‘കുഴപ്പമില്ല, എനിക്ക് നിന്നെ മനസ്സിലാവും, ഇൻ്റർവ്യൂവിലാണ് അൽപ്പം കഴിഞ്ഞ് വീട്ടിലേക്ക് വരാം. ഞാൻ അതൊന്നും കാര്യമായിട്ട് തന്നെ എടുത്തിട്ടില്ല’ എന്ന് തിരിച്ചുയച്ച്. നോക്കുമ്പോൾ ദിൽബർ ചാവിയെല്ലാം കറക്കി വരുന്നു.
“പോകാം”
“എങ്ങോട്ട് പോകാന്ന്”
“നീയെറങ്ങ് വെറുതെ കറങ്ങീട്ട് വരാം, കുറെ നാളായില്ലെ ഇങ്ങോട്ട് വന്നിട്ട്”
ഞാൻ വേറെ വഴിയില്ലാതെ അവന്റെ പുതിയ പോർഷെ പനമേരയിൽ കുനിഞ്ഞ് കയറി. ഇത്തരം ആഡംബരവണ്ടികൾക്ക് ഉള്ളിൽ വിമാനത്തിൻ്റെ കോക്ക്പിറ്റ് പോലെ പേടിപ്പിക്കുന്ന, ഇൻഫോടൈൻമെൻ്റും ഇൻ്റീരിയറും ആയിരിക്കും. പക്ഷെ ഇതിലെനിക്ക് അത്ഭുതം തോന്നി, വളരെ സിംപിളും, ലാളിത്യം തോന്നുന്നതും സ്പോർട്ടിയുമായ ഇൻ്റീരിയർ. അതിനെത്ത പവർ ഡെലിവറിയും ശബ്ദവും. ഞാൻ അതിൽ രാജാവിനെ പോലെയിരുന്ന് ഉറങ്ങിപോയി. എണ്ണീറ്റപ്പോൾ അവനെന്തൊകെയോ തള്ളുന്നുണ്ട്. ഞാൻ മൂളി കേട്ടുകൊണ്ടിരുന്നു. ചെന്നൈ ദിൽബറിന് ഒരുപാട് ഇഷ്ടമാണ്, അവൻ വളർന്നതിവിടെയാണ്.
അപ്പോഴാണ് എക്‌സ്പ്രസ്സ് അവന്യൂ മാളിലേക്ക് ശ്രീറാം ഒരു പെണ്ണുമായി കയറി പോകുന്നത് ഞാൻ കണ്ടത്. അവനവളെ ചേർത്ത്പിടിച്ച് മൂർദ്ധവിൽ ചുംബിക്കുന്നത് കണ്ടപ്പോൾ ഞാൻ ദിൽബറിനോട് വണ്ടി സൈഡാക്കാൻ പറഞ്ഞു. നിന്നതും ഞാൻ ചാടിയിറങ്ങി അങ്ങോട്ട് ഓടി. ഇത് കണ്ട് പകച്ച ദിൽബറ് ഇറങ്ങി പിന്നാലെ ഓടിവന്നു. അവർ കാഴ്ചയിൽ രണ്ടു യുവമിഥുനങ്ങളെ പോലെ തോന്നിച്ചു. മീനാക്ഷി ആയിരിക്കില്ല. പിന്നെ അത് ആരായിരിക്കും. ഞാൻ ഓടി ഉള്ളിലെത്തി. അവരെവിടെയോ തിരക്കിൽ മറഞ്ഞിരുന്നു. പെട്ടെന്ന് ദിൽബറ് ഓടി അടുത്തെത്തി.
“ എന്താ….. ആരാ…” അവൻ കിതച്ച് കൊണ്ട് ചോദിച്ചു.
“അതിനു നീയെന്തിനാ ഇറങ്ങിയത്” ഞാൻ തലയിൽ കൈവച്ച് പറഞ്ഞു. അപ്പോഴേക്കും ആളുകൾ ഓടികൂടി ദിൽബറിനെ പൊതിഞ്ഞു. അവനു ഹിന്ദിയിലും, തമിഴിലും, മലയാളത്തിലും, തെലുങ്കിലും, ഒരുപോലെ ഹിറ്റ് പടങ്ങളും ആരാധകരും ഉണ്ട്. പെൺകുട്ടികൾ സെൽഫി എടുക്കാൻ പേപ്പട്ടികടിച്ച പോലെ ഓടി വന്നു. അവൻ രക്ഷിക്കാൻ എന്നെ ദയനീയമായി നോക്കി. ഞാൻ പക്ഷെ ചുറ്റും പോക്കറ്റടിക്കാരൻ്റെ പോലെ ഓടിനടന്ന്, ഈ വന്നവരിൽ അവരുണ്ടോന്ന് നോക്കുകയായിരുന്നു. ദിൽബറ് ഒരു ജീവനുള്ള ഹണീ ട്രാപ്പ് ആയി വർക്ക് ചെയ്ത് കൊണ്ടിരുന്നു.