രാഹുലാകട്ടെ നേരെ ജെന്നിയുടെ അരികിലേക്ക് പോയി. ഭാഗ്യം അന്ന എത്തിയിട്ടില്ല. ഞാൻ പിൻനിരയിലേ എൻ്റെ സീറ്റിലേക്കു നടന്നു. സീറ്റിൽ ചെന്ന് ഇരുന്നതും സുമേഷും ടോണിയും എൻ്റെ അടുത്ത് എന്തോ സംസാരിക്കാൻ വന്നു.
“ഡാ പിന്നെ സംസാരിക്കാം”
അതോടെ അവർ അവരുടെ സീറ്റിലേക്ക് തന്നെ പോയി.”
മറ്റേ ബാച്ചിൽ നിന്ന് ചിലരൊക്കെ പുറത്തു നിന്ന് എത്തി വലിഞ്ഞു നോക്കി പോകുന്നുണ്ട്. അതോടെ എനിക്ക് ചൊറിഞ്ഞു കയറി വന്നു. ക്ലാസ്സ് തുടങ്ങാറായപ്പോൾ രാഹുൽ ജെന്നിയുമായിട്ടുള്ള സംസാരം അവസാനിപ്പിച്ചു. എൻ്റെ അരികിൽ വന്നിരുന്നു.
ബെല്ലടിച്ചപ്പോഴേക്കും ബീന മിസ്സ് ക്ലാസ്സിൽ കയറി വന്നു. പക്ഷേ പഠിപ്പിക്കാനൊന്നും തുടങ്ങിയില്ല. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോളേക്കും അരുൺ സാറും മീര മാഡവും കടന്നു വന്നു. ഫുൾ സീരിയസ് മോഡ് ആണ്.
സംസാരമൊന്നും ഉണ്ടായില്ല ക്ലാസ്സിൽ വന്ന് നേരെ കൈയിലിരുന്ന സർക്കുലർ എടുത്തു വായിക്കുകയാണ് ചെയ്‌തത്.
“ടൂർ പോയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ അന്വേഷണ വിധേയേമായി ദീപു രാമൻകുട്ടിയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നു. ഈ വിഷയത്തെ കുറിച്ചുള്ള എല്ലാവിധ ഡിസ്കഷനുകളും നിരോധിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അപമാനിക്കുന്ന പ്രവർത്തി ആരുടെയെങ്കിലും ഭാഗത്തു നിന്ന് ഉണ്ടായാൽ സസ്പെന്ഷൻ അടക്കമുള്ള ശിക്ഷാ നടപടികൾ ഉണ്ടാകുന്നതായിരിക്കും. കോളേജിൻ്റെ സൽപ്പേര് കളയുന്ന പ്രവർത്തി സോഷ്യൽ മീഡിയയിൽ അടക്കം ആരുടെ ഭാഗത്തു നിന്നുണ്ടായാലും ഡിസ്മിസ്സൽ അടക്കമുള്ള ശക്തമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും .” (English)
അവരുടെ ടോണിൽ നിന്ന് തന്നെ അവര് സീരിയസ് ആണെന്ന് എല്ലാവർക്കും മനസ്സിലായി. എങ്കിലും സസ്പെന്ഷൻ ദീപുവിന് മാത്രം അപ്പോൾ കീർത്തനയെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ്. എനിക്ക് ചൊറിഞ്ഞു കയറി വന്നു.
” ഹലോ മാഡം, അപ്പോൾ കീർത്തനയെ എന്തു കൊണ്ട് സസ്‌പെൻഡ് ചെയ്യുന്നില്ല”
എൻ്റെ ചോദ്യം കേട്ടതും അവരുടെ മുഖം വലിഞ്ഞു മുറുകി. അരുൺ സാറിൻ്റെ ചെവിയിൽ എന്തോ പറഞ്ഞിട്ട് അവർ ചവിട്ടി തുള്ളി പോയി. അപ്പോഴാണ് ഈ വിഷയത്തിൽ കീർത്തനക്ക് എന്തോ റോൾ ഉണ്ടെന്ന് കാര്യം ക്ലാസ്സിൽ എല്ലാവരും അറിയുന്നത് തന്നെ. അതോടെ ക്ലാസ്സിൽ എല്ലാവരും തമ്മിൽ കുശുകുശുക്കലായി.
അരുൺ സാർ എന്നെ നോക്കി എല്ലാം ഹാൻഡിൽ ചെയ്തോളാം എന്ന രീതിയിൽ ആംഗ്യം കാണിച്ചു. ബീന മിസ്സാണെങ്കിൽ സൈലെൻസ് സൈലൻസ് എന്ന് വിളിച്ചു കൂകുന്നുണ്ട്.