ചുറ്റും ആളുകൾ കൂടുന്നത് ആര്യ അറിയുന്നുണ്ടായിരുന്നു. അവളുടെ ഹൃദയം സന്തോഷം കൊണ്ട് അതിവേഗം മിടിക്കുവാൻ തുടങ്ങി. ചുണ്ടുകൾ വിടർന്നു മനോഹരമായ പുഞ്ചിരി വിരിഞ്ഞു. അവളുടെ മേൽ ചുണ്ടിന് മുകളിൽ വിയർപ്പ് പൊടിഞ്ഞു.
തന്നെ കാത്തിരിക്കുന്ന സർപ്രൈസ് ഓർത്തു അവൾക്ക് വീർപ്പു മുട്ടി.
‘8…… 9…… 10’ കൗണ്ട് ചെയ്തതിന് ശേഷം വിസ്മയ ഒന്നു നിശബ്ദയായി.
‘ഇനി എടുത്തോ ആര്യാ… ഏതേലും ഒന്നു എടുത്തോ…’ വിസ്മയ പറഞ്ഞത് കേട്ടതും ആര്യ ടേബിളിന് മുകളിൽ പരതി. കടലാസുകൾ അവളുടെ കയ്യിൽ തടഞ്ഞു. അതിൽ ഒന്നു അവൾ എടുത്തു.
‘ഇനി വായിച്ചോ…’ തന്റെ വലതു ചെവിയിൽ നസ്രിന്റെ ശബ്ദം കേട്ടു അൽപ സമയം കൊണ്ട് നസ്‌റിൻ അവളുടെ കൈകൾ ആര്യയുടെ കണ്ണുകളിൽ നിന്നും എടുത്തു മാറ്റി.
ചുറ്റും കൂടി നിന്നവരുടെ ‘ഹാപ്പീ… ബർത്ത് ഡേ….’ എന്ന ആർപ്പ് വിളി അവൾക്ക് നന്നായി കേൾക്കാൻ കഴിഞ്ഞില്ല.
മുന്നിലെ കാഴ്ച്ച അവളുടെ ഹൃദയം നിലപ്പിക്കുവാൻ മാത്രം മനോഹരമായിരുന്നു…. ടേബിളിൽ വലിയ കേക്ക്… അതിനു മുന്നിൽ തനിക്ക് നേരെ എതിർവശത്തായി… രാജീവ്… തന്റെ പ്രിയപ്പെട്ട പപ്പാ…
ബലൂണുകളും അലങ്കാര വസ്തുക്കളും അവളുടെ ചുറ്റും കൊഴിഞ്ഞു വീഴുന്നു. അവൾ വിങ്ങിപ്പൊട്ടി… കണ്ണുകളിൽ നിന്നും ധാര ധാരയായി കണ്ണുനീർ ഒഴുകിയൊലിച്ചു.
ആനന്ദക്കണ്ണീരിൽ അവൾ ശബ്ദമില്ലാതെ ‘പപ്പാ…’ എന്നു വിളിച്ചു.
നിറഞ്ഞൊഴുകുന്ന കണ്ണീരുമായി അവൾ ചിരിക്കാൻ ശ്രമിച്ചു. അവൾക്ക് പറ്റുന്നുണ്ടായിരുന്നില്ല…
രണ്ടു വർഷമായി ഫാമിലി ഒന്നിച്ചു പിറന്നാൾ ആഘോഷിച്ചിട്ട്. തലേ ദിവസം വന്നു പോയ പപ്പ തന്റെ പിറന്നാൾ മറന്നു എന്നാണ് കരുതിയത്. ഒട്ടും പ്രതീക്ഷിക്കാതെ പപ്പയെ മുന്നിൽ കണ്ടപ്പോൾ അവളുടെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു.
ചുറ്റും കൂടിയ തന്റെ കൂട്ടുകാരുടെ മുന്നിൽ വച്ചു അവൾ കണ്ണു പൊത്തി വിങ്ങിപ്പൊട്ടിക്കരഞ്ഞു.
രാജീവ് എഴുന്നേറ്റു അവളുടെ അടുത്തേയ്ക്ക് ചെന്നു.
രാജീവ്: ‘ശേ… മോളേ… എന്തായിത്… കരയല്ലേ….’ അവൻ അവളുടെ തോളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു. അവൾ ആർക്കും മുഖം കൊടുക്കാതെ തന്റെ പപ്പയുടെ നെഞ്ചിൽ ചാഞ്ഞു കരഞ്ഞു.