എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ ബെന്നി ഒരു നിമിഷമെടുത്തു. അപ്പോഴേയ്ക്കും ആരോ ഓടിവന്ന് ജനലിന്റെ കർട്ടൻ ഇട്ടിരുന്നു. ബോധം വന്ന ഉടനെ അവൻ ഒളിയ്ക്കാൻ നോക്കി. എന്നാൽ ജീൻസ് കാലിൽ കുരുങ്ങി ചെളിയിലേയ്ക്ക് കമിഴ്ന്നുവീണു. അപ്പോഴാണ് ജീൻസ് ഇറക്കിയ കാര്യമൊക്കെ അവന് ഓർമ്മ വന്നത്. ഒരുവിധത്തിൽ എഴുന്നേറ്റ ശേഷം അവൻ ജീൻസ് കയറ്റിയിട്ടു. മുറിയിലെ ലൈറ്റ് ഓഫായിരിക്കുന്നു, ഇനി അവർ തന്നെ കണ്ടുകാണുമോ? പക്ഷേ അതൊന്നും ആലോചിച്ചു നിൽക്കാൻ നേരമില്ല. വേഗം ഇവിടെനിന്ന് പുറത്തിറങ്ങണം.
അവൻ വേഗം ബാഗ് എടുത്ത് തോളിലിട്ട്, സ്റ്റയർകെയ്‌സ് വരെയെത്തി. പുറത്തെത്തിയാൽ രക്ഷപ്പെട്ടു അവനോർത്തു. അപ്പോൾ വീണ്ടും ആ കെട്ടിടത്തെയാകെ ഇരുട്ടിലാക്കിക്കൊണ്ട് ലൈറ്റും മോട്ടോറും ഓഫ് ആയി. വെളിച്ചവും ശബ്ദവും നിലച്ചപ്പോൾ അവന് അല്പം ആശ്വാസമായെങ്കിലും അതിന് അൽപായുസ്സായിരുന്നു. കാരണം അവൻ സ്റ്റെയർ കെയ്‌സ് ഇറങ്ങിത്തുടങ്ങിയതും, താഴെ അവന്റെ മുന്നിൽനിന്ന് മുഖത്തേയ്ക്ക് ആരോ ടോർച്ചടിച്ചതും ഒരുമിച്ചായിരുന്നു. ഒരു നിമിഷം അവന്റെ കണ്ണുമഞ്ഞളിയ്ക്കുകയും അവൻ സ്റ്റക്ക് ആവുകയും ചെയ്തു. പിന്നെ പരിഭ്രമിച്ചുകൊണ്ട് പിന്തിരിഞ്ഞോടിയപ്പോഴാണ് , പുറകിൽ നിന്ന് അവന് നേരെ അയാൾ അലറിയത്, “നിൽക്കടാ മയിരെ അവിടെ!” ടോർച്ചടിച്ചപ്പോൾ അത് ഒരുപക്ഷേ വഴിതെറ്റി വന്ന ആരെങ്കിലും ആവാം എന്നും അയാൾ ഒന്നും കണ്ടുകാണില്ല എന്നും ,
ഒരു പക്ഷെ തന്നെ വെറുതെ വിട്ടേക്കാം എന്നുമൊരു ചെറിയ പ്രതീക്ഷ അവന്റെ ഉള്ളിലൂടെ പോയിരുന്നെങ്കിലും, ആ അലർച്ചയോടെ അവന്റെ പ്രതീക്ഷയെല്ലാം പോയി. ഒരു പക്ഷേ അയാൾ ഈ കെട്ടിട്ടിടത്തിന്റെ ഉടമയാവാം, അയാൾ ആവും ലൈറ്റ് ഇട്ടത്. അയാൾ തന്നെ കണ്ടുകാണും, കയ്യിൽ കിട്ടിയാൽ അയാൾ പോലീസിൽ ഏൽപ്പിക്കും. ബെന്നി പിന്നെ ഒന്നും നോക്കിയില്ല, ഓടി. ഹോസ്റ്റലിന്റെ ഭാഗത്ത് മുഴുവൻ വെളിച്ചമായതുകൊണ്ട് അവൻ മുകളിലേക്ക്, ടെറസിലേക്ക് ഓടിക്കയറി. താഴെ ഹോസ്റ്റലിൽ നിന്നുള്ള വെളിച്ചം കുറച്ചൊക്കെ അങ്ങോട്ടും എത്തിയിരുന്നു. ആ അരണ്ട വെളിച്ചത്തിൽ അവൻ മുന്നോട്ട് നോക്കി, അവിടെ ഒരു റോഡിനപ്പുറമാണ് ഹോസ്റ്റൽ. വലതുവശത്ത് ഒരു ഗ്രൗണ്ടാണ്. ഇടതുവശത്ത് മറ്റൊരു ഓപ്പൺ ടെറസ്.
ബെന്നി എത്തിനോക്കി, അത് രാജീവിന്റെ വീടായിരുന്നു. ആ വീട് മുഴുവൻ ഇരുട്ടിലാണ്. ബെന്നി പതുക്കെ താഴെ ജനലിന്റെ സൺ ഷെയ്ഡിലേക്ക് ഇറങ്ങിനിന്നു. അവിടെ നിന്ന് താഴെ മതിലിലേക്ക് കാലെത്തിച്ചാൽ കിട്ടും. ബെന്നി സൺ ഷെയ്ഡിൽ ഇരുന്നുആദ്യം ബാഗ് താഴേയ്ക്ക് ഇട്ടു, പിന്നെ താഴേക്ക് കാലുനീട്ടി. ഒരുവിധത്തിൽ അവൻ മതിലിലേക്ക് ചാടിയിറങ്ങി. പിന്നെ മതിലിൽ നിന്ന് രാജീവിന്റെ കോമ്പൗണ്ടിലേയ്‌ക്ക് ഇറങ്ങിയ അവൻ അവിടെ കിടക്കുന്ന രാജീവിന്റെ കാറിന്റെ അടിയിൽ ഒളിച്ചിരുന്നു. തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ ആരോ നടക്കുന്നത് കേൾക്കാമായിരുന്നു. നിലത്തേക്ക് നോക്കിയ അവന്, അയാൾ അതിന്റെ മുകളിൽ നിന്ന് താഴേക്ക് ടോർച്ചടിച്ചു നോക്കുന്നുണ്ടെന്നത് മനസ്സിലായി. അവൻ ശ്വാസമടക്കി കിടന്നു.