ചേക്കിലെ കവലയിൽ കാർ നിർത്തി, ജഗന്നാഥനും ബാപ്പൂട്ടിയും ഇറങ്ങി ആദ്യം കണ്ട കടയിൽ അന്വേഷിക്കാൻ കയറി. പതിവില്ലാതെ ഒരു ബെൻസ് കാറും അതിൽ നിന്ന് ആഢ്യത്വം നിറഞ്ഞു നിൽക്കുന്ന ഒരാളും ഇറങ്ങി വന്നത് കണ്ടു സമീപത്തെ കടയിൽ ഉള്ളവർ നോക്കി. ജഗന്നാഥൻ അച്യുതൻ നമ്പൂതിരിയെ പറ്റി അവിടെ ഉള്ളവരോട് തിരക്കി.
ഈ സമയം ഒന്ന് കാലു നിവർത്താൻ ഡോർ തുറന്നു പുറത്തേക്കിറങ്ങിയ കൃഷ്ണവർമ്മ യുടെ സമീപം ഒരു പോലീസ് ജീപ്പ് സഡ്ഡൻ ബ്രെക്കിട്ടു നിന്നു.
അതിൽ നിന്നും മൊട്ടത്തലയും ക്രൂരമായ കണ്ണുകളും ആയി ഒരു ഓഫീസർ പുറത്തേക്കിറങ്ങി.
കൃഷ്ണവർമ്മ ഒന്ന് ചെറുതായി പരിഭ്രമത്തോടെ അയാളുടെ മുഖത്തു നോക്കി,ഓഫീസറുടെ മുഖഭാവം കണ്ടു പതുക്കെ തിരിഞ്ഞു ഡോർ തുറന്നു .
ടക്ക് –
സെബാസ്റ്റ്യൻ കാൽ നീട്ടി ചവിട്ടി ഡോർ അടച്ചു.
“എന്താടോ തനിക്കു ഒരു ബഹുമാനം ഇല്ലാത്തത് , തന്റെ യൂണിഫോം എവിടെ , ലീവ് എടുക്കാതെ എവിടാഡോ ഈ കറങ്ങുന്നത്”
തുടർച്ചയായി ചോദ്യങ്ങൾ, കാര്യം മനസിലാക്കാതെ കൃഷ്ണവർമ്മ പരുങ്ങി. മറുപടി ലഭിക്കാതായതോടെ പോലീസ് ഓഫീസർ കൂടുതൽ ക്രുദ്ധനായി.
കൃഷ്ണവർമ്മയുടെ ഷർട്ടിൽ കയറി പിടിക്കാൻ അയാളുടെ കൈകൾ നീങ്ങി.
എന്നാൽ അയാൾ പ്രതീക്ഷിക്കാതെ ആ കയ്യിൽ മറ്റൊരു കൈ ശക്തമായി കേറി പിടിച്ചു താഴേക്കു കൊണ്ട് വന്നു -ജഗന്നാഥൻ. രൗദ്രഭാവത്തോടെ ഓഫീസർ അയാളെ നോക്കി, ഒരു നിമിഷം, ഫ്രീ ആയ തന്റെ ഇടതു കൈ കൊണ്ട് ജഗന്നാഥന്റെ മുഖം ലക്ഷ്യമാക്കി ഒരു പഞ്ച്. ഇത് പ്രതീക്ഷിച്ച ജഗന്നാഥൻ ആ കയ്യും ബ്ലോക്ക് ചെയ്ത ശേഷം കൈപ്പിടിയിൽ ഒതുക്കി. തന്റെ രണ്ടു കൈകളും ജഗന്നാഥ്‌നറെ കയ്യിൽ. ശക്തി കൂടുതൽ എടുക്കുംതോറും ജഗൻ ഓഫീസറുടെ കൈകളിലുള്ള പിടിത്തം കൂടുതൽ മുറുക്കി .
“സെബാസ്റ്റ്യൻ ” ഓഫീസറുടെ ഷർട്ടിലെ നെയിംബോർഡ് വായിച്ചു ജഗൻ പതുക്കെ കണ്ണുകളിൽ നോക്കി പറഞ്ഞു
“തന്റെ തെറ്റിധാരണയുടെ കാര്യം ആ കടയിൽ നിന്നും കേട്ട വിവരം വെച്ച് എനിക്ക് മനസ്സിലായി, ……..ഹെഡ്കോൺസ്റ്റബിൾ അച്യുതൻ നമ്പൂതിരി ആണ് ഇതെന്ന് തനിക്കു തോന്നി അല്ലേ … എന്നാലേ സാറിനു തെറ്റി … ഇത് അദ്ദേഹത്തിന്റെ ഏട്ടൻ…കൃഷ്ണൻ… അപ്പൊ എങ്ങനാ സാറേ ഞാൻ കൈവിട്ടാൽ ജീപ്പിൽ കേറി വിടുമല്ലോ അല്ലെ”