“വക്കീലോ, എന്താണ് , ഈ വഴിക്കൊക്കെ, അതും ഇത്ര രാവിലെ തന്നെ”
“ബിസിനസ്സ് ഒക്കെ കുറവാണ്, നിന്നെ കൊണ്ടിപ്പോ സഹായം ഒന്നും കിട്ടുന്നില്ലല്ലോ. നീ പഴേ പണി ഒക്കെ നിർത്തിയില്ലേ”
മുകുന്ദനുണ്ണി ചിരിച്ചു കൊണ്ട് ചെവിക്കടുത്തു വന്നു തമാശ പറഞ്ഞു.
“ദേ ആരേലും കേൾക്കും, പഴേ കാര്യം ഒക്കെ എടുത്തിട്ടിട്ട്”
“പിന്നെ നാട്ടുകാർക്ക് അറിയാത്ത കാര്യം അല്ലെ, ചേക്കിലെ മൈൽ കുറ്റികൾക്ക് പോലും അറിയാം മാധവൻ മോഷണം നിർത്തി എന്ന്. ….ആഹ് അത് വിട് ഞാൻ ഇപ്പോൾ വന്നത് ദാ ഇവർക്ക് ഒരു സഹായത്തിനു വേണ്ടി ആണ്”
അപ്പോഴാണ് വരാന്തയുടെ ഭാഗത്തു നിൽക്കുന്ന വനജയെയും ലിജോയെയും മാധവൻ കണ്ടത്. വനജ മാധവനെ നോക്കി പുഞ്ചിരിച്ചു, കൂടെ നിന്ന ലിജോ ഗൗരവത്തോടെ ഒന്ന് തല കുലുക്കി.
“നമ്പൂരിച്ചന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്നവർ അല്ലെ, എനിക്കറിയാം, പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെടാൻ ഒത്തില്ല. ”
കാഷ്യർ ടേബിളിൽ ഇരുന്നു കൊണ്ട് മാധവൻ പറഞ്ഞു.
വനജ മാധവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
“മുകുന്ദനുണ്ണി സാർ പറഞ്ഞിട്ടുണ്ട്, മരിച്ചു പോയ വീട്ടുടമ ആയി നല്ല ബന്ധം ആയിരുന്നെന്നും.”
“ഊം ” മാധവൻ വിഷമത്തോടെ ഒന്ന് മൂളിയ ശേഷം എന്താണ് കാര്യം എന്ന് ആംഗ്യവശാൽ പറയാൻ പറഞ്ഞു.
“അപ്പൊ മിസ്റ്റർ മാധവൻ, ഇവരുടെ പേര് വനജ, എൽഐസി ഏജന്റ് ആണെന്ന് അറിയാലോ, വയസ്സ് ഒരു 43 – 44 കാണും അല്ലെ.
“44” വനജ പറഞ്ഞു
തന്റെ ശരിയായ പ്രായം പറഞ്ഞാൽ ആരേലും അച്ചുവിന്റെ പ്രായം ആയി കണക്കു കൂട്ടിനോക്കും, അങ്ങനെ വന്നാൽ പ്രശ്നം ആകുന്നതു കൊണ്ട് വനജ പ്രായം കൂട്ടിയേ പറയാറുള്ളൂ.
“ആ 44 ” മുകുന്ദനുണ്ണി തുടർന്നു, “ഇവർ നന്നേ ചെറുപ്പത്തിൽ വിധവ ആയതാണ്, ശേഷം മകൾക്കു വേണ്ടി ജീവിച്ചു, മകളെ പഠിപ്പിച്ചു ജോലിക്കാരിയാക്കി, നല്ലൊരു, അല്ല അത്ര തരക്കേടില്ലാത്ത ഒരുത്തന്റെ കൂടെ കെട്ടിച്ചും വിട്ടു ഹു ഹു ഹു”
മുകുന്ദനുണ്ണി തല ചെരിച്ചു ലിജോയെ കളിയാക്കുന്ന മട്ടിൽ നോക്കി, ലിജോയുടെ മുഖം അപ്പോഴും കനത്തിൽ തന്നെ ഇരുന്നു.