” കുറവുണ്ട് ടീച്ചർ.”
അവൻ സൗമ്യമായി മറുപടി നൽകി.
” സത്യത്തിൽ ഇന്നലെ രാത്രി നിനക്ക് എന്താ സംഭവിച്ചത് ? ”
ആൽഫി ചോദിച്ചു.
” ഇന്നലെ രാത്രി നടന്ന കാര്യങ്ങളെ കുറിച്ച് ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു.”
” എന്താടാ സംഭവിച്ചത് ? ”
മനു ആകാംഷയോടെ ചോദിച്ചു.
” ഇന്നലെ വൈകുന്നേരം നിങ്ങളുമായി വഴക്കിട്ട് ഗ്രൗണ്ടിന്ന് പോയ എന്നെ കവലയിൽ എത്തുമ്പഴേക്കും ഒരു ജീപ്പിൽ മൂന്നാല് ആൾക്കാര് വന്ന് ബലം പ്രയോഗിച്ച് പിടിച്ച്,വലിച്ച് വണ്ടിയിൽ കയറ്റി. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി പൊതിരെ തല്ലി. ഒടുവിൽ എങ്ങനെയൊക്കെയോ അവന്മാരെ തള്ളി മാറ്റി ഞാൻ ജീപ്പിൽനിന്ന് ഇറങ്ങിയോടി അടുത്തുള്ള കാട്ടിൽ പോയി ഒളിച്ചു. അപ്പോഴും അവന്മാര് എന്റെ പിന്നാലെതന്നെയുണ്ടായിരുന്നു. നേരം ഇരുട്ടുന്നത് വരെ ഞാൻ അവിടെ തന്നെ ഒളിച്ചിരുന്നു. ആ സമയത്തൊക്കെ നല്ല മഴയായിരുന്നു അവിടെ. മഴ ചെറുതായി തോർന്ന ശേഷം ചൂറ്റും നോക്കി അവന്മാര് അവിടം വിട്ട് പോയീന്ന് ഉറപ്പ് വന്ന ശേഷാ ഞാൻ കാട്ടീന്ന് പുറത്തു വന്നത്.”
വിധു കാര്യങ്ങളൊക്കെ വിശധികരിച്ചു. എല്ലാം കേട്ട് അവരാകെ ഞെട്ടി.
” ഭാഗ്യം, തലനാലിഴക്കാ നീ രക്ഷപെട്ടത്.”
മനു പറഞ്ഞു.
” എന്നാലും ആരാ അവരൊക്കെ ? എന്തിനാ നിന്നെ കടത്തികൊണ്ടുപോകാൻ ശ്രമിച്ചത് ? ”
സോഫി ചോദിച്ചു.
” അറിയില്ല ടീച്ചർ. പക്ഷെ ഒരു കാര്യം ഉറപ്പാ അവരൊന്നും ഇവിടുത്തുകാരല്ല. എറണാകുളം സ്ലാങ്ങിലാ സംസാരം മുഴുവൻ ”
” എറണാകുളം സ്ലാങ്ങോ ? ”
മനു അത്ഭുതത്തോടെ ചോദിച്ചു.
” അതെ ”
” ഇനി വല്ല അവയവ കടത്ത് സംഘം വല്ലതുമാണോ ? ”
ആൽഫി സംശയത്തോടെ ചോദിച്ചു.
” പോലീസിനും ഇത് തന്നെയാ സംശയം.”
വിധു പറഞ്ഞു.
” മുക്കിന് മുക്കിന് CCTVയുള്ള ഈ കാലത്ത് അവന്മാരെന്തായാലും രക്ഷപ്പെടില്ല ”
മനു പറഞ്ഞു.