മിഴി 7 [രാമന്‍]

Posted by

പ്രതീക്ഷിച്ചില്ല. ചെറുതായി ഒന്ന് ഞെട്ടി, അതും ഇവളെക്കണ്ട്.എല്ലാരും കൂടെ കെട്ടിയെടുത്തിട്ടുണ്ടോന്ന് തോന്നി? മോനേ….അഭിയേ…. എന്നൊക്കെ വിളിച്ചു കരച്ചിലും,പിഴിച്ചിലിനും നിക്കാൻ വയ്യ.ഓരോരുത്തരായിയകത്തേക്ക് വരുമായിരിക്കും. വിശേഷം തിരക്കാൻ. തേങ്ങ!!!
അജിൻ തെണ്ടിയാവുമോ ചതിച്ചത്. സൈഡിൽ നിൽക്കുന്നയവന്‍ എന്റെ മുഖത്തു നോക്കി ഞാനല്ലടാ എന്നുള്ള ഭാവം.
ഗായത്രി അടുത്തേക്ക് വന്നു. എന്തിന്?? ഒന്നും മിണ്ടാതെയുള്ളൊരു നോട്ടംമ്മാത്രം.
അജിൻ വീണ്ടും പുറത്തേക്ക് നോക്കി.അതുത്തയാളെ എഴുന്നള്ളിക്കാനുള്ള പുറപ്പാട്.ചെറിയമ്മ എങ്ങാനും ഉള്ളിലേക്കുവരുവോ?.വന്നാലെന്താ? ഇനി കരയാനോ,കണ്ണ് നിറയ്ക്കാനോ നിൽക്കാവ്വയ്യ.പറയാനുള്ള വാക്കുകൾ കണ്ടെത്തേണ്ടി വരും. നാവിറങ്ങിപ്പോവുന്നതെന്റെ സ്ഥിരം പരിവാടിയാണ്.
“വാ അങ്കിളേ….” പ്രതീക്ഷ തെറ്റിച്ചു അജിൻ പുറത്തേക്ക് നോക്കി വിളിച്ചു.നോട്ടം ആ വാതിലേക്ക് തന്നെയായിരുന്നു അച്ഛൻ പുറത്ത് വരുമെന്ന് ഞാനെന്തുകൊണ്ട് ഓർത്തില്ല??.
ഇപ്പോഴാണ് ഞാൻ വല്ലാതെയായത്.അകത്തേക്ക് മടിച്ചു മടിച്ചു കേറി വന്ന അച്ഛനിത്തിരി പണിപെട്ടെന്റെ മുഖത്ത് നോക്കിയപ്പോഴേക്ക് ഉള്ളിലെന്തോ തിരയിളക്കം വന്നു.
വിളിറിയ ചിരിചിരിച്ചു എന്നെ നോക്കുന്നയച്ഛൻ വല്ലാതെ മാറിയ പോലെ. മൂക്കിന് മുകളിൽ കണ്ണട നല്ലപോലെയുറപ്പിച്ചു അച്ഛന് അടുത്തേക്ക് വന്നപ്പോ ഞാൻ എഴുനേൽക്കാൻ നോക്കി. ഹീറെന്റെ കൈ പിടിച്ചു സഹായിച്ചു. .ഇത്തിരി പണിപ്പെട്ടൊരു ശ്രമം.
“വേണ്ട!!വേണ്ട… അവിടെയിരിക്ക്..” എന്റെ പാഴ്ശ്രമം കണ്ടച്ഛൻ ‍ തടഞ്ഞു. പാവം!! ഏറെ വിഷമിച്ചിട്ടുണ്ടെന്നാ മുഖം കണ്ടപ്പോ തോന്നി. അവസാനം വിളിച്ചപ്പോ പോലും ഞാൻ കട്ടാക്കി ഒഴിവാക്കിയതല്ലേ?? അച്ഛനെന്ത് ചെയ്തു?വേറെ ആളുകളോടുള്ള ദേഷ്യം തീർത്തത് ഒന്നുറിയാത്ത ഇവരോടൊക്കെയല്ലേ??.എത്ര വിഷമം കാണും.
അച്ഛൻ വേഗം അരികിലേക്ക് വന്നടുത്തിരുന്നു. ആ മുഖത്തേക്ക് നോക്കാൻ എനിക്കെന്തോ പ്രയാസം പോലെ.. അടുത്തിരിക്കുന്ന അച്ഛനും അതുണ്ടോ??.എന്റെ ഇടതു കൈ ഇപ്പോഴും ഹീർ പിടിച്ചു നിൽക്കാണ്.. വലതു കൈ എന്റെ തുടയിലും.
“എനിക്കിത്തിരി വെള്ളം കിട്ടോ?…” സൈഡിലിരുന്നച്ഛന്‍ തിരിഞ്ഞ അജിനോട് ചോദിച്ചു.ഹീർ എന്റെ കൈവിട്ടു കിച്ച്നിലേക്ക് നടന്നപ്പോ കൂടെ ഗായത്രിയും പോയി.അജിൻ മെല്ലെ പുറത്തേക്ക് വലിഞ്ഞു..എല്ലാരും ഞങ്ങളെ ഒറ്റക്ക് വിട്ടു തന്നു.ഹീർ വന്നു വെള്ളം അച്ഛന് കൊടുത്തു പോയി.ഞങ്ങൾ ഒറ്റക്ക്. അച്ഛന് പതിയെ എന്റെ കയ്യിലാണ് പിടിച്ചത്.
“അഭീ….” പതിഞ്ഞ സ്വരം. ഉള്ളിലെ പുകയൽ കൂടി.കണ്ണ് നിറഞ്ഞു. ആ നെഞ്ചിലേക്ക് മെല്ലെ ചാഞ്ഞു.ആശ്വാസത്തിന്റെ കൈകളെന്‍റെ പുറത്തുകൂടെ വന്നു ചേർത്ത് പിടിച്ചു.കരഞ്ഞു. മടിക്കുന്നതെന്തിനാ എന്റെ അച്ഛനല്ലേ??.ഇത്തിരി നേരം അങ്ങനെ നിന്നു. ചോദ്യങ്ങളും, ഉത്തരങ്ങളും പിറക്കുന്നതിന് മുന്നേയുള്ള ചെറിയ നിശബ്ദത. അച്ഛന്‍ തന്നെ മുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *