മീനാക്ഷി കല്യാണം 5 [നരഭോജി]

Posted by

 

അവനതൊക്കെയെങ്ങനെയോ വാരികൂട്ടി വേസ്റ്റ്ബിന്നിലിട്ട് കരഞ്ഞു കൊണ്ട് എനിക്കടുത്ത് ഓടിവന്നു. അവളെ നോക്കി എന്നെ അണച്ച് പിടിച്ചു. പറയാനും കരയാനും എനിക്കിവരു രണ്ടുപേരും മാത്രമേയുള്ളു.

 

അവൻ ആരോടൊക്കെയോ എനിക്കും, അവൾക്കും വേണ്ടി വഴക്കുണ്ടാക്കുന്നുണ്ടായിരുന്നു. തലയുയർത്തി നോക്കുമ്പോൾ അവളുടെ അച്ഛൻ…. രാഘവൻ, എന്നെ അടങ്ങാത്ത പകയിൽ നോക്കുന്നുണ്ട്. അവരവളെയും കൊണ്ട് പോകുകയാണ്. തളർന്നിരുന്നിരുന്ന എൻ്റെ കണ്ണുകളിൽ നിന്നും അവളുടെ നേർത്തവിരലുകൾ മായുംവരെ ഞാൻ നോക്കിയിരുന്നു. അവസാനം വരെയും അവയൊന്ന് ചേർത്ത് പിടിക്കാൻ കഴിയാതെ.

 

************

 

ഞാൻ ഞെട്ടിയെഴുന്നേറ്റ് കിതച്ചു കൊണ്ടിരുന്നു. കണ്ണുകളെല്ലാം നിറഞ്ഞൊഴുകി. ഞാൻ പേടിയോടെ ഓർത്തു, മീനാക്ഷി ഒരുപാട് മരുന്നുകൾ കഴിക്കുന്നുണ്ട്. അവൾക്കൊരു കുഞ്ഞു ബാഗ് നിറയേ മരുന്നുണ്ട്. അതവളോട് ചോദിക്കണം, അവളെവിടെ. എൻ്റെ നെഞ്ച് വേഗത്തിൽ മിടിച്ച് കൊണ്ടിരുന്നു.

 

“ എന്താണ് ദുസ്സ്വപ്നം വല്ലതും കണ്ടതാണോ ? രാവിലെ കണ്ടാൽ അത് ഫലിക്കുമെന്നാണ് പറയുക ”

 

പരിചയമില്ലാത്ത ഒരു പുരുഷശബ്ദമാണ്, പറയുന്നത് നല്ല എരണംകെട്ടവർത്തമാനവും. ഞാൻ അവൻ ആരാണെന്ന് നോക്കി. സോഫക്കഭിമുഖമായി കസേരയിൽ സുന്ദരനായ ഒരു ചെറുപ്പക്കാരൻ ഞാൻ ഉണരുന്നതും നോക്കി വലത്കാൽ ഇടത്കാലിന് മുകളിൽ കയറ്റി വച്ച് ചുഴറ്റി കാവലിരിക്കുകയാണ്. ഇവനെ ഞാൻ എവിടെയോ,.. അധികം ഓർക്കേണ്ടി വന്നില്ല. അവൻ സ്വയം പരിചയപ്പെടുത്തി.

 

“ഹായ്, ഐ ആം ശ്രീറാം, ശ്രീറാം കർത്തികേയൻ. മീനക്ഷി ആൾ റെഡി പറഞ്ഞിരിക്കുമല്ലോ. അരവിന്ദൻ റൈറ്റ്? ഞാൻ ബുദ്ധിമുട്ടിച്ചില്ലല്ലോ.”

 

ഒരു സി.ബി.എസ്.ഇ. കുട്ടിയുടെ ഔപചരികതയോടെ അവൻ പറഞ്ഞ് നിർത്തി. ശ്രീറാം, മീനാക്ഷിയുടെ കാമുകൻ. എനിക്കെൻ്റെ തലയിൽ ആരോ ആണിയടിച്ച് കയറ്റിയത് പോലെ തോന്നി. അങ്ങനെ ഒരിക്കലും വരരുതെന്ന് ഞാൻ പ്രതീക്ഷിച്ച നിമിഷവും വന്നെത്തി. അതും ഇന്ന് തന്നെ.

 

അയാൾ കൈകൾ എൻ്റെ നേരെ നീട്ടി ഷേക്ക്ഹാൻഡിനായി. ഞാൻ വെറുതെ അതിലേക്ക് ഒന്ന് നോക്കി. എഴുന്നേറ്റ് അവന് അഭിമുഖമായിരുന്നു. മീനാക്ഷി എവിടെ, അവളിവനോട് എന്നെ കണ്ട് സംസാരിക്കാൻ പറഞ്ഞ് മാറി നിൽപ്പാണോ. ഞാൻ അടുക്കളയിലേക്ക് നോക്കി. ഇല്ല, അവിടെയില്ല.

Leave a Reply

Your email address will not be published. Required fields are marked *