” സോഫി.”
” മോള് അകത്തോട്ട് വാ ”
അമ്മച്ചി അവളെ അകത്തേയ്ക്ക് ക്ഷണിച്ചു.
” ആനി എവിടെ അമ്മച്ചി ? ”
” അവള് മുറിയിലുണ്ട് ഞാൻ വിളിക്കാം.”
അമ്മച്ചി സോഫിയെ കസേരയിൽ ഇരുത്തി ആനിയെ വിളിക്കാൻ ചെന്നു.
മുറിക്കകത്തിരുന്ന് ആരോഗ്യ മാസിക വായിക്കുകയാണ് ആനി. പെട്ടന്ന് അമ്മച്ചി കതകിന് തട്ടി.
” മോളെ ആനി കതക് തുറക്ക് നിന്റെ കൂട്ടുകാരി വന്നിട്ടുണ്ട്.”
” ആരാ അമ്മച്ചി ? ”
ആനി കതക് തുറന്നുകൊണ്ട് ചോദിച്ചു.
” സോഫി. ”
അമ്മച്ചി മറുപടി നൽകി.
ആനി ഉടനെ മുടി ഒതുക്കികൊണ്ട് ഹാളിലേക്ക് നടന്നു.
” നിങ്ങള് വിശേഷങ്ങളൊക്കെ പറഞ്ഞിരിക്ക്,ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം.”
” ഒന്നും വേണ്ട അമ്മച്ചി.”
സോഫി ചിരിച്ചുകൊണ്ട് പറഞ്ഞു.
” അത് പറഞ്ഞാ പറ്റില്ല. മോള് ആദ്യായിട്ട് ഈ വീട്ടിലോട്ട് വന്നിട്ട് ഒരു ചായ പോലും കുടിക്കാതെ പോകുന്നത് ശെരിയല്ല. ”
” അമ്മച്ചി ചായ എടുത്തോളൂ ടീച്ചറ് കുടിച്ചോളും.”
ആനി അമ്മച്ചിയോട് പറഞ്ഞു.
” ചായയൊന്നും വേണ്ടായിരുന്നു ആനി.വീട്ടീന്ന് രാവിലെ കുടിച്ച് ഇറങ്ങിയതല്ലെ ”
” അതുകൊണ്ട് ഒരു ചായ കൂടി കുടിച്ചൂന്ന് കരുതി ഒരു കുഴപ്പവുമില്ല.”
ആനി ചിരിച്ചുകൊണ്ട് പറഞ്ഞു.
” ആനി നീ അത്യാവശ്യം തടിയൊക്കെ വച്ചല്ലോ ”
” എന്ത് ചെയ്യാനാ ടീച്ചറെ ഇവിടെ വന്നതിന് ശേഷം ഒരു വക പണിചെയ്യാൻ സമ്മതിച്ചിട്ടില്ല. ഇപ്പൊ പ്രേഗിനെന്റ് കൂടിയായപ്പോ അടുക്കളയിലോട്ട് കയറണ്ടാന്നാ അമ്മച്ചിയുടെ ഓർഡർ..”
” നീ ഭാഗ്യവതിയാടി.അതുകൊണ്ടല്ലേ ഇത്രനല്ല സ്നേഹമുള്ള വീട്ടിലേക്ക് നിനക്ക് മരുമകളായി വരാൻ കഴിഞ്ഞത്.”
ആനിക്ക് ലഭിച്ച സൗഭാഗ്യത്തെ വിവരിച്ചുകൊണ്ട് പറഞ്ഞു.
” അല്ലാ… ടീച്ചർ ഇന്ന് ലീവാണോ ? ”
ആനി ചോദിച്ചു.
” രാവിലെ ഞാൻ സ്കൂളിലേക്ക് ഇറങ്ങിയതാ, അപ്പോഴാ വഴിക്ക് വച്ച് ആൽഫിയെയും,മനുവിനെയും കണ്ടത്. രാവിലെ തന്നെ രണ്ടാളും കൂടെ എങ്ങോട്ടാന്ന് ചോദിച്ചപ്പോഴാ വിധുവിന്റെ കാര്യം അവര് പറഞ്ഞത്.”