ഗ്ലാസ് വാങ്ങിയെന്നെ നോക്കുന്ന ഹീറിന് എന്തൊക്കെയോ ചോദിക്കാനോ,പറയാനോണ്ടെന്നു അവളുടെ മുഖത്തുനിന്ന് തന്നെയറിയാം. മുറിയൻ മലയാളമവൾ പുറത്തേക്കിറക്കുന്നത് തന്നെ വളരെ വിരളമായാണ്.ഹിന്ദിയൊ,കന്നഡയോ എനിക്ക് അവർ പറയുന്ന രീതിയിൽ മനസ്സിലാക്കാനുമറിയില്ല.
എന്നാലവളുടെ സ്നേഹം! അതിന് മിണ്ടണം എന്നില്ലല്ലോ?.എന്തിനാ ഇങ്ങനെ കിടക്കുന്നയെന്നെ വന്നു നോക്കിയിട്ടവൾക്ക് കാര്യം?വൃത്തിയില്ലാത്ത, ദുർഗന്ധം മണക്കുന്ന, തെരുവ് പട്ടികൾ നിരങ്ങിയോടുന്ന.. ഒരു തെരുവിലെ പൊളിയാനായ വാതിലിനു പിറകിൽ കിടക്കുന്ന ഒരു പെണ്ണിന് എന്റെ കാര്യം നോക്കിയിട്ട് എന്ത് കിട്ടാൻ. കൊണ്ടുവരുന്ന ഭക്ഷണത്തിൻറെ രുചി, അവളുടെ സ്നേഹം കൂടെ ഉള്ളതാണ്.തരുന്ന ചിരിയിലും, വാക്കിലും, നോട്ടത്തിലും എന്തോ. അവളുടെ കണ്ണ് എന്നിൽ നിന്ന് മായുന്നില്ല.
ആ നീണ്ട കൈ മെല്ലെയെന്‍റെ മുന്നിൽ, മൂക്കിന്‍റെയറ്റത്തും,നീണ്ട കുറ്റിത്താടിയിലും ഒഴുകി.കണ്ണിലേക്കു നീണ്ട മുടി മെല്ലെയവൾ കൈ കൊണ്ട് മാടിവെച്ചു തന്നു.ആ തണുത്ത കൈ ഞാൻ മെല്ലെയെന്‍റെ മുഖത്തു വെച്ച് തന്നെ ചേർത്തു,വിരലുകളിൽ മെല്ലെപ്പിടിച്ചാ പുറം കൈയ്യിലെന്‍റെ ചുണ്ടമർത്തി ഒരുമ്മ കൊടുത്തു.അവൾക്ക് ഒരു ഭാവമാറ്റവുമില്ല. നിഷ്കളങ്കമായ ഒരു തരം ചിരി.
പിന്നെ അവളോടി. കിച്ചണില്‍ നിന്ന് പാത്രത്തിൽ കൊണ്ടുവന്ന കഞ്ഞി നിർബന്ധിച്ചടുത്തിരുന്നു കുടിപ്പിച്ചു.കഞ്ഞി കുടിച്ച കാലം മറന്നിരുന്നു.എന്നാലും കുടിച്ചു. അവൾ തന്നതല്ലേ.
എന്റെ മുന്നിൽ, ബെഡിൽ കാൽ രണ്ടും മടക്കിയിരുന്നു ഫോൺ നോക്കുന്ന ഹീർ, ഇടക്കിടക്കിയെന്നെ കണ്ണുപൊക്കി നോക്കും,ചിരിക്കും. ചാരിക്കിടന്നു കാലനക്കാൻ നോക്കുന്ന ഞാനതാദ്യം കണ്ടില്ല.ഫോൺ നേരെ പിടിക്കുന്ന കണ്ടപ്പോ,പെണ്ണ് എന്റെ ഫോട്ടോ എടുക്കാണ്..
“ഡീ…” കയ്യിലെ ഫോൺ തട്ടി പറിക്കാനാഞ്ഞു.അവൾ സിമ്പിളായി ചിരിച്ചുകൊണ്ട് മാറി.
“അനഗ്നാനൊന്നും പാടില്ല…” കണ്ണ് തുറുപ്പിച്ചു. ദേഷ്യം പിടിക്കുന്ന പോലെക്കാട്ടി അവളെന്നെ നോക്കി. പെട്ടന്ന് ചെറിയമ്മയെ ഓർമവന്നു.ഹീറിന്‍റെ ഉള്ളിലെവിടെയോ അവളുടെയൊരു തനി പകർപ്പ്
“ഡാ ചെക്കാ…” ന്ന് വിളിച്ച് ഇങ്ങനെ കണ്ണുരുട്ടിയിട്ടവളുടെയൊരു പേടിപ്പിക്കലുണ്ട്. ഇപ്പൊ അങ്ങനെ ഒന്നും മനസ്സിൽ വന്നില്ല.വേദന ഒക്കെ മരവിച്ചോ??…
പെട്ടന്ന് പുറകിലെ വാതിൽ തുറന്നഅജിൻ ചാടിയുള്ളിൽ കേറി. ആ ചട്ടം കേട്ടതും ഹീറും ബെഡിൽ നിന്ന് ചാടി എന്റെ അടുത്തേക്ക് വന്നു നിലത്തു നിന്നു. അജിനെന്തേലും കരുതും എന്ന് തോന്നി കാണും.
ഉള്ളിലേക്ക് കേറിയ അജിൻ ആ വാതിലടച്ചില്ല.തുറന്നു പിടിച്ച വാതിലൂടെയവന്‍ വെളിയിലേക്കൊന്നുകൂടെ നോക്കി. ആരോ പുറത്തുള്ള പോലെ.ആ വാതിലകന്നു ഒരാൾ കൂടെയകത്തേക്ക് കേറി.വരണ്ടയൊരു ചിരിയോടെ എന്നെയും,കൂടെയുള്ള ഹീറിനെയും നോക്കി ഗായത്രി!!!!