പുറത്ത് ചൈന്നൈ നഗരത്തിൻ്റെ പ്രശസ്തമായ കത്തുന്ന നൻപകൽ നേരം ആരംഭിച്ചിരുന്നു. വിശന്നപ്പോൾ വീണ്ടും അവളെ ഓർമ്മ വന്നു. വല്ലതും കഴിച്ചിട്ടുണ്ടാകുമോ പാവം. ഇന്നലെ മുഴുവൻ ജലപാനമില്ലാതെ എന്നെയും വലിച്ച് ടെൻഷനടിച്ച് ഓടിനടന്നതാണ്. ഉച്ചക്ക് നിർബന്ധിച്ച് ഒരു ദേശയും ചായയും കഴിപ്പിച്ചിരുന്നു. അതും നുള്ളിപറക്കി അവിടെ വച്ച് പോയി. ഇന്നലെ രാത്രിയും ഒന്നും കഴിച്ചിരിക്കില്ല. എനിക്ക് ഇരുന്നിടത്ത് ഇരുപ്പുറച്ചില്ല. വേഗം ഇറങ്ങിനടന്നു. മൗണ്ട്റോഡിലുള്ള ദിൽഡുക്കൽ തലപ്പാകെട്ടി ബിരിയാണി കടയിൽ നിന്നും ഒരെണം പാർസൽ വാങ്ങി. കറിയിൽ പകുതി വെന്തകായമ്മ അരിയിട്ടു വേവിക്കുന്നത്കൊണ്ട്, അരിയിൽ ആവശ്യത്തിന് മസാല പറ്റിയിരിക്കും, ചിക്കൻ ആണെങ്കിൽ അരിക്കൊപ്പം കിടന്ന് വെന്ത് നല്ല മൃദുവായിരിയും. നല്ല കിളിന്ത് വാഴയിലയിൽ വിളമ്പിക്കഴിക്കുന്ന ബിരിയാണിയോളം പോന്ന വേറെ എന്താണ് നമ്മുക്ക് വിശന്നിരിക്കുന്ന പ്രിയപ്പെട്ടവൾക്ക് കൊടുക്കാൻ കഴിയുക.
അതും വാങ്ങി ഞാൻ ഗണേശപുരത്തേക്ക് ഓട്ടേയിൽ വച്ചടിച്ചു. എന്തൊക്കെ തന്നെ സംഭവിച്ചാലും, മീനാക്ഷി എനിക്ക് എന്നും പ്രിയപ്പെട്ടവൾ തന്നെയാണ്.
***************
ക്യാൻറീനിൽ….
പരിതാപകരമായ അവസ്ഥയിൽ ചുരുണ്ട് കൂടികിടക്കുന്ന ആ തൈർസാദത്തേയേം, അതിനടുത്ത് ചെമ്പു വളയം പോലെ യാതൊരുവിധ മയവുമില്ലാതെ കിടക്കുന്ന ഉഴുന്നുവടയേയും നോക്കി മീനാക്ഷി നെടുവീർപ്പിട്ടു. കഴിക്കാതെ വേറെ വഴിയില്ല. നല്ല വിശപ്പുണ്ട്. അറിഞ്ഞെന്തെങ്കിലും കഴിച്ചിട്ട് ഒരു ദിവസമായിക്കാണും. ഉണ്ണിയേട്ടൻ എന്നെ പാടെ മറന്നെന്നു തോന്നുന്നു. ക്ഷീണം മാറിയാണാവോ. എത്ര വട്ടം വിളിച്ചു ഫോൺ സ്വിച്ച്ട് ഓഫ് ആണ്. അവൾ മുൻപിലിരിക്കുന്ന കുഴപ്പം പിടിച്ച ഭക്ഷണത്തേക്കാൾ കുഴഞ്ഞ ചിന്തകളിൽ ആയിരുന്നു.
ഇടയിലെപ്പോഴോ തടസ്സങ്ങളില്ലാതെ സൂര്യപ്രകാശം വ്യാപിച്ച് കിടക്കുന്ന തുറന്നിട്ട ക്യാൻ്റീൻ വാതിലിലേക്ക് അവളുടെ ശ്രദ്ധപോയി. അവിടെ കട്ടിളയും ചാരി, പൊള്ളുന്ന വെയിലിനെ കീറിമുറിച്ച് ചിരിച്ചു കൊണ്ട് അവളുടെ സുമുഖനായ സഹധർമ്മചാരി നിൽപ്പുണ്ടായിരുന്നു. അവൻ അവൾക്കടുത്തേക്ക് നടന്ന് വന്ന് ആ പാത്രമെടുത്ത് മാറ്റി, അവിടെ ഒരു പൊതി വച്ചു. അതിൽ നിന്നും വരുന്ന കൊതിപിടിപ്പിക്കുന്ന വാസന അവളുടെ നാസികയിലേക്ക് അരിച്ച് കയറി. അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് അവിടെ നിന്നും നടന്നകന്നു. ഈറനണിഞ്ഞ കണ്ണുകളോടെ അവൾ നടന്നകലുന്ന തൻ്റെ പ്രിയതമനെയും നോക്കിയിരുന്നു. അവളുടെ ഹൃദയം അതിവേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. അവളതിനെ വരുതിയിലാക്കാൻ ഏറെ പാടുപെട്ടു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ജീവിതത്തിൽ ആദ്യമായി ഒരാൾ അനന്തമായ സ്നേഹം കൊണ്ട് തന്നെ കൂടുകയാണ്. എങ്ങിനെ താൻ അയാളെ ഈ സാഹസത്തിൽ നിന്നും പിൻതിരിപ്പിക്കും. എങ്ങിനെ താൻ അയാളെ സ്നേഹിക്കാതെയിരിക്കും. എങ്ങിനെ ഈ ജീവിതകാലം തന്റെ ഉണ്ണിയേട്ടനെ മറക്കാൻ കഴിയും. അവളുടെ മനസ്സിൽ ഗുപ്തമായ പ്രണയം നിഴലാട്ടമാടുകയായിരുന്നു, ആരോരുമറിയാതെ അവളൊളിപ്പിച്ച പ്രണയം. ഇല്ല ഇതൊരിക്കലും സംഭവിക്കാൻ പാടില്ല. ഞാൻ ഒരിക്കലും പ്രണയത്തിൽ വീണു പോകാൻ പാടില്ല. ഇന്നല്ലെങ്കിൽ നാളെ എല്ലാതിൽ നിന്നും യാത്ര പറഞ്ഞ് ഇറങ്ങേണ്ടതാണ്. ഇപ്പോൾ തന്നെ മണ്ണിൽ മരംവേരിറക്കും പോലെ അയാളിൽ ഏറെ ആഴ്ന്നു പോയി. അത് പറിച്ചു മാറ്റപ്പെടുമ്പോൾ ഉള്ള വേദനയുടെ ആക്കം കൂട്ടുകയേ ഉള്ളു. അപ്പോൾ മനസ്സിലേക്ക് കടന്നു വന്ന് കുമിഞ്ഞ് കൂടിയ ഒരായിരം ചിന്തകൾക്കടിയിൽ അവൾ ഇതുവരെ പറയാത്ത അവളുടെ ആദ്യ പ്രണയത്തെ കുഴിച്ചു മൂടി. അവൾ നടന്നകലുന്ന അരവിന്ദനെ അവസാനമായി ഒരുവട്ടം കൂടി നോക്കി. ഒരുതുള്ളി കണ്ണുനീർ ആ ചുവന്ന കവിളിണകളിൽ കൂടി ഒഴുകിയിറങ്ങി, ആ കുഞ്ഞു നുണക്കുഴികളിലൊന്നിൽ വന്നു നിറഞ്ഞു. ശരിയാണ് ആദ്യ പ്രണയം ആർക്കും മറക്കാൻ കഴിയില്ല.