” എന്നിട്ട് അവനെന്തെങ്കിലും പറ്റിയോ ? ”
ടീച്ചർ ആശങ്കയോടെ ചോദിച്ചു.
” ചെറിയ പരിക്കുകളൊക്കെയുണ്ടെന്നാ പറഞ്ഞത്. എന്തായാലും ഞങ്ങള് ചെന്ന് നോക്കട്ടെ ”
” നിൽക്ക് ഞാനും വരാം ”
സോഫിയും അവരോടൊപ്പം ചെന്നു.
വിധുവിന്റെ വീടിന്റെ അരികിലെത്തിയപ്പോൾ അയൽവാസികൾ ഇറങ്ങിപോകുന്നത് കണ്ടു. അവനെ കാണാൻ വന്നവരായിരിക്കും. മൂന്ന് പേരും നടന്ന് വീട്ട് മുറ്റത്തെത്തി.
” ഞാൻ ഹൈ സ്കൂളിൽ വിധുവിനെ പഠിപ്പിച്ച ടീച്ചറാ ”
വിധുവിന്റെ അമ്മയ്ക്ക് സോഫി തന്നെ പരിചയപ്പെടുത്തി,
” ടീച്ചറെ എനിക്ക് അറിയാം. ഇപ്പൊ കുറെയായില്ലേ കണ്ടിട്ട് ”
വനജ പറഞ്ഞു.
” അതെ അതെ ”
സോഫി മറുപടി നൽകി.
” ആന്റി വിധുവിന് ഇപ്പൊ എങ്ങനെയുണ്ട് ? ”
മനു ചോദിച്ചു.
” നെറ്റിയിലും,കൈയ്യിലുമൊക്കെ ചെറിയ പൊട്ടലുണ്ട്..വേറെ കുഴപ്പങ്ങളൊന്നുമില്ല. ”
വനജ പറഞ്ഞു.
” പോലീസ് വന്നോ ? ”
ആൽഫി ചോദിച്ചു.
” അവര് രാവിലെ വന്ന് സ്റ്റൈറ്റ്മെന്റ് എടുത്ത് പോയി ”
ശേഷം വനജ അവരെയും കൊണ്ട് വിധുവിന്റെ മുറിയിലേക്ക് ചെന്നു.
” നിങ്ങൾ അവന്റെ അടുത്തേയ്ക്ക് ചെല്ല്. ഞാൻ അപ്പഴേക്കും ചായ എടുക്കാം ”
” എനിക്ക് ചായ വേണ്ട ചേച്ചി,ഒരു ഗ്ലാസ് ചൂട് വെള്ളം തന്നാ മതി.”
സോഫി പറഞ്ഞു.
” ശെരി ടീച്ചറെ ”
അതും പറഞ്ഞ് വനജ അടുക്കളയിലേക്ക് ചെന്നു.
അകത്ത് കട്ടിലിന്റെ തെക്ക് വശത്തെ തലയിണയിൽ അലസമായി തല ചായ്ച്ച് ഇരിക്കുകയാണ് വിധു.
സോഫി ടീച്ചറെ അവരുടെ കൂടെ കണ്ടപ്പോൾ അവനൊന്നു ഞെട്ടി. ഇവന്മാരെന്താ ടീച്ചറുടെ കൂടെ ? വിധു സംശയത്തിലായി. മുറിയിലേക്ക് കടന്ന സോഫി ടീച്ചർ, ബെഡിന്റെ അറ്റത്തായി ഇരുന്നു. ബാക്കി രണ്ടുപേരും കസേരകളിലും ഇരുന്നു.
” വിധു നിനക്കിപ്പൊ വേദനയൊക്കെ കുറവുണ്ടോ ? ”
സോഫി ചോദിച്ചു.