“ഞാൻ വരാം ” ഇത്രേം പറഞ്ഞു മാധവൻ അകത്തേക്ക് ഓടി , നല്ലൊരു മുണ്ടും ഷർട്ടും ധരിച്ചു , മാറ്റി ഉടുക്കാൻ ഒരു ഡ്രസ്സ് എടുത്തു അത് ഏടത്തിയുടെ ബാഗിൽ ഇടാൻ കൊടുത്തു. എല്ലാവരും കൂടി ബസ്‌സ്റ്റോപ്പിലേക്ക് നടന്നു.
കുറെ ദൂരെ ആണ് ഏടത്തിയുടെ വീട്. ബസ്സിൽ ഒന്നര മണിക്കൂർ സഞ്ചരിച്ചു, കടത്തും കടന്നു വേണം അവിടെ എത്താൻ. നിറയെ കുന്നും പുൽമേടുകളും ഉള്ള രണ്ടു ഭാഗവും പുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്ന മനോഹരമായ ഒരു ഗ്രാമം.
കടത്തു ഇറങ്ങിയതോടെ ഏട്ടത്തി പുതിയ ഒരാളെ പോലെ ആയി. പെട്ടിയും ബാഗും ഏട്ടന്റെ കയ്യേൽ കൊടുത്തു മുന്നിൽ നടന്നു. പിറകെ മാധവനും ഏട്ടനും. വഴിയിൽ ചിലരൊക്കെ കുശലം ചോദിയ്ക്കാൻ വന്നപ്പോൾ ഒന്നോ രണ്ടോ വാക് പറഞ്ഞൊപ്പിച്ചു മുന്നോട്ടു നടന്നു.
വീട്ടിൽ എത്താറായതോടെ , എന്തോ തീരുമാനിച്ച പോലെ ഏട്ടത്തി നിന്നു. എന്താ കാര്യം എന്നറിയാതെ പിറകിൽ ഉള്ളവരും.
ഏട്ടന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങി അതിൽ സൂക്ഷിച്ച ചെറിയ മേക്കപ്പ് സാധങ്ങൾ അടങ്ങുന്ന പെട്ടി എടുത്തു. അതിലെ കണ്ണാടിയിൽ നോക്കി മുടിയും സിന്ദൂരവും ശരി ആക്കി. മുഖം തുടച്ചു, പരമാവധി സന്തോഷം പ്രകടിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഏട്ടനെ മുന്നോട്ടു തള്ളി.
“നടക്ക് മനുഷ്യാ”
ഈശ്വരാ ഏട്ടനെ ആരെയേലും വിട്ടു തല്ലാനോ കൊല്ലാനോ ഉള്ള പരിപാടി ആണോ , മാധവൻ മനസ്സിൽ കരുതി.
വീട്ടിൽ നല്ല സ്വീകരണം ആയിരുന്നു. ഉച്ച ആയപ്പോൾ ഏട്ടൻ ഇറയത്തു ഒരു ചാരുകസേരയിൽ ഒന്ന് മയങ്ങി. മാധവൻ നാട് ചുറ്റാൻ പോയി. തത്‌ഫലമായി 2 ചെറിയ കിണ്ടിയും ഒരു വെറ്റില ചെലവും പുഴക്കര ഉള്ള കുറ്റികാട്ടിൽ ഒളിപ്പിക്കപ്പെട്ടു. ഇപ്പോൾ നാട്ടിലേക്ക് കടത്തുന്നത് ബുദ്ധി അല്ല, കുറച്ചു മാസം അവിടെ കിടക്കട്ടെ
അന്ന് രാത്രി അമ്മയുടെ കൂടെ കിടക്കണം എന്ന് പറഞ്ഞു ഏട്ടത്തി പോയി. മാധവനും ഏട്ടനും ഒരു റൂമിൽ കിടന്നു.
പിറ്റേന്ന് രാവിലെ തന്നെ ഏട്ടൻ ജോലിസ്ഥലത്തേക്ക് പോയി. അവിടെ ഒരു ലോഡ്ജിൽ ആണ് താമസം. ഒരു വാടക വീട് എടുക്കാൻ പ്ലാനുണ്ട്.