“എന്നാലും എനിക്കറിയാ ….”
“എന്തറിയാന്നാ ൻ്റെ വാര്യംമ്പിളളിലെ മീനാക്ഷിക്കുട്ടിക്ക്”
“ ന്നെ ഒത്തിരി ഇഷ്ടാന്ന് ”
“ അതെന്താ?? ”
“ ഇന്നലെ ന്നെ ന്തൊക്കെയാ ചെയ്തതേ, ഇഷ്ടം ഇല്ലാത്തോരെ അങ്ങനെ ഒക്കെ ആരെങ്കിലും ചെയ്യോ ദുഷ്ടാ… ”
“ ൻ്റെ മീനാക്ഷി ഒന്നു പതുക്കെ പറ, പറ്റിപ്പോയി, ഇഷ്ടയോണ്ടെന്ന്യാ.” അവൾ അത് കേട്ട് ഒരു വിജയിയെ പോലെ ചിരിച്ചു. “ അല്ലേ….. എന്താ വിളിച്ചേ, ദുഷ്ടാ ന്നൊ ”
“ അതെ ദുഷ്ടനെന്ന്യാ, ന്നെ കരയിപ്പിച്ചില്ലെ ” അവൾ കെച്ചുകുട്ടികൾ പിണങ്ങും പോലെ ചുണ്ട്കൂർപ്പിച്ചു.
ബാലചാപല്യങ്ങൾ വിട്ട് മാറാത്ത ആ ദേവമനോഹരിയായ കോളേജ് അധ്യാപികയെ ഞാൻ അത്ഭുതത്തോടെ നോക്കി. ഇവളെന്നും എനിക്കൊപ്പം ഉണ്ടായിരുന്നെങ്കിൽ ജീവിതം എത്ര അർത്ഥവത്തായേനെ.
“ വാ…., ദുഷ്ടൻ നിനക്ക് തൃഗരാജൻ സാറിനെ കാട്ടിത്തെരാം, ബാ….മേളെ ബാ…”
ഞാൻ അവളെയും അണച്ച് പിടിച്ച് നടന്നു.
എന്തായാലും വിവരങ്ങൾ എവിടെയും അധികം ഇല്ലാതിരുന്നത് കൊണ്ടു നേരത്തേ തന്നെ അന്വേഷിച്ച് എല്ലാം തയ്യാറാക്കി വച്ചത് വളരെ നന്നായി. അതോണ്ടിപ്പൊ ചാടിക്കേറിപ്പോയി ഇൻ്റർവ്യൂ എടുക്കാൻ പറ്റി.
*************
ത്യാഗരാജൻ സാറിൻ്റെ വിൻ്റേജ് സെറ്റപ്പിലുള്ള വീടിനുള്ളിലെ വലിയ പഠന മുറിയിൽ, ഒരുപാട് പുസ്തകങ്ങളുള്ള ഒരു ഷെൽഫ് ബാക്ഗ്രൗണ്ട് സെറ്റ് ചെയ്ത് ഇൻ്റർവ്യൂ തുടങ്ങി.
ഒരു ഓരത്ത് സ്ക്രീൻ സെറ്റ് ചെയ്തു അദ്ദേഹത്തെ കാണിക്കാൻ തയ്യാറാക്കി വച്ചിരുന്ന വീഡിയോകളും ഫോട്ടോകളും കാണിക്കാൻ. മീനാക്ഷി തൻ്റെ പ്രിയനടനെ അടുത്ത് കണ്ട വിഹ്വലതയിൽ അരികിൽ ഞങ്ങളെയും നോക്കി നിൽപ്പുണ്ട്. അദ്ദേഹത്തോട് സംസാരിച്ചപ്പോൾ തന്നെ മനസ്സിലായി, എൻ്റെ അഭിമുഖങ്ങളൊന്നു വിടാതെ കാണുന്ന ഒരാളാണെന്നു. പ്രേക്ഷകൻ എന്നതിലുപരി, അദ്ദേഹം ഒരു അരാധകൻ എന്ന കണക്കെ എന്നോട് സംസാരിച്ചു. എത്ര വലിയ മനുഷ്യനാണ് എങ്ങനെയാണ് അദ്ദേഹത്തിന് ഇങ്ങനെ വിനയത്തോടെ സംസാരിക്കാൻ കഴിയുന്നത് എന്നെനിക്ക് അത്ഭുതമായി. ഒരു യുവാവിൻ്റെ ചുറുചുറുക്കും സൗഹൃദവുമായി അദ്ദേഹം എനിക്ക് മുന്നിൽ നിന്നു. അത് എനിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. ലളിതമായ സൗഹൃത സംഭാഷണങ്ങളിലൂടെ ഞങ്ങൾ അഭിമുഖം തുടങ്ങി.