എനിക്ക് എല്ലാം കൂടി അങ്ങട് പൊളിഞ്ഞ് വന്നു. വാതിലിൽ ഒരു അനക്കം കേട്ട് നോക്കിയപ്പോൾ അവനെ കണ്ട് മീനാക്ഷി പകച്ച് വാതിലിൽ ചാരിയതാണ്. കയ്യിലൊരു പാൽപാക്കറ്റും, കുറച്ച് പച്ചക്കറികളുമുണ്ട്. പ്രതീക്ഷിക്കാത്തത് എന്തോ സംഭവിച്ച നടുക്കം മുഖത്തുണ്ടായിരുന്നു. ഈ വിലകുറഞ്ഞ മങ്ങിയ മാക്സി തുണിയിലും അവൾ പതിവിലും ശോഭയോടെ വിളങ്ങി നിന്നു. അവളോട് പറയാനും, ചോദിക്കാനും ഒരുപാടുണ്ടായിരുന്നു. പക്ഷെ ഇങ്ങനെയൊരു അരങ്ങിൽ വേഷമറിയാതെയുള്ള ഒരു ആട്ടം, അത് ഞാൻ ആദ്യമായിരുന്നു.
“ ബേബ്, ദേർ യു ആർ. സ്റ്റിൽ സ്വീറ്റ് എൻഡ് സിംപിൾ. ഐ മിസ്സ്ഡ് യൂ സോ ബാഡ്‌ലീ. ഞാൻ നമ്മുടെ അരവിന്ദനെ പരിചയപ്പെടുകയായിരുന്നു. ഓഹ് സോറി, വാട്ട് യൂ യൂസ്ഡ് റ്റു കോൾ ഹിം, ഉണ്ണി, യെസ്സ്. ഉണ്ണിയെ പരിചയപ്പെടുകയായിരുന്നു.”
അവൻ മീനാക്ഷിയെ ചേർത്ത് പിടിച്ച് പറഞ്ഞു. അതെനിക്ക് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. ഞാൻ മൊബൈൽ ഫോൺ എടുത്ത്, അവിടെ നിന്നും ഒന്നും മിണ്ടാതെയിറങ്ങി പോന്നു. മീനാക്ഷിക്ക് എന്തോ പറയാൻ ഉണ്ടായിരുന്നു, അപ്പോഴത്തെ അവൻ്റെ കാട്ടികൂട്ടലുകളുടെ ദേഷ്യത്തിൽ ഞാൻ അത് കേൾക്കാൻ നിക്കാതെയിറങ്ങി നടന്നു. ടോണിയുടെ വീടെത്തിയപ്പോഴേക്കും ഞാനൊന്നു തണുത്തു. അവനൊരു വലിയ നുണയാണെന്ന് എനിക്കിപ്പോളറിയാം, പേടി അവളെ കുറിച്ചു മാത്രമായിരുന്നു, അവളോട് ചോദിക്കണം, അവളെന്തിൻ്റെ മരുന്നുകളാണ് കഴിച്ച് കൂട്ടുന്നതെന്ന്.
*********
വാതിൽ നോബിൽ പിടിച്ച് തിരിച്ചപ്പോൾ തന്നെ തുറന്നു വന്നു, ഈ മൈരന് വാതില് പൂട്ടണ പരിപാടിയില്ല. അതിനെങ്ങനെയാ രാത്രി വല്ല ബോധവുമുണ്ടോ. അല്ല ഏകദേശം എൻ്റെ വീടും അങ്ങനൊക്കെ തന്നെ.
ടോണിയൊരു ബോധമില്ലാതെ ഇഹലോകമില്ലാതെ കിടന്നൊറങ്ങണിണ്ട്, റൂമിലൊരോരത്ത് ഒരു ഗോൾഡൻ റിട്രീവർ നായ എന്തോ കടിച്ച് പിടിച്ച് ചമ്രംപടിഞ്ഞ് ഇരുപ്പുണ്ട്.
ഞാൻ അവൻ്റെ ഒരു ടീഷർട്ടും ജീൻസും എടുത്ത് കയറി കുളിച്ചു, ദേഹത്ത് വെള്ളം വീണപ്പോഴാണ് ഇന്നലെ കിട്ടിയ അടിയുടെ കാര്യം ഓർമ്മ വന്നത്. പുറത്ത് നല്ല നീറ്റലുണ്ട്. പക്ഷെ കഴുത്തിലും നെഞ്ചിലും എന്താണ് പുകച്ചിൽ, ഞാൻ സൂക്ഷിച്ച് നോക്കി, അവളുടെ നഖമുനകൾ കൊണ്ട പോറലുകളാണ്, കഴുത്തിൽ ഒരു ദന്തക്ഷതം പതിഞ്ഞ് കിടപ്പുണ്ട് പറ്റില്ല ടീഷർട്ട് പറ്റില്ല. മുറിവുകൾക്കും, വേദനകൾക്കും വല്ലാത്ത ഒരു തണുപ്പ്, ഒരു പ്രത്യേക സുഖം. ഞാൻ വേഗം കുളിച്ചിറങ്ങി ഒരു കറുത്ത ലിനൻ ഷർട്ട് തപ്പിയെടുത്തിട്ടു. കുറച്ച് ടൈറ്റാണ് പക്ഷെ ഭംഗിയുണ്ട്.