങനെ ചിരിക്കാണ്. ഒരു തുള്ളി കണ്ണുനീർ അതില് നിന്ന് വന്നില്ല.ഇവളും ചാവാൻ നോക്കിയെന്നോ? എനിക്കതായിരുന്നു ഷോക്കായത് . ഐറ പറഞ്ഞ പോലെയൊരു തോന്നൽ ഇവളും നിശ്ചയം മുടക്കാൻ നോക്കുന്നുണ്ടെന്ന്.

“ഹാ… സമയമുണ്ടല്ലോ.അപ്പോ നിന്‍റെ മുഖമാടാ കൊരങ്ങാ ഓർമ വരാ.. ഞാൻ പോയ നീയൊറ്റക്കായാലോ….പേടിയാടാ.”

Leave a Reply

Your email address will not be published. Required fields are marked *