ബീഫന് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു മണി ചേട്ടൻ ഉണ്ടാക്കിയതാണ് എന്നറിഞ്ഞപ്പോൾ ഞാൻ അടിപൊളിയാണ് എന്ന് പറഞ്ഞതും രാഹുൽ കഴിപ്പ് മതിയാക്കി പോയി വാതിലടച്ചു. ഫുഡ് ടേസ്റ്റള്ളത് കൊണ്ടാണോ എന്നറിയില്ല ആരും അവനെ വിളിക്കാനൊന്നും പോയില്ല.
ഞങ്ങൾ ഓരോ വളിപ്പ് ഒക്കെ പറഞ്ഞിരുന്നു. കുറച്ചു നേരം നോക്കി നിന്നതിനു ശേഷം അർജ്ജു ബാല്കണിയിലേക്ക് പോയി.
കഴിച്ച പാത്രം കഴുകി വെക്കാൻ ചെന്നപ്പോൾ മണി ചേട്ടനോട് കുറച്ചു നേരം സംസാരിച്ചു. വൈകിട്ട് പഴം പൊരി കഴിക്കുമോ എന്ന് പുള്ളി ചോദിച്ചപ്പോൾ എല്ലാവരെയും പിടിച്ചു നിർത്താനുള്ള വഴി തെളിഞ്ഞു.
എല്ലാവരും ഐസ്ക്രീം കഴിക്കൽ തുടങ്ങി. അർജ്ജു ഒന്നും കഴിച്ചിട്ടില്ലല്ലോ എന്നോർത്തു ഐസ്ക്രീമുമായി അവൻ്റെ അടുത്തേക്ക് നീങ്ങി.
മാത്യവിൻ്റെ അടുത്ത് എന്തോ സംസാരിച്ചുകൊണ്ട് നിൽക്കുകയാണ്. മിക്കവാറും എല്ലാവരെയും പറഞ്ഞു വിടാനുള്ള തത്രപ്പാടിലാണ് അവൻ. ഐസ്ക്രീം നീട്ടിയെങ്കിലും അവൻ വാങ്ങിയില്ല. വേണ്ടെങ്കിൽ വേണ്ട ഞാൻ ഐസ്ക്രീം മാത്യുവിന് കൊടുത്തു.
അവൻ പറഞ്ഞിട്ടായിരിക്കണം മാത്യു ഐസ്ക്രീം കഴിച്ച ഉടനെ പോകാം എന്നായി. ആ നീക്കത്തെ ഞാൻ പഴം പൊരി ഇട്ട് വെട്ടി.
അതിൻ്റെ ഇഷ്ടകേടിലാണ് എന്ന് തോന്നുന്നു അർജ്ജു അവൻ്റെ റൂമിലേക്ക് പോയി.
ഇപ്പോൾ ഫ്ലാറ്റിൻ്റെ യഥാർത്ഥ അവകാശികൾ രണ്ടും ഓരോ റൂമിലായി വാതിലടച്ചിട്ടിരിക്കുന്നു. ബാക്കി ഉള്ളവർ കത്തി വെച്ചിരിക്കുന്നു
ഞങ്ങൾ അവിടെ ഓരോ കാര്യങ്ങൾ ഒക്കെ സംസാരിച്ചിരുന്നു. മറ്റേ ബാച്ചിലെ ലിജോയെ ആദ്യമായി ആണ് പരിചയപ്പെടുന്നത് തമാശ ഒക്കെയായി സമയം നീങ്ങി. ഇടക്ക് സുമേഷും പോളും കൂടി ഹോസ്റ്റലിൽ നിന്ന് എങ്ങനെ പുറത്തായി എന്ന കാര്യമൊക്കെ അറിയാൻ ഒരു ശ്രമം നടത്തി.
അഞ്ചരയോടെ പഴം പൊരി വന്നപ്പോളേക്കും എൻ്റെ മരണ മണി മുഴങ്ങാനുള്ള സമയമായി തുടങ്ങി എന്ന് എനിക്ക് മനസ്സിലായി. എങ്കിലും പിടിച്ചു നിൽക്കണം.
എല്ലാവരും പോകാനുള്ള സമയമായപ്പോൾ റൂമിൽ കയറി വാതിലടച്ചാലോ എന്നായി ആലോചന. അല്ലെങ്കിൽ വേണ്ട നേരിടുക തന്നെ.
അവന്മാർ പോയി വിളിച്ചപ്പോൾ രണ്ടും റൂമിൽ നിന്നിറങ്ങി വന്നു. രാഹുലിൻ്റെ മുഖം കടന്നൽ കുത്തിയത് പോലെയുണ്ട്. അർജ്ജുവിൻ്റെ മുഖത്തെ ഭാവം വായിച്ചെടുക്കാൻ കഴിയുന്നില്ല.