‘ഹൊ, കണ്ടട്ട് തന്നെ കൊതിയാവണു, മീനാക്ഷിയൊന്നും ഇല്ലായിരുന്നെങ്കിൽ രണ്ടെണ്ണം അടിച്ച് ഇവിടെ തന്നെ കിടക്കായിരുന്നു, ടച്ചിങ്സ് ആയി ഡോഗ് ഫുഡും കഴിച്ച്’
ഞങ്ങൾ അവിടന്നും ഇറങ്ങി, നേരെ വീട്ടിലേക്ക് വച്ചടിച്ചു.
**********
വണ്ടി അടിയിൽ പാർക്ക് ചെയ്ത് ഞങ്ങൾ കയറുമ്പോ ദിൽബറിന് എന്തോ കോള് വന്നു അവനവിടെ നിന്നു. അതേതായാലും നന്നായി ഈ സമയം കൊണ്ട് മീനാക്ഷിയുടെ പിണക്കം മാറ്റാം ഞാൻ വേഗം പടികൾ ഓടികയറി.
വീട്ടിൽ കയറിയപ്പോൾ, ഹാളിൽ ഡൈനിംങ് ടേബിളിൽ നിരത്തിവച്ച പാത്രങ്ങൾക്കിടയിൽ തലചായ്ച്ച് മീനാക്ഷി കിടപ്പുണ്ട്. കണ്ണെല്ലാം കരഞ്ഞുകലങ്ങി വീർത്തിട്ടുണ്ട്. ഞാൻ മെസ്സേജ് അയച്ചതാണല്ലോ ഒന്നും കുഴപ്പമില്ലാന്നു എന്നിട്ടും എന്തിനാണ് കരഞ്ഞത്. ഞാൻ അവൾക്കു ചുറ്റും നോക്കി, ഇതു മുഴുവൻ ഇവള് വച്ചുണ്ടാക്കിയതാണോ, ഞാൻ ക്യാരറ്റ് ഉപ്പേരി എഴുത്ത് രുചിച്ച് നോക്കി നല്ല രുചി. ഉരുളകിഴങ്ങ് സ്‌റ്റുവും, അവിയലും, സാമ്പാറും, പാവക്ക പച്ചക്കരിഞ്ഞ് മുളകിട്ട് വറുത്തതും, വറ്റൽ മുളകിട്ടരച്ച ചമ്മന്തിയും എല്ലാം ഒന്നിനൊന്ന് മെച്ചം. അടുത്ത് തന്നെ നല്ല ആവി പറക്കുന്ന ചെമ്പാവരി ചോറുമുണ്ട്. ഇവളു കൊളാവല്ലോ, എൻ്റെ കൂടെ കൂടി വളരെ മെച്ചപ്പെട്ടു.
ദിൽബറിന് നല്ല വായറ് ഭാഗ്യമുണ്ട്. ഇല്ലെങ്കിൽ വല്ല കട്ടൻചായയും ഇട്ട് കുടിച്ച് സന്തോഷമായി പോണ പയ്യനാ. ഇന്ന് സദ്യയാണ്. തലകറങ്ങി വീഴാവോ, ഇതൊക്കെ കണ്ടിട്ടു.
ഞാൻ അവൾക്കരികിൽ കസേരയിൽ ഇരുന്ന് മേശയിൽ കൈകുത്തി അതിൽ തലതാങ്ങിയിരുന്ന് അവളെ നോക്കി. നല്ലോണം ബുദ്ധിമുട്ടിയിട്ടുണ്ട് പാവം. ഞാൻ അവളുടെ മുഖത്തേക്ക് വീണ് കിടക്കുന്ന കുറുന്നിര മാടിയൊതുക്കി ആ കാതിന് പിന്നിലായി വച്ചു. അവൾ ഉണർന്ന് എൻ്റെ മുഖത്തേക്ക് നോക്കി ചുണ്ട് പിളർത്തി പരിഭവം കാണിച്ചു. ഞാൻ അവളുടെ ശിരസ്സിൽ തലോടികൊണ്ട് മൂർദ്ധാവിൽ ചുംബിച്ചു. അവളുടെ സങ്കടം പൊട്ടിയൊഴുകി, എൻ്റെ ഷർട്ട് വലിച്ചടുപ്പിച്ച് തോളിൽ തലചായ്ച്ച് കരഞ്ഞ് കൊണ്ടിരുന്നു.
അവളൊന്നടങ്ങിയപ്പോൾ ഞാൻ പറഞ്ഞു.
“രാവിലെ പെട്ടന്ന് അവൻ കേറി വന്ന് അങ്ങനെയെല്ലാം ചെയ്തപ്പോൾ എനിക്ക് പെട്ടന്ന് ദേഷ്യം വന്നു അതാണ്, എനിക്കറിഞ്ഞൂടെ നിന്നെ.”