എൻഡ് ഓഫ് ദ ഡേ, എല്ലാ ദിവസത്തിനുമന്ത്യത്തിൽ നമ്മൾ തനിച്ചാണെന്നറിയുമ്പോൾ, നമ്മുടെയെല്ലാം അകത്തെവിടെയോ ഒളിച്ചിരുപ്പുള്ള ഒരു കൊച്ചുകുട്ടി ചാടി പുറത്തുവന്നിരുന്ന് നമ്മളെ നോക്കി കരയും.
ഇത്തരത്തിലുള്ളൊരു ദിവസം വിളിക്കാതെയും പറയാതെയും കയറി വരുമ്പോൾ, തലചായ്ക്കിരിക്കാൻ ഒരു മടിതട്ടെങ്കിലും ബാക്കിയില്ലാത്തവനാണ് യഥാർത്ഥ ദരിദ്രൻ.
********
എത്രനേരം അങ്ങനെ തന്നെയിരുന്നുവെന്ന് ഓർമ്മയില്ല. ആരോ വന്ന് ഹീറ്റർ ഒഫ് ചെയ്ത് ചുമലിൽ കയ്യ് വച്ച്, പൈപ്പ് തുറന്നു.
“ യിയ്യോ……. ” ഞാൻ ചിന്തകളിൽ നിന്ന് ഞെട്ടിതിരിഞ്ഞു.
“ ഇനി പേടിച്ച് ചാവണ്ട…, ഞാനാണ് ” മീനാക്ഷി ഒന്ന് ഞെട്ടി നെഞ്ചിൽ കയ്യ് വച്ചുകൊണ്ട് പറഞ്ഞു.
“ എനിക്കറിയാരുന്നു, ഇന്നിവിടെ വന്നിട്ടു, ഇങ്ങനെ ഈ ഇരിപ്പിരിക്കുണുണ്ടാവൂന്നു.” ഇത് പറയുന്നതിനിടയിൽ അവൾ ചൂടുവെള്ളത്തിൽ പച്ചവെള്ളം കലർത്തി മയപ്പെടുത്തി പാകമുള്ള ചൂടായപ്പോൾ അവളെന്നു ചിരിച്ചു. ഞാൻ അവളെ നോക്കി, ഇന്നു മുഴുവൻ ഉടുത്ത് ഉലഞ്ഞ കോട്ടൻസാരി ആ ഒതുങ്ങിയ അരകെട്ടിലേക്കു കയറ്റിക്കുത്തിയിട്ടുണ്ട്, മുടിയവിടവിടെ അഴിഞ്ഞ് ഇഴകളൂർന്നിറങ്ങി കിടപ്പുണ്ട്, അന്ന് മുഴുവൻ ക്ലാസ്സുകളിൽ കയറിയിറങ്ങി, തലതെറിച്ച പിള്ളേരോട് വായിട്ടലച്ചതിൻ്റെ ക്ഷീണം മുഴുവൻ മുഖത്ത് തെളിഞ്ഞ് കാണാനുണ്ട്. ഇവളുടെ ഈ വാടിയ മുഖത്തിനു പോലും എന്തൊരു തേജസ്സാണ്.
അവൾ ശ്രദ്ധയോടെ എൻ്റെ ദേഹത്ത് പതിഞ്ഞു കിടന്നിരുന്ന ക്ഷതങ്ങളിലും, അടികൊണ്ട തടിമ്പ്കളിലും, വിരലോടിച്ച്, അവിടവിടെ തെളിഞ്ഞു ചോരപ്പൊടിഞ്ഞ് കിടന്നിരുന്ന മുറിവുകളിൽ ഏതിലോ, വിരൽ ചെന്ന് കൊണ്ടപ്പോൾ പെട്ടന്നെന്നിൽ മിന്നിമറഞ്ഞ വേദന ഞാൻ കടിച്ചമർത്തി. അതവൾ വിരലിനാൽ തിരിച്ചറിഞ്ഞു. ആ മിഴികൾ ആർദ്രമായി. കാതരമായ ആ നിറമിഴികൾ എൻ്റെ കണ്ണുകളിൽ തന്നെയൂന്നി, എൻ്റെ മനസ്സിലെ വ്യാകുലതകൾ മനസ്സിലായെന്ന പോലെ ഇരുതോളുകളിലും പിടിച്ചുവൾ എനിക്കുറപ്പ് തന്നു.
“ ഞാൻ ഉണ്ട്, ആരില്ലെങ്കിലും ഞാനുണ്ട്..”
ഞാൻ ഒരു കൊച്ചുകുഞ്ഞെന്ന പോലെ മുകളിലേക്ക് അവളുടെ മുഖത്തേക്ക് ആ ബക്കറ്റിനു മുകളിലിരുന്നു കൊണ്ട് നോക്കി. എന്തൊ, എനിക്കെൻ്റെ അമ്മയെ ഓർമ്മ വന്നു. കണ്ണെല്ലാം നിറഞ്ഞ് വന്നു. അത്ഭുതം തന്നെ അവൾക്കിപ്പോൾ ഞാൻ മനസ്സിൽ വിചാരിക്കുന്നതെല്ലാം മനസ്സിലാവുന്നത് പോലെ. അവളെന്നെ അവളിലേക്ക് അടക്കി പിടിച്ചു നിന്നു. അവളുടെ മാറിനും, ഉദരത്തിനുമിടയിലെ ചെറിയയിടുക്കിൽ വാത്സല്യത്തിൻ്റെ ചൂട് നിറഞ്ഞ് നിന്നിരുന്നു. എൻ്റെ കണ്ണുനീർ അവളുടെ വയറിലൂടെ ധാരധാരയായി ഒഴുകിയിറങ്ങി അവളുടെ നാഭിയിൽ ചെന്ന് നിറഞ്ഞു തുളുമ്പി.