സോഫിയ മിസ്സ് അവരുടെ പോഡിയത്തിൽ കൈ കൊണ്ട് രണ്ടു അടി അടിച്ചു. എന്നിട്ട് ക്ലാസ്സ് എടുക്കാൻ തുടങ്ങി. ഇന്റർവെൽ ആയപ്പോൾ ഞാൻ അവിടെ തന്നെ ഇരുന്നു. ഞാൻ ക്ലാസ്സിൽ കയറിയപ്പോൾ മുതൽ ഇത് വരെ അർജ്ജു എന്നെ ഒന്ന് നോക്കിയത് പോലുമില്ല. അല്ലെങ്കിലും അന്നത്തെ പോലത്തെ സഹതാപം ഒന്നും അന്നക്ക് വേണ്ട. ഇൻട്രെവെൽ ആയപ്പോൾ രാഹുലിൻ്റെ ചെവിയിൽ എന്തോ പറഞ്ഞിട്ട് അർജ്ജു പുറത്തേക്കിറങ്ങി പോയി.
അനുപമ ഓടി വന്നു സംസാരിക്കാനായി. മറ്റു ക്ലാസ്സിൽ ഉള്ളവരൊക്കെ പുറത്തു വന്നു നോക്കി പോകുന്നുണ്ട്. പക്ഷേ ഞാൻ കരുതിയ പോലെയുള്ള പ്രശ്നങ്ങളൊന്നും ഇത് വരെ ഇല്ല. ക്ലാസ്സിലുള്ള ചില പെണ്ണുങ്ങളുടെ മുഖത്തു ഒരു സഹതാപ ഭാവമല്ലാതെ കുത്തുവാക്കുകളൊന്നുമില്ല.
പിന്നെയും കലിപ്പ് അമൃതക്ക് മാത്രമാണ്. അവള് വരണേൽ വരട്ടെ. അടുത്ത പീരീഡ് കഴിഞ്ഞാൽ ഉച്ചക്കുള്ള ബ്രേക്ക് ആണ്. അപ്പോൾ അറിയാം ആളുകളുടെ പ്രതീകരണം.
അടുത്ത പീരീഡ് തുടങ്ങിയപ്പോളും അർജ്ജു മാത്രം ക്ലാസ്സിലേക്ക് വന്നില്ല. ഞാൻ വന്നതിനി അവന് ഇഷ്ടപ്പെട്ടില്ലേ. ഇഷ്‌പ്പെട്ടില്ലെങ്കിൽ വീട്ടിൽ പോയിരുന്നോട്ടെ ഞാൻ എന്തായാലും ക്ലാസ്സിൽ വരും. പേരുദോഷം പെണ്ണായ എനിക്കല്ലേ.
ഉച്ചക്ക് അനുപമയുടെ കൂടെ നേരെ ക്യാന്റീനിലേക്ക് നടന്നു. സീനിയർസ് ഒക്കെ ക്ലാസ്സിൽ തന്നയാണ്. ഞങ്ങൾ കഴിച്ചിറങ്ങുമ്പോളെ സീനിയർസ് എത്തുകയുള്ളൂ.
നേരേ ക്യാന്റീനിൽ ചെന്ന് ബിരിയാണി തന്നെ പറഞ്ഞു. 1st എം.ബി.എ യിലെ രണ്ടു ബാച്ച് പിള്ളേരുണ്ടായിട്ടും ആ ടേബിളിൽ ഞാനും അനുപമയും മാത്രം. ഇത് എന്താണ് തൊട്ടുകൂടായ്മയോ. എങ്കിലും അതൊന്നും മൈന്ഡാക്കിയില്ല അനുപമയുമായി പാറു ചേച്ചിയുടെ കഥയൊക്കെ പറഞ്ഞിരുന്നു. അവൾക്ക് ഗോവ മുതൽ നടന്ന കാര്യങ്ങളൊക്കെ അറിയണമെന്നുണ്ട് എന്നെനിക്ക് മനസ്സിലായി.
“ഡി ക്ലാസ്സ് കഴിഞ്ഞു നീ വാ നമുക്ക് കഫെയിൽ പോകാം ഞാൻ നടന്നതൊക്കെ പറയാം “
കഴിച്ചു പുറത്തേക്കിറങ്ങിയപ്പോളേക്കും സീനിയർ പിള്ളേരൊക്കെ അകത്തു കയറാൻ നിൽക്കുന്നുണ്ട്. സീനിയർ ചേച്ചിമാരൊക്കെ എന്നെ നോക്കി എന്തൊക്കയോ കുശുകുശുക്കുന്നുണ്ട്. അരുൺന്ന് പറഞ്ഞ വായ്നോക്കി സീനിയറും അവൻ്റെ ഗാങ്ങും എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ഡയലോഗ് വീഴും എന്നുറപ്പാണ്.
“അന്നകുട്ടിയോ മൂന്നാറിന് ഒരു ടൂർ പ്ലാൻ ചെയുന്നുണ്ട്. കൂടെ വരുന്നോ.”