അവർ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു.
ഞാനും.
“” അകത്തേക്ക് വാ..! “”
ഞങ്ങളെ അകത്തേക്ക് ക്ഷണിച്ച് തിരിച്ചുനടന്ന അവരെ താടക തടഞ്ഞു.
“” ഇല്ലക്ക…! ഇപ്പൊ കേറണില്ല…! ഓഫീസിലേക്ക് പോണം. ഞങ്ങള് വൈകീട്ട് വരാം.! “”
അവളാവസാനം എന്നെനോക്കിയാണ് പറഞ്ഞത്. അത് എന്തിനാണെന്ന് മനസിലായതും ഞാനവളെ നോക്കി വരാമെന്ന് സമ്മതിച്ചുകൊണ്ട് തലയാട്ടി. അല്ലേലും വൈകീട്ടവളെ എങ്ങനെ വൈകിപ്പിക്കാം എന്നോർത്ത് നടക്കുകയായിരുന്നല്ലോ ഞാൻ. അതോടവളുടെ മുഖമൊന്ന് വിടർന്നു.
“” ഉച്ചക്കത്തേക്കുള്ള ഫുഡ് ഞാൻ ഏല്പിച്ചിട്ടുണ്ട് അക്കാ..! സമയമാവുമ്പോ അവരത് കൊണ്ട് തരും. ഇതാ ഇത് വച്ചോ…!””
അവരോട് പറഞ്ഞിട്ടുവള് കുറച്ചഞ്ഞൂറിന്റെ നോട്ടവരുടെ കയ്യിലേക്ക് വച്ചുകൊടുത്തു. അവരത് വാങ്ങി രണ്ട് കണ്ണിലുമൊന്ന് തൊട്ട് തൊഴുത് സഹായിയുടെ കയ്യിലേൽപ്പിച്ചു.
“” ഇത്രേടം വരെ വന്നിട്ട് കേറാണ്ടെങ്ങനാ മോളേ…! “”
അവരൊന്നൂടെ പറഞ്ഞെങ്കിലും വൈകീട്ടുറപ്പായും വരുമെന്നവൾ വാക്ക് കൊടുത്തു. പിന്നേ അവരോട് യാത്ര പറഞ്ഞവിടുന്നിറങ്ങി.
“” എന്താ ഒന്നും മിണ്ടാണ്ടിരിക്കണേ…! “”
കുറച്ച് നേരമായി ഓരോ ചിന്തകളിൽ മുഴുകിയിരുന്ന എന്നോടായി താടക ചോദിച്ചു. സാധാരണ ഞങ്ങളൊന്നിച്ചുണ്ടാവുമ്പോ കാര്യമായ സംസാരമൊന്നും ഉണ്ടാവാത്തതാണ്. എന്നാലവള് ഇന്നത്തെ എന്റെ പെരുമാറ്റം കണ്ടിട്ടോ എന്തോ ഓരോന്നൊക്കെ ചോദിച്ച് തുടങ്ങി.
“” ഹേയ് ഓരോന്ന് ചിന്തിച്ചിരുന്നതാ…! “”
മുഷിപ്പിക്കണ്ട എന്നോർത്ത് ഞാനും സംസാരിച്ച് തുടങ്ങി. സത്യത്തിലീ ശോകാവസ്ഥ എനിക്കും മടുത്ത് തുടങ്ങിയിരുന്നു.
“”ഹ്മ്മ്…!!””
അതിനവളൊന്ന് മൂളി.
“” തനിക്കെങ്ങനാ അവിടൊക്കെ പരിചയം?!””
ഓർഫനെജുമായി അവൾക്കുള്ള ബന്ധമോർത്ത് ഞാൻ ചോദിച്ചു.
“” അങ്ങനെ ചോദിച്ചാ..! കുറച്ച് കാലമായിട്ട് ബന്ധമുണ്ടെന്ന് കൂട്ടിക്കോ..!! “”
അവളൊരു ചിരിയോടെ പറഞ്ഞെന്നെ നോക്കി.
എനിക്കവളുടെ മറുപടി കേട്ടപ്പൊഴെന്തോ പന്തികേട് തോന്നി. തടകേടെ അച്ഛന്റെ അന്നത്തെ പെരുമാറ്റോം അവൾടെ ഇപ്പോഴുള്ള മറുപടിയുമൊക്കെ കൂട്ടിവായ്ക്കുമ്പോൾ…!
ഇവളെ അവർ ദത്തെടുത്തതാണോ എന്നൊരു ചിന്ത എന്നിലേക്ക് കടന്നുവന്നു. എന്നാലത് മനസ്സിൽ വച്ച് ഞാനവളോട് ചോദിച്ചു.