അവള് പറഞ്ഞതൊക്കെ ഒരു ഞെട്ടലോടെയായിരുന്നു ഞാൻ കേട്ടത്. എങ്ങനെ ജീവിക്കേണ്ടിയിരുന്നവരാണ്. ഈ ചെറുപ്രായത്തിൽ അവളെന്തോരം അനുഭവിച്ചു.
അവളുടെയും കണ്ണ് നിറയുന്നുണ്ടായിരുന്നു.
“” വണ്ടീല് ബിരിയാണിയുണ്ട്… ഞാനതെടു…!!! “”
ഈശ്വരാ…! താടക. അവളെന്നോടൊപ്പമുണ്ടായിരുന്നെന്നത് ഞാനപ്പാടെ മറന്നു.!
ഞാനൊരു ഞെട്ടലോടെ കാറിന് നേർക്ക് ഓടി. എന്റെ പെരുമാറ്റം കണ്ട് ഇഷ ഞെട്ടലോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.
ഞാൻ കാറിനടുത്തെത്തി. എന്നാൽ അവിടെയവളുണ്ടായിരുന്നില്ല. എന്റെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു.
ഇന്ന് രാവിലെ അമ്പലത്തിൽ വച്ച് നടന്ന സംഭവം കൂടെ മനസിലേക്ക് വന്നതും എന്റെ കണ്ണിലേക്ക് ഇരുട്ട് കേറുന്നതുപോലെ തോന്നി.
ഈശ്വരാ…! ഇവളിതെവിടെപ്പോയി…!.
കൂടെ വന്ന അവളെ പൂർണമായും മറന്നുപോയതിലെനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. എന്ത് ചെയ്യണമെന്ന് ഒരൂഹവുമില്ലാതെ ഞാൻ അവിടെ നിന്നു. എന്തോ മനസ് കിടന്ന് പിടക്കണു.
പക്ഷേ അതിന് നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. ഞാൻ നിന്നിടത്തുനിന്ന് കുറച്ച് മാറിയുള്ള ചായക്കടേടെ മുന്നിൽ നിൽപ്പുണ്ട് കക്ഷി.
അവളെ കണ്ടപ്പോൾ തോന്നിയ ആശ്വാസം…! ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും ഉപരിയായിരുന്നു.
ഞാൻ വേഗം തന്നെ അവളുടെയെടുത്തേക്ക് നടന്നു. അവളൊരു ഡിസ്പോസിബിൽ ഗ്ലാസിൽ ചായ ഊതിക്കുടിക്കുകയായിരുന്നു. അവളുടെയെടുത്തേക്ക് വരുന്ന എന്നെക്കണ്ട് ചായക്കപ്പ് ചുണ്ടോട് ചേർത്ത് തന്നെ ചായവേണോ എന്ന അർത്ഥത്തിൽ അവൾ എന്നോട് ചായക്കടയ്ക്ക് നേരെ കണ്ണ് കാണിച്ചു. ഞാനത് കാര്യമാക്കാതെ അവളുടെ അടുത്തെത്തി.
“” പേടിപ്പിച്ച് കളഞ്ഞല്ലോടി തെണ്ടി…! “”
ഞാനവളുടെ അടുത്ത് നിന്നിട്ടവളോടായി പറഞ്ഞു.
“” ഇത് നല്ലകൂത്ത്…! ഒന്നുമ്പറയാണ്ട് വണ്ടീന്നിറങ്ങിയോടിയിട്ട് ഞാൻ പേടിപ്പിച്ചെന്നോ…! അല്ല എന്തിനാ സാറ് പേടിച്ചേ…! “”
ഞങ്ങൾ കാറിന് നേർക്ക് നടക്കണേനിടക്ക് അവൾ ചോദിച്ചു .
“” അത്…! അത് നിന്നെയവിടെ കാണാഞ്ഞപ്പോ..! “”
“” ഹ്മ്മ്…. ഇങ്ങനൊരാളു കൂടെയുള്ളകാര്യം ഇറങ്ങിയോടിയപ്പോൾ ഓർത്തില്ലല്ലോ…! അല്ല എന്തുവാ പ്ലാൻ…! ആ ചായക്കടേലെ ചേട്ടൻ സംഭവമൊക്കെ അവിടന്ന് വിവരിക്കണുണ്ടായി…!. തിരിച്ച് വന്നിട്ട് രണ്ട് തരണോന്നും കരുതിയാ ഞാൻ നിന്നേ… പിന്നേ ഒരു നല്ലകാര്യത്തിനായോണ്ട് ഞാൻ ചുമ്മാവിടുന്നു..!! “”