“ദീപുവിനെ സസ്‌പെൻഡ് ചെയ്‌തു. ഒരാഴ്ച്ച കഴിഞ്ഞു അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടനെ തന്നെ ഡിസ്മിസ്സും ചെയ്തോളാം. “
അതിനും ഞാൻ ഒന്നും മിണ്ടിയില്ല.
“പിന്നെ മോളെ കീർത്തനയുടെ കാര്യം. അവള് ചെയ്‌തത് പൊറുക്കാൻ പറ്റാത്ത തെറ്റാണ് എന്നറിയാം എങ്കിലും അവളുടെ ഭാവി ഓർത്തു മോള് അൽപം കനിവ് കാണിക്കണം. “
അവര് പറയും എന്ന് വിചാരിച്ച കാര്യം. അവരുടെ വായിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ച കാര്യം. എൻ്റെ തുരുപ്പു ഗുലാൻ എൻ്റെ ആവിശ്യമാണ് . അവൾ ഇവിടെയുണ്ടാകുക എന്നത്. കൂട്ടത്തിൽ നിന്ന് ചതിച്ചതിന് അവൾക്കിട്ട് കൊടുക്കണം.
“മാം, കീർത്തനയുടെ കാര്യം മാഡത്തിന് തീരുമാനിക്കാം. പക്ഷേ ഇവിടന്നങ്ങോട് എൻ്റെ ഒരു കാര്യത്തിലും, ഒരു കാര്യത്തിലും മാഡം ഇടപെടരുത്. ആ ഉറപ്പു മാഡം എനിക്ക് തരണം. “
“ശരി മോളുടെ കാര്യത്തിൽ ഇടപെടില്ല.”
“ഞാൻ ക്ലാസ്സിലിലോട്ട് പോകട്ടെ”
“മോളെ പിന്നെ ഈ കാര്യം കുര്യൻ സാറിനോട് പറയല്ലേ.”
ഞാൻ തലയാട്ടിയിട്ട് ഓഫീസിൽ നിന്ന് ഇറങ്ങി.
പുറത്തിറങ്ങിയപ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത്. അവളെ ഇവിടെ എൻ്റെ കൈയിൽ കിട്ടും. പിന്നെ മീര മുതുക്കിയ വരച്ച വരയിൽ നിർത്താം. ഞാൻ നേരെ ക്ലാസ്സിലേക്ക് പോയി.
ക്ലാസ്സിൽ ചെന്നപ്പോളേക്കും രണ്ടാമത്തെ പീരീഡ് തീരാറായിട്ടുണ്ട്. സോഫിയ മാഡം ആണ്. പുള്ളിക്കാരി എന്നെ കണ്ട് ഒന്നമ്പരന്നു. പിന്നെ കയറി ഇരുന്നോളാൻ പറഞ്ഞു. എല്ലാവരും എന്നെ തുറിച്ചു നോക്കിയിരിക്കുകയാണ്. ഒരു നിമിഷത്തേക്ക് ഏത് സീറ്റിൽ ഇരിക്കണമെന്ന് അറിയാതെ ഞാൻ നോക്കി. അമൃതയുടെ അടുത്ത് ഒരു സീറ്റ് ഒഴുവുണ്ട്. പക്ഷേ അവളുടെ മുഖം കടന്നൽ കുത്തിയ പോലെയുണ്ട്. അത് കൊണ്ട് അങ്ങോട്ട് പോകേണ്ട. അടുത്തിരുന്ന അനുപമ ചിരിച്ചു കാണിച്ചു . ബാക്കിൽ അർജ്ജു കുമ്പിട്ടിരിക്കുകയാണ്. ഞാൻ സ്ഥിരം ഇരിക്കാറുള്ള സീറ്റിൽ രാഹുൽ ഇരിക്കുന്നുണ്ട്. അവൻ്റെ മുഖത്തു എന്നെ കാണുമ്പോൾ ഉള്ള പുച്ഛ ഭാവം. എങ്കിലും ബാക്ക് നിരയിൽ വേറെയും സീറ്റുകൾ ഒഴുവുണ്ട്. ഞാൻ നേരെ ബാക്കിലുള്ള ഒരു സീറ്റിൽ പോയിരുന്നു. എല്ലാവരും എന്നെ തിരിഞ്ഞു നോക്കുന്നുണ്ട്. മിക്കവരുടെ മുഖത്തു ഒരു സഹതാപം. അർജ്ജു അപ്പോഴും നോക്കിയില്ല. സുമേഷ് ഒരു കൈ കൊണ്ട് ഒരു ഹായ് കാണിച്ചു. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു.