നേരത്തെ CCTV ഫീഡിൽ കണ്ട ചെറുപ്പക്കാർ തന്നെ. മുൻപിൽ നില്ക്കുന്നവൻ്റെ (ജാഫർ) കൈയിൽ കട്ടിയുള്ള രണ്ടു പുസ്തകമുണ്ട്. പിന്നിൽ നിൽക്കുന്നവൻ ((ആദീൽ) വലിയ ബാഗ് തോളിൽ തൂക്കിയിട്ടുണ്ട്. അലഞ്ഞു നടന്നതിൻ്റെ ലക്ഷണമുണ്ട്. പിന്നിൽ നിൽക്കുന്നവൻ്റെ നോട്ടം അത്ര ശരിയല്ല. ആളുകളെ വിലയിരുത്താനായി നോക്കുന്ന പോലെയുണ്ട്
“സാർ സ്‌കൂൾ പിള്ളേർക്ക് general knowledge എൻസൈക്ലോപീഡിയ, national geography CD കൾ വല്ലതും വേണോ.”
സഞ്ജയ് കേട്ടിട്ടുള്ളതിൽ ഏറ്റവും മോശം ഇംഗ്ലീഷ്. തമിഴ് കലർന്നിട്ടുണ്ട്. ഏതായാലും ബോർ അടിച്ചിരിക്കുകയാണ് ഒന്ന് സംസാരിച്ചു നോക്കാം.
സഞ്ജയ് ബുക്ക് വാങ്ങി മറിച്ചു നോക്കി.
“കഷ്ടപ്പെട്ട് ഇംഗ്ലീഷ് പറയണമെന്നില്ല. എനിക്ക് തമിൾ മനസ്സിലാകും ” മുൻപിൽ നിൽക്കുന്നവൻ്റെ കൈയിലെ പുസ്‌തകം നോക്കാൻ വാങുന്നതിനിടയിൽ സഞ്ജയ് ചിരിച്ചു കൊണ്ട് പറഞ്ഞു.
ഒരു നിമിഷത്തേക്ക് പിന്നിൽ നിൽക്കുന്നവൻ്റെ കണ്ണുകൾ അൽപം വിടർന്നു. എന്തോ മനസ്സിലാക്കിയ പോലെ. അത് സഞ്ജയും കണ്ടു.
“മുൻപിൽ നിൽക്കുന്നവൻ വിലയൊക്കെ പറയുന്നുണ്ട്. പക്ഷേ വിൽക്കാനുള്ള ആവേശമൊന്നുമില്ല.”
” ഇതൊന്നും വേണ്ട.” ബുക്കുകൾ തിരികെ നൽകി കൊണ്ട് സഞ്ജയ് അവനെ നിരുത്സാഹപ്പെടുത്തി.
പിന്നിൽ നിൽക്കുന്നവൻ ബാഗ് തുറക്കുന്നുണ്ട്. ഇനി ഒരു അറ്റാക്ക് വല്ലതുമാണോ? സഞ്ജയ് കൈ പിന്നിൽ തിരുകിയ പിസ്റ്റലിൻ്റെ അടുത്തേക്ക് നീക്കി.
ഇല്ല കാലി ബോട്ടിൽ ആണ്.
“സാർ കുറച്ചു ഡ്രിങ്കിങ്ങ് വാട്ടർ നിറച്ചു തരാമോ.”
സഞ്ജയ് മുൻപോട്ട് നീങ്ങി കൈ നീട്ടിയെങ്കിലും കുപ്പി വാങ്ങാൻ മടിച്ചു. കുപ്പി വാങ്ങി തിരിഞ്ഞു നടന്നാൽ ഒരു പക്ഷേ അരയിൽ പിസ്റ്റൾ ഉണ്ടെന്ന് മനസ്സിലാക്കും. ഒരു പക്ഷേ കുപ്പി എടുത്തത് തന്നെ ഒരു കോഡ് ആയിരിക്കും.
നേരത്തെ ബുക്കും പിടിച്ചു നിന്നവൻ ഇപ്പോൾ തൻ്റെ സൈഡിലാണ്.മാത്രമല്ല ആളുടെ മുഖഭാവം മാറിയോ എന്നൊരു സംശയം. കുപ്പി വാങ്ങാൻ മുൻപോട്ട് നീങ്ങിയത് മണ്ടത്തരമായി.
“സാർ കുറച്ചു വെള്ളം”
സഞ്ജയ് കുപ്പി പിടിക്കുന്നത് പോലെ കാണിച്ചിട്ട് താഴോട്ട ഇട്ടു. സാദാരണ ആളാണെങ്കിൽ വീഴുന്ന കുപ്പിയിലേക്ക് കണ്ണ് പോകും അല്ലെങ്കിൽ അത് എടുത്തു തരാനായി കുനിയും. എന്നാൽ അതുണ്ടായില്ല പകരം തന്നെ നോക്കി നിൽക്കുകയാണ്. സഞ്ജയ് പെട്ടന്ന് തന്നെ കൈകൊണ്ട് പിസ്റ്റൾ എടുക്കാൻ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും ജാഫർ സഞ്ജയുടെ മുഖത്തിനു നേരെ പുസ്‌തകം വലിച്ചെറിയുകയും കൂടെ കാല് ഉയർത്തി ചവിട്ടുകയും ചെയ്‌തു. സഞ്ജയ് മറിഞ്ഞു വീണെങ്കിലും പെട്ടന്ന് തന്നെ എഴുന്നേറ്റു. . ജാഫർ സകല ശക്തിയുമെടുത്തു കത്തിയുമായി മുന്നോട്ട് ആഞ്ഞു. സഞ്ജയുടെ നെഞ്ചാണ് ആണ് ലക്‌ഷ്യം എന്നാൽ സഞ്ജയ് ജാഫറിനെ അത്ഭുതപ്പെടുത്തികൊണ്ട് ഒഴിഞ്ഞു മാറി എന്ന് മാത്രമല്ല അവൻ്റെ കൈയിൽ പിടിച്ചു കൊണ്ട് തന്നെ അവൻ്റെ അടിവയറിലേക്ക് കത്തി കുത്തി ഇറക്കി. ജാഫർ വിചാരിച്ചില്ല അവൻ്റെ തന്നെ ഫോഴ്‌സ് അവനെതിരെയാകും എന്ന്. സ്വയം കുത്തി മരിച്ചതുപോലെയായി.