ജയകൃഷ്ണൻ തന്റെ കൈകളിൽ തട്ടി വിളിച്ചപ്പോൾ അവൾ എഴുന്നേറ്റു പുറത്തേക്കു നടന്നു. പുറത്തിറങ്ങിയപ്പോൾ നിരാശയോടെ ഹുസൈനും ഉമ്മച്ചനും ചാക്കോച്ചിയുടെ പജേറോയിൽ ചാരി നിൽക്കുന്നത് കണ്ടു. . തൊട്ടടുത്ത്, ജയകൃഷ്ണന്റെ ഹോണ്ട സിറ്റിയുടെ ഡോർ തുറന്ന് വെച്ചു ഡ്രൈവർ അച്യുതനും. രണ്ടു പേരും അവിടേക്ക് നടന്നു.
ചാക്കോച്ചിക്കു ജാമ്യം കിട്ടും എന്ന പ്രതീക്ഷയിൽ ആയിരുന്നു എല്ലാവരും.
“ജാമ്യം കിട്ടാതിരിക്കാൻ ഒരു സാധ്യതയും ഇല്ലായിരുന്നു മാഡം, പോലീസുകാരോട് ഒരു സോഫ്റകോർണർ ഉണ്ടെങ്കിലും ഇന്ദു കുറുപ്പ് ഇങ്ങനെ നീട്ടി കൊണ്ട് പോകുന്ന അന്വേഷണത്തിന് പ്രോത്സാഹനം നൽകുന്നതല്ല. …നമുക്ക് നോക്കാം. ”
ജയകൃഷ്ണന്റെ ആശ്വാസ വാക്കുകൾ സ്വയം ന്യായീകരണം ആയി മാത്രമേ ഗൗരിക്ക് തോന്നിയുള്ളൂ.
കോടതി വളപ്പിൽ അവർ പാർക്ക് ചെയ്തതിന്റെ എതിർ വശത്തു ഒരു ഡബ്ള്യൂ 123 മോഡൽ ബെൻസ്പാർക്ക് ചെയ്തിരുന്നു. അതിൽ ചാരി നിന്ന് കൊണ്ട് സുന്ദരനും ആരോഗ്യ ദൃഢഗാത്രനുമായ ഒരു മുപ്പത്തഞ്ചുകാരൻ അവരെ നോക്കുന്നു. കസവിന്റെ മുണ്ടു, ഒത്ത തടി, തിളങ്ങുന്ന കാണുകൾ , പിരിച്ചു വെച്ച മീശ.
ഹുസൈന്റേയും അയാളുടെയും കണ്ണുകൾ പരസ്പരം ഇടഞ്ഞു. രൂക്ഷമായ ആ നോട്ടം സഹിക്കാൻ പറ്റാതെ ഹുസൈൻ തല താഴ്ത്തി.
കുറച്ചു നേരം അവരെ നോക്കി നിന്ന ശേഷം കാറിനകത്തു പിൻസീറ്റിൽ ഉണ്ടായിരുന്ന വൃദ്ധനോട് അയാൾ പോകാം എന്ന് പറയുന്നത് ഹുസൈൻ കണ്ടു. എല്ലാ തവണ കേസ് വിളിക്കുമ്പോഴും വരുമെങ്കിലും ആ വൃദ്ധൻ ഒരിക്കലും കാറിനു പുറത്തിറങ്ങിയിരുന്നില്ല.
അയാൾ നടന്നു വണ്ടിയുടെ മുൻഭാഗത്തെ സീറ്റിൽ കയറിയതും തലയിൽ ടവല് കെട്ടിയ സുഹൃത്ത് വണ്ടി സ്റ്റാർട്ട് ചെയ്തു. കോടതി വളപ്പിൽ പൊടി പറത്തിക്കൊണ്ട് ആ കാർ മുന്നോട്ടു പോയ അതെ സമയം സബ്ജയിലിൽ കൊണ്ട് പോകാനുള്ള പ്രതികളുടെ കൂടെ ചാക്കോച്ചിയെ കൊണ്ട് വന്നു.
കരുത്തുറ്റ മുഖവും തീക്ഷണമായ കണ്ണുകളും, ആറടിയിൽ അധികം ഉയരവും ചാക്കോച്ചിയെ കൂട്ടത്തിൽ വേറിട്ട് നിർത്തി. ജയിൽ വാസം അയാളെ തളർത്തിയതായെ തോന്നുന്നില്ല.
കൂട്ടത്തിൽ ഒരു പോലീസുകാരനോട് സമ്മതം ചോദിച്ച ശേഷം അയാൾ ഉറച്ച കാൽവെപ്പുകളോടെ അവരുടെ സമീപത്തേക്കു നടന്നു. ഗൗരി പാർവതിയെ കണ്ട പോലീസുകാരൻ സല്യൂട്ട് ചെയ്ത ശേഷം മാറി നിന്നു. അവളെ ആശ്വസിപ്പിച്ച ശേഷം ഹുസ്സൈനെയും ഉമ്മച്ചനെയും മാറ്റി നിർത്തി സംസാരിച്ചു.