**************
ബെസ്സൻനഗറുള്ള ബീച്ചിൽ വൈകുന്നേരം ഞങ്ങൾ കൈകൾ കോർത്ത് കൊണ്ട് നടന്നു. ഇപ്പോൾ അവൾ പൂർണ്ണമായും എൻ്റെ മീനാക്ഷിയാണ്, എൻ്റെ മാത്രം മീനാക്ഷി. ഞങ്ങൾ അവിടെയുള്ള അഷ്ടലക്ഷ്‌മി അമ്പലത്തിന് തെക്ക് ഭാഗത്ത് കൂടി നടന്ന്. പ്രൗഢിയോടെ നിലകൊള്ളുന്ന സ്മിഡ്ത്ത് സ്മാരകത്തിൽ (Schmidt Memorial, നാടോടിക്കാറ്റിൽ കാണിക്കുന്ന മന്ദിരം) സമുദ്രത്തിന് അഭിമുഖമായ അറ്റത്ത് അസ്‌തമന സൂര്യനെയും നോക്കിയിരുന്നു. ഉപ്പ് കയ്ക്കുന്ന തണുത്തൊരു കാറ്റ്, അവളുടെ മുടിയിഴകളെ തൊട്ട്തലോടി കടന്ന്പോയി. ചുമന്ന് തുടത്ത അസ്‌തമന സൂര്യൻ ശോഭയിൽ അവളോട് പരാജിതനായി നിറഞ്ഞ കടലിൽ ചാടി ആത്മാഹുതി ചെയ്തു. അവളെൻ്റെ തോളിൽ തലചായ്ച്ച് അന്തമില്ലാത്ത കടലിനെയും നോക്കികിടന്നു.
“ ഞാൻ ഒരു ദിവസം ഇല്ലാതെയായാൽ ഉണ്ണിയേട്ടൻ എന്ത് ചെയ്യും.” അവളെൻ്റെ മുഖത്ത് നോക്കാതെ തന്നെ ചോദിച്ചു.
“ മീനാക്ഷി നിനക്കീ ബീച്ചിൻ്റെ, നമ്മളീയിരിക്കുന്ന സ്മാരകത്തിൻ്റെ കഥയറിയുമോ , മരിക്കുമെന്നുറപ്പുണ്ടായിട്ടും കടലിലിറങ്ങി നീന്തി ഒരു കൊച്ചുകുട്ടിയെ രക്ഷിച്ച ധീരനായ, കാൾ സ്മിഡ്ത്ത് എന്നയാളുടെ ഓർമ്മക്കുള്ള സ്മാരകമാണിത്. മരണമെന്നത് നമ്മുടെ കൈപിടിയിലൊതുങ്ങുന്നൊരു കാര്യമല്ല. എങ്കിലും നിനക്കായി നീന്താനെനിക്കൊരു അവസരം തന്നുകൂടെ.
നീ എന്നോട് പറ, നീ ഒരുപാട് മരുന്നുകൾ കഴിക്കുന്നുണ്ട്. നീ എന്തിനെയാണ് ഇത്രയേറെ ഭയക്കുന്നത്, ആരില്ലെങ്കിലും നിനക്കൊപ്പം അതിനെ നേരിടാൻ ഞാനുണ്ടായിരിക്കും.”
അവൾ എന്നെ നോക്കിയില്ല. കടലിനെ തന്നെ ഉറ്റുനോക്കി കൊണ്ടിരുന്നു. എങ്കിലും ആ വക്കുകൾ അവളിൽ നേരിയൊരു സ്പന്ദനമുണ്ടാക്കി.
അവൾ പെട്ടന്നൊരു ചിരി വരുത്തികൊണ്ട് പറഞ്ഞു,
“ഞാൻ എന്തിനെയാണ് ഭയക്കുന്നതെന്ന് പറയാൻ തന്നെയാണ് നമ്മളിന്നിവിടേക്ക് വന്നത്, അതൊരിക്കലും ഒരു വ്യാധിയല്ല. കഴിക്കുന്ന മരുന്നുകളെല്ലാം വിറ്റമിൻ ഗുളികകളാണ്. ഇത്രയും ചൂടും, വരണ്ട കാലാവസ്ഥയും എന്റെ ജീവിതത്തിൽ ആദ്യമായാണ്. ഇതൊന്നും താങ്ങാൻ എന്നെ കൊണ്ട് കഴിയുന്നില്ല അതാണ് മരുന്നുകൾ വച്ച് പിടിച്ച് നിൽക്കുന്നത്. ഇനി അതിൻ്റെ പ്രശ്നമില്ല, അതാണ് ഞാൻ പറയാൻ വന്നത്”
അവളെന്താണ് പറയാൻ പോകുന്നതെന്ന് ഓർത്ത് എൻറെ നെഞ്ച് ശക്തിയിൽ മിടിച്ച് തുടങ്ങി.
“നമ്മുക്ക് പിരിയാം ഉണ്ണിയേട്ടാ, എനിക്ക് ഇങ്ങനെ ജീവിക്കാൻ താൽപര്യമില്ല. എനിക്ക് ആരുടേയും ഭാര്യയായിരിക്കണ്ട. എനിക്ക് ഞാനായിരിക്കണം. മുഴുവനായും ഞാൻ. ഉണ്ണിയേട്ടനൊപ്പം എന്റെ ജീവിതം അപൂർണ്ണമാണ്.”