****************
അന്നത്തെ പണിയൊക്കെ ഒരു തരത്തിൽ സൈഡ് ആക്കി, ഇറങ്ങിയപ്പോൾ 6 മണി. വീട്ടി പോയി കട്ടിലിൽ വീണ് ഒന്ന് കണ്ണടച്ചു. കണ്ണു തുറന്നപ്പോൾ സമയം 10:15. അവളെന്തെങ്കിലും കഴിച്ചിട്ടുണ്ടാകുമോ.വേണ്ടം ഇന്നിനി പോകണ്ട എന്ന് വച്ചു. പക്ഷെ എന്ത് ചെയ്യാം, 10:30 ന് ഞാൻ അരിപ്പൊടിയും ശർക്കരയും അന്വേഷിച്ച് അടുക്കളയിലെത്തി. പിന്നെയും കുറച്ച് നേരം റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. നേരെ ചെന്ന് എടുത്ത് വച്ച വറുത്ത അരിപ്പൊടിയെടുത്ത് ചൂടുവെള്ളം ചേർത്ത് കുഴച്ച് വച്ച്. കുറച്ച് നെയ്യ് എടുത്ത് കയ്യിൽ പുരട്ടി അത് ഒന്നു കൂടി കുഴച്ചെടുത്ത് മയപ്പെടാൻ വച്ചു. ഞാൻ ഇത് വേണോ വേണ്ടയോ എന്ന തീരുമാനത്തിൽ പോലും എത്തിയിരുന്നില്ല. എങ്കിലും എൻ്റെ തലതെറിച്ച ശരീരം അക്ഷീണം പണി തുടങ്ങി.
നല്ല കറുത്ത ഉണ്ടശർക്കരയെടുത്ത് ഉടച്ച് പാത്രത്തിലിട്ട് വെള്ളം ചേർത്ത് കുറുക്കിയെടുത്തു. ചെരുകിയ ഇളംനാളികേരം കുറുക്കിയ കടുംശർക്കരയിലിട്ട് വിളയിച്ച്, അണ്ടിപരിപ്പ് നെയ്യിൽ വാട്ടി അതിന് മുകളിൽ താളിച്ച് ഇളക്കി മാറ്റി വച്ചു. ഓടിപ്പോയി കിഴക്ക് ബാൽക്കണിയിൽ നിന്ന് ശെൽവ അണ്ണൻ മക്കളെ പോലെ നോക്കുന്ന വാഴയിൽ, ഇല അധികം ഉണ്ടോന്ന് നോക്കി. വേണ്ട കുറവാണ്. ഇനിയും ആവശ്യം വരും. ഞാൻ അട വേണ്ടെന്നു വച്ചു. മയപ്പെടുത്തിയ മാവെടുത്ത് ഉള്ളംകയ്യിൽ വച്ച് പരത്തി അതിനുള്ളിൽ നല്ല കുറുകിയ ശർക്കരനീരൊലിക്കുന്ന നാളികേര മിശ്രിതം നിറച്ച് ഇരുഭാഗവും ബന്ധിപ്പിച്ച് ഉരുട്ടി ബോളാക്കിയെടുത്തു. അങ്ങനെ ഒരു ആറേഴ് എണ്ണം നിസ്സാരസമയത്തിൽ ഞാൻ ഉരുട്ടിയെടുത്തു. അതെല്ലാം ഇഡലി ചെമ്പിൽ നിരത്തി ആവിയിൽ വേകിച്ചെടുത്തു. ഞാൻ അതെക്കെ പുറത്തെടുത്തു വാട്ടിയ വാഴയിലയിൽ പൊതിയാനായി നിരത്തി. ഞാൻ മുമ്പിലിരിക്കുന്ന ആവി പറക്കുന്ന ആ സുന്ദരകുട്ടനെ നോക്കി. തൊട്ടാൽ ശർക്കര തെറിക്കുന്ന നല്ല സൊയമ്പൻ “കൊഴുക്കട്ട” അരിപ്പൊടിക്ക് പുറത്തേക്ക് പോലും ശർക്കരയുടെ ആ ലഹരിപ്പിടിപ്പിക്കുന്ന കടുംനിറം തെളിഞ്ഞ് കാണുന്നുണ്ട്. രുചിയുടെ ആ ഗോളകങ്ങൾ പൊതിയുമ്പോൾ ഞാൻ വെറുതേ ആലോചിച്ചു ‘പാചകം ഒരു കടലാണെങ്കിൽ ഞാൻ അതിലൊരു കുഞ്ഞു കൊമ്പൻ സ്രാവ് തന്നെ’.