എന്തിനാണ് ഞാനിങ്ങനെ വിങ്ങിപൊട്ടനാവുന്നത്? അറിയുന്നില്ല,മനസ്സിലാവുന്നില്ല..!! സൈഡിലെ ക്ലോക്കിന്റെ സൂചി കൂടുതൽ വേഗത്തിൽ ശബ്‌ദമുണ്ടാക്കി.. വൈകുന്നേരത്തെ ചുവന്ന വെയിൽ നിലത്തും, ബെഡ്‌ഡിലും ചത്തു കിടന്നു.അച്ഛന്റെ നോട്ടം പുറത്തേക്ക് നീണ്ടു..
“പണ്ട് വീട്ടിൽ ഒരു ജോലിക്ക് ഒരു ചേച്ചിയുണ്ടായിരുന്നു.. ” അച്ഛന് പതിയെ തിരിഞ്ഞെന്നെ നോക്കി.
“ജാനകിന്ന പേര്. ഞാനഞ്ചിൽ പഠിക്കുന്ന സമയം.പാവ്വായിരുന്നു വീട്ടിൽ തന്നെയാ നിൽക്കലൊക്കെ.കുറച്ചു കഴിഞ്ഞപ്പോ ഒരു അതിഥി കൂടെ വന്നു. അവരുടെ ആകെയുള്ള ഒരു മോൾ… ശ്രീക്കുട്ടി..” അച്ഛന് വലിയ ഒരു നെടുവീർപ്പിട്ടു നിർത്തി.
“കുറച്ചു ദിവസകൊണ്ട് തന്നെയവൾ അച്ഛനെയും അമ്മയെയും ചാക്കിലാക്കി…. ചക്കിലാക്കിയതല്ല. ആളങ്ങനെ ആയിരുന്നു ആരുകണ്ടാലു മിഷ്ടപ്പെട്ടുപോവ്വും.
പെൺകുട്ടി ഇല്ലാത്ത അവർക്ക് കുരുത്തം കെട്ട എനിക്ക് പകരം, ഒരാളെ കൂടെ ആ സ്ഥാനത് കൊണ്ടുവന്നു സ്വന്തം മോളെപ്പോലെകണ്ടു.. നാട്ടുകാർ വരെ അവളെ കണ്ടാൽ പാലക്കുന്നിലെ കുട്ടിയാന്ന പറഞ്ഞോണ്ടിരുന്നത്.അവൾ പൂമ്പാറ്റയെ പോലെ വീട്ടിൽ പാറി നടന്നു. എനിക്കാദ്യം കലിപ്പായിരുന്നു. ഏതോ ഒരുത്തിയെന്‍റെ അച്ഛനേം അമ്മയെയും.. അച്ഛാ, അമ്മാന്നൊക്കെ വിളിച്ച ദേഷ്യം വരില്ലേ??.എന്നാന്നെ അവൾക്ക് നല്ല കാര്യായിരുന്നു.എന്റെ അനുവാദം ഇല്ലാതെ വീട്ടിലവളൊന്നും ചെയ്യപോലുമില്ല.. എനിക്ക് തരാതെ ഒരു ഭക്ഷണം പോലും അവളു കഴിക്കില്ല. ആരെന്ത് വാങ്ങികൊടുത്താപ്പോലും ന്നെ ബോധിപ്പിച്ചശേഷേ അവളതെടുക്ക പോലും. വേലക്കാരിയുടെ മോളാണെന്ന പരിഗണന മാത്രംക്കൊടുത്ത എനിക്കത് പിന്നെ മാറ്റേണ്ടി വന്നു.അവളില്ലേൽ വീടില്ല എന്ന അവസ്ഥ വരെയെത്തി. കുടുംബക്കാർ നീണ്ട നാക്കുമായി പുതിയ അതിഥിയെ എതിർത്തെങ്കിലും അച്ഛനും അമ്മയും അവരെ തുരത്തിയോടിച്ചു. ഒരേ പ്രായം ആയോണ്ട്.ഒരേ സ്കൂളിലാ ഒരുമിച്ചു പോവ്വല്‍. ഒരുമിച്ചു വരും, എന്‍റെ വർക്കെല്ലാം ചെയ്ത് താരനും പഠിപ്പിച്ചു തരാനും എല്ലാം അവളായിരുന്നു. എന്തോ അവളില്ലാതെനിക്ക് പറ്റില്ലെന്നവസ്ഥ വരെ വന്നു.പത്താം ക്ലാസ് ആയപ്പോളവളുണ്ടല്ലോ.ഒരുപാട് മാറ്റം വന്നു. കണ്ണെടുക്കാൻ തോന്നില്ല. സ്കൂളിലെ ചെക്കന്മാർ മൊത്തം അവളുടെ പിന്നിൽ. എന്നാൽ അവൾക്കോ ന്നെ മതിയായിരുന്നു. സ്കൂളിലും മറ്റും വന്നു, കൈ പിടിച്ചു എന്നോട് സംസാരിക്കുയും ഒക്കെ ചെയ്യും. +2 വരെ അങ്ങനെ പോയി.. അതിനിടക്ക് എനിക്കവളോടുള്ളത് വെറുമൊരു ഇഷ്ടല്ലെന്ന് വരെ മനസ്സിലായി. പറയാൻ വല്ലാത്ത മടിയായിരുന്നു. എത്രയെത്ര നല്ല നിമിഷങ്ങൾ. ഓരോ സമയവും അവളോടുള്ള ഇഷ്ടം കൂടി കൂടി.. വല്ലാത്ത അവസ്ഥയിരുന്നഭീ……കോളേജിലെത്തിയപ്പോ അവളു വേറെയും ഞാൻ വേറെയുമായി.. ബൈക്കിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു പോക്കൊക്കെ. അവളെ കോളേജിലാക്കി ഞാൻ എന്റെ കോളേജിൽ പോവും.അങ്ങനെ കോളേജ് കഴിഞ്ഞതും അവൾക്കാലോചന വന്നു..