പെട്ടന്ന് ശ്രീറാമിൻ്റെ കൂടെയുണ്ടായിരുന്ന പെണ്ണ് അവനെയും പിടിച്ച് വലിച്ച്, മുകളിൽ നിന്നും ഞങ്ങടെ ഹണീട്രാപ്പിലേക്ക് ഓടിവരുന്നു. ദിൽബറിന് പ്രാന്തായി തുടങ്ങി. ആൾക്കാർ അവനെ പിച്ചി തിന്നുമോന്നു വരെ തോന്നിപോയി. ഞാൻ അത് കാര്യമായി മൈൻഡ് ചെയ്തില്ല. പെണ്ണു ഓടിവന്നു കൂട്ടത്തിലേക്ക് കയറിപ്പോയി, ശ്രീറാം വാച്ചിൽ സമയവും നോക്കി ആ ചക്രവ്യൂഹത്തിന് പുറത്ത് നിൽപ്പുണ്ട്. ഞാൻ അവനെ കോളറിൽ പിടിച്ച് വലിച്ച് ഒരു ഓരത്ത് ചുമരിനോട് ചേർത്ത് വച്ച്, മൂക്കിനിട്ടൊന്നു കൊടുത്തു. അത് രാവിലെ ഓങ്ങിവച്ചതാണ്. മൂക്ക് പൊട്ടി ചോരചാടിതുടങ്ങി.
“നിനക്ക് എത്ര കാമുകി ഉണ്ടെന്നു ഞാൻ ചോദിക്കണില്ല, നിനക്കെത്ര തന്തയുണ്ട്. നന്നായി ആലോചിച്ചിട്ട് ഉത്തരം പറഞ്ഞാ മതി”
“നിനക്കെന്താടാ പ്രാന്താ” അവൻ മൂക്ക് തുടച്ചു ചീറി. നല്ല ഒന്നാന്തരം പോർട്ട് കൊച്ചി മലയാളത്തിൽ.
“ അല്ലേ… നുമ്മക്കിന് മേണം. ഒരു സീനും ഇല്ലാണ്ട് വല്ലോനെ ഹെൽപ്പാക്കാൻ പോണ ബഡികൾക്കൊക്കെ ഇത് തന്നെ വേണം. നീയൊക്കെ ഏതാണ്. എനിക്ക് എന്തിൻ്റെ വേദനയായിരുന്ന്. അവളന്ന് പറഞ്ഞപ്പളേ ഓർക്കണ്ടതായിരുന്ന് വല്ല ഡാർക്ക് സീനും ആവുന്ന്.”
അവൻ നല്ല റോളിലാണ് ഡയലോഗ് അടിക്കണതെങ്കിലും കണ്ണ് നിറഞ്ഞ് ഒഴുകണുണ്ടാർന്നു. പാവം തല്ലാണ്ടാർന്നു. ഞാൻ പല്ല് കടിച്ചു പിന്നോട്ട് തലയാക്കി ഒന്നറച്ച് അവനെ നോക്കി. അവൻ പുറം കൈ വെച്ച് മൂക്ക് തൊടച്ച്, അതിലേക്ക് നോക്കി.
“ഇയ്യോ.. ചോര, നീയ്യെ… വേഗം പടി ആയിക്കൊ നീ, നിനക്ക്ള്ള പണി ഞാൻ തരിണ്ണ്ട്.” അവൻ എന്നെ തള്ളി മാറ്റി നടന്നു.
ശ്ശെ, കുഞ്ഞിപിള്ളേരെ തല്ലിയ പോലെയായി. വേണ്ടായിരുന്നു.
ഞാൻ ദിൽബറിനേയും വലിച്ചെടുത്ത്, ആൾക്കാരെ തള്ളിമാറ്റി നടന്നു. ഞങ്ങൾ വണ്ടിയെടുത്ത് വേഗം അവിടെ നിന്നും വലിഞ്ഞു.
“ വല്ലാത്ത പണിയായി നീ തന്നത്” ദിൽബറ് പറയാണ്
“ ഞാൻ തന്നതാ. നിൻ്റെ തലയ്‌ക്കെന്താ വല്ല ഓളം വെട്ടണിണ്ടാ. നിന്നോടാരാണ് വണ്ടീന്ന് എറങ്ങാൻ പറഞ്ഞത്. ഒന്നുമില്ലേലും ഇത്ര കൊല്ലായില്ലെ സിനിമേല്, നിനക്കറിഞ്ഞൂടെ നിന്നെ കണ്ട ആള് കൂടുംന്ന്.” ഞാൻ അപ്പോഴെത്തെ ദേഷ്യത്തിന് അവനെ ചീത്ത പറഞ്ഞു. അവൻ ചെറുതായി പിണങ്ങി.