“അയാൾ ഇപ്പോൾ പോയതേ ഉള്ളൂ” ചോദിക്കുന്നതിനു മുന്നേ തന്നെ ഹുസൈൻ പറഞ്ഞു.
“ഊം ” ചാക്കോച്ചി മൂളി, “നീ പറഞ്ഞ കാര്യങ്ങൾ അന്വേഷിച്ചോ”
“ഇച്ചായാ അന്വേഷിച്ചു. ഇച്ചായൻ പറഞ്ഞത് പോലെ പുള്ളി ഡൽഹയിൽ ഒക്കെ ഉണ്ടായിരുന്ന ആളാണ്, പക്ഷെ ഇപ്പോൾ കുറച്ചു വർഷം ആയി നാട്ടിൽ ഉണ്ട്, ഈ കേസിൽ വണ്ടി ഇടിച്ചു മരിച്ചു പോയ അച്യുതൻ നമ്പൂതിരിയുടെ ഏട്ടന്റെ വളർത്തു മകളെ കല്യാണം കഴിച്ചത് അയാളാണ്. ഏട്ടന്റെ നിർബന്ധം കൊണ്ടാണ് എല്ലാ തവണ കേസ് വിളിക്കുമ്പോഴും അയാൾ കോടതിയിൽ എത്തുന്നത്, അല്ലാതെ നമ്മൾ സംശയിച്ച പോലെ അയാളല്ല ചരട് വലിക്കുന്നത്, വേറെ ഏതോ ടീം ആണ്. ”
“അങ്ങനെ ആണെങ്കിൽ, നീ ഇന്ന് തന്നെ അയാളെ കണ്ടു സംസാരിക്കണം. എന്റെ ഊഹം ശരിയാണെങ്കിൽ ഈ പ്രശ്നത്തിൽ നമ്മളെ സഹായിക്കാൻ അയാൾക്ക് പറ്റും”
“ശരി സംസാരിക്കാം, എങ്ങനെ നമ്മളോട് പെരുമാറും എന്നതിന് പറ്റി ഉറപ്പൊന്നുമില്ല, നമ്മൾ ശ്രമിച്ചു നോക്കാം.”
“സമയം പോകുന്നു” പിറകിൽ നിന്ന പോലീസുകാരന്റെ കനത്ത ശബ്ദം. ഗൗരിയെ ഒരിക്കൽ കൂടി നോക്കി, ഒന്ന് കൊണ്ടും പേടിക്കേണ്ട എന്ന ആംഗ്യം കാണിച്ചു ചാക്കോച്ചി പോലീസ് ബസിനു നേരേ നടന്നു.
ഗൗരിക്ക് വല്ലാത്ത തളർച്ച തോന്നി. ഇച്ചായൻ അനുഭവിക്കുന്നതിന് താൻ കൂടി ഉത്തരവാദി ആണല്ലോ എന്നോർത്ത അവളുടെ മനസ്സ് പിടഞ്ഞു.
“ഹുസൈൻ, പോകാം ” അവൾ പജേറോയുടെ ഡോർ തുറന്നു കൊണ്ട് പറഞ്ഞു.
“അതിപ്പോ, ചേച്ചി, ഈ ജില്ലയിൽ തന്നെ താമസിച്ചു കൊണ്ട് അത്യാവശ്യമായി ചെയ്യാനുള്ളചില കാര്യങ്ങൾ ഇച്ചായൻ പറഞ്ഞേല്പിച്ചിട്ടുണ്ട്, ചേച്ചിക്ക് ഗസ്റ്റ് ഹൗസിൽ ഒരു റൂം എടുത്തു നിൽക്കുവാണേൽ നമ്മൾ അത് തീർത്തേച്ചു വരാം. ഇന്ന് രാത്രിയോ നാളെ പുലർച്ചെയോ പുറപ്പെടാം.”
“എനിക്കെങ്ങനെലും വീട്ടിലെത്തണം ഹുസൈൻ” … തളർച്ചയോടെ ഗൗരി പറഞ്ഞു.
“എന്നാൽ ഉമ്മച്ചനെയും കൂട്ടി പോയ്‌കൊള്ളൂ, ഞാൻ ഒരു ടാക്സി അറേഞ്ച് ചെയ്തോളാം”
എല്ലാം കേട്ട് കൊണ്ടിരുന്ന ജയകൃഷ്‌ണൻ ഇടപെട്ടു.
“എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടുന്നത്, ഹുസൈനും ഉമ്മച്ചനും പൊക്കോളൂ, ഏതായാലും ഞാനും ഡ്രൈവറും ആലുവയിലേക്കാണ് . നമ്മൾ കോട്ടയത്ത് ഡ്രോപ്പ് ചെയ്‌താൽ പോരെ.”