ഞാൻ കളിവാക്ക് പറയുകയാണോ എന്നറിയാതെ അവളെ നോക്കി. അവളുടെ മുഖത്ത് ഇന്ന് വരെ കാണാത്ത നിശ്ചയദാർഢ്യം.
“നീയെന്ത് പ്രാന്താണീ പറയുന്നത്”
“ഭ്രാന്തല്ല. ഞാൻ കുറേനാളായി പറയണമെന്ന് വിചാരിക്കുന്നു. പരമാർത്ഥമതാണ്. എനിക്ക് ആരെയും വിവാഹം കഴിച്ച്, ഒരു സ്ഥലത്ത് ഒതുങ്ങി കൂടാൻ താൽപര്യമില്ല. എനിക്ക് ഒരുപാട് സഞ്ചരിക്കണം, ലോകം കാണണം, പല മനുഷ്യരെ പരിചയപ്പെടണം, ബന്ധങ്ങളൊന്നും ബാക്കി വയ്ക്കാതെ പറവകളെ പോലെ പറന്നുയരണം.”
“ മീനാക്ഷി നീ ഒരുമാതിരി സിനിമാ ഡയലോഗ് പറയരുത്, എല്ലാം നേരെയായി വരുമ്പോൾ നീ മനഃപൂർവ്വം അകലാൻ നോക്കുന്നതാണ്. നിനക്കീ പറഞ്ഞതിലൊന്നും യാതൊരുവിധ തൽപര്യവുമില്ലെന്ന് എന്നെ പോലെ തന്നെ നിനക്കും അറിയാം. എന്നിട്ടും എന്തിന് ?…” എനിക്ക് ദേഷ്യവും കരച്ചിലും എല്ലാം വരുന്നുണ്ട്.
“ ഡാർജിലിംങിൽ ഒരു കോളേജിൽ ജോലി ശരിയായിട്ടുണ്ട്, ഞാൻ അങ്ങോട്ട് പോകും, കുറച്ച്നാൾ ഒരു ബുദ്ധിമുട്ടുണ്ടാകും, എങ്കിലും പതിയെ ഉണ്ണിയേട്ടൻ എന്നെ മറക്കും.”
“നിന്നെ ഞാൻ എങ്ങനെ മറക്കും, അത് എന്നെ കൊണ്ട് കഴിയുന്ന കാര്യമാണോ.” എൻ്റെ നിറഞ്ഞ കണ്ണുകളിലേക്ക് അവൾ നിർവികാരയായി നോക്കി.
ഞാൻ കണ്ണ് രണ്ട് വശത്തേക്ക് തുടച്ച് മാറ്റി കടലിനെ നോക്കി പറഞ്ഞു;
“പോകാനാണ് നിൻ്റെ തീരുമാനമെങ്കിൽ ഞാൻ എതിർക്കില്ല. എവിടെ വേണമെങ്കിൽ പോകാം, ഈ ലോകത്തിൻ്റെ അറ്റം വരെയും, ഇഷ്ടമുള്ളതെന്തും ചെയ്യാം. പക്ഷെ ഒരിക്കൽ, എല്ലാം മടുക്കുമ്പോൾ തിരിച്ച് വരണമെന്ന് തോന്നുകയാണെങ്കിൽ, ഇങ്ങോട്ട് വരണം എൻറെ ഒറ്റമുറി വീട്ടിലേക്ക്. കാത്തിരിക്കുന്നുണ്ടാവും,… അത് എന്നാണെങ്കിലും , ഒരുവേള വന്നില്ലെങ്കിലും…” എൻ്റെ ശബ്ദം വിറച്ചു കൊണ്ടാണ് അവസാനിച്ചത്. അതിൻ്റെ ആഴം വ്യർത്ഥമാണെങ്കിലും അഗാധമായിരുന്നു.
അവൾക്കതിനെ എതിർക്കണമെന്നുണ്ടായിരുന്നിട്ടും അതിന് മുതിർന്നില്ല എന്നതാണ് അവളെന്നോട് കാണിച്ച ഏറ്റവും വലിയ കാരുണ്യം. അത്രയും തകർന്ന എനിക്ക് അത് കൂടി താങ്ങുമായിരുന്നില്ലെന്നവൾക്ക് ഉറപ്പായിരുന്നിരിക്കണം. അത്രക്കെങ്കിലും അനുകമ്പ ഞാനപ്പോൾ അർഹിച്ചിരുന്നു.
അവൾ പഴയത് പോലെ എൻ്റെ തോളിൽ തലവച്ച്, തിരതല്ലുന്ന കടലിനെയും നോക്കിയിരുന്നു .
“എന്നെ ഒന്ന് നാട്ടിൽ കൊണ്ട് പോകോ, എനിക്ക് സരുവിനോട് യാത്ര പറയണം.”