ഉച്ച അടുത്തപ്പോഴേക്ക് അജിനെന്‍റെ കുറച്ചു സാധനമൊക്കെ ബാഗിലാക്കി.അപ്പൊ നാട്ടിലേക്കയക്കാനാണുദ്ദേശം.ഒന്നും മിണ്ടീല.അച്ഛനടുത്ത് വന്നു കാര്യം പറഞ്ഞു. ഗായത്രിയുടെ ചേച്ചി ഗൗരി. ഇവിടെ അടുത്ത് ഫ്ലാറ്റിൽ, അവിടേക്ക്.
തലയാട്ടി സമ്മതിച്ചു.ബാഗും തൂക്കി ഗായത്രിയും, അച്ഛനുമിറങ്ങി.മുടന്തനായ എന്നെ ഹീറും, അജിനും കൂടെ താഴെ കാർ വരെയാക്കിത്തന്നു.
അജിൻ തലയാട്ടി, ഹീർ പഴയ ചിരി തന്നെ എന്നാലെനിക്കെന്തോ ഉള്ളിൽ പുകഞ്ഞു. ഇത്ര ദിവസം നോക്കിയതവളല്ലേ? ആ കുട്ടിക്കളി കണ്ടു എന്റെ വരണ്ട ചിരി പതിയെ പുഞ്ചിരി വരെയായില്ലേ?. ഞാൻ കൈ നീട്ടി അവളെ എന്നിലേക്ക് അടുപ്പിച്ചു കെട്ടി പിടിച്ചു. വല്ലാത്തെന്തോരു തരം സ്നേഹം എനിക്കവളോടുണ്ട്. പോയി വരാമെന്ന് ആ ചെവിയിൽ മെല്ലെ പറഞ്ഞപ്പോഴേക്കവള്‍ വിതുമ്പി കണ്ണ് നിറച്ചു. ഇതൊന്നും കാണാൻ വയ്യ!! നെറ്റിയിൽ ഒരുമ്മ കൂടെ കൊടുത്തു ഞാൻ വണ്ടിയിലേക്ക് ചാടി..കണ്ണ് നിറക്കുന്ന കാണുന്നതേ എനിക്കിപ്പോ പേടിയാണ്.. ഇത്ര ദിവസം നിന്ന സ്ഥലം വിട്ടു. ദുർഗന്ധം മണക്കുന്ന ചേരിക്കും ഒരു കഥ പറയാനുണ്ടായിരുന്നു.
ഗായത്രിയുടെ ചേച്ചി ഗൗരിയുടെ ഫ്ലാറ്റിൽ കേറി സൈടായി.സ്വീകരണം ഒന്നും നോക്കാൻ നിന്നില്ല.ഗൗരിയേച്ചി ഇവിടെ എവിടെയോ കോളേജിൽ പഠിപ്പിക്കുന്നുന്നറിയാം.വല്ല്യ കൂട്ടായിരുന്നു ഞാനുമായി.ഇന്നിപ്പോ അതിനൊന്നുമെനിക്ക് കഴിയണില്ല.
വൈകിട്ട് അച്ഛന് വന്നു വിളിച്ചപ്പോ എന്തോ കാട്ടിയെഴുന്നേറ്റു.
“ഞാൻ നാട്ടിലേക്ക് പോവാണ്… അവിടെയിത്തിരി തിരക്കുണ്ട് ” ഇപ്രാവശ്യം അച്ഛന് പ്രയാസപ്പെട്ടില്ല.. ചിരി ആ മുഖത്തു വന്നിട്ടുണ്ട്..
“മ്…” ഞാൻ അതിന് മൂളി കൊടുത്തു
“ഇവിടെ ഗായത്രിയും ഗൗരിയുമൊക്കയില്ലേ.. അവർ കുറച്ചൂസം കഴിഞ്ഞു നാട്ടിലേക്ക് പോരുമ്പോ നീയ്യുണ്ടാവണം കൂടെ.. ഇത്തിരി ദിവസം കൂടെ നിനക്ക് തരാം.അതിനുള്ളിൽ നീ പഴയ അഭി തന്നെയാവണം.. കേട്ടല്ലോ??” വലിയ ഉറപ്പില്ലാഞ്ഞിട്ടും ഈ ഒരു അന്തരീക്ഷം ഒഴിവാക്കാൻ ഞാൻ തലയാട്ടി.
“പിന്നെ നിന്നോട് പറയാതെ പോവാം എന്ന് കരുതിയതാ.. പറ്റുന്നില്ല. ഈ വരവിനു ആ ഉദ്ദേശം കൂടെയുണ്ട്.”അച്ഛന്‍ കുറച്ചുസ്വസ്ഥനായി. ചിരി മെല്ലെ മാഞ്ഞു..എന്തോ പറയാൻ മടി പോലെ. ആ ശ്വാസം എടുക്കുന്നത് ക്രമമായി അല്ലെന്ന് കണ്ടാൽ അറിയാം
“ഞായറാഴ്ച…… അനുന്റെ നിശ്ചയാണ്…. ” അച്ഛൻ പതിയെ നിർത്തി കൊണ്ട് പറഞ്ഞു. ഒരു നിമിഷം ഞാൻ പറഞ്ഞത് മനസ്സിലാവാതെ അച്ഛനെയങ്ങനെ മിഴിച്ചു നോക്കിപ്പോയി. എന്താ പറഞ്ഞതെന്ന് ഒരുപാട് വീണ്ടും ആലോചിച്ചു.
“അന്ന് വന്ന ആലോചന തന്നെ, ഒരു ഡോക്ടർ . അഞ്ചു ദിവസം കൂടെയുണ്ട്. നീയില്ലാതെ ഞാൻ ഒറ്റക്ക് എങ്ങനാടാ..” കൈയ്യുടെ വിറയൽ,അച്ഛന്‍റെ വിരലെന്‍റെ കൈയ്യിൽ വന്നു തട്ടിയപ്പോഴാണ് അറിയുന്നത്. മരവിച്ചു പോയ അവസ്ഥ. വിങ്ങിവരുന്ന നെഞ്ചിൽ ഞാൻ അറിയാതെ തിരുമ്മി.എല്ലാം അകന്നു പോകുന്നൊരു സമയം.ശ്വാസം നിന്ന് പോയൊന്നു തോന്നി. നല്ലപോലെ ഒന്ന് കുരച്ചു.. അനുന്‍റെ നിശ്ചയമോ…?? ഇത്ര പെട്ടന്ന്. അതേ ആളെ തന്നെ?