“ഒരു 10 മിനുറ്റ് ഞാൻ ഒന്ന് ഫ്രഷ് ആയിട്ടു വരാം എന്നിട്ട് ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പോകാം “
പാറു ചേച്ചി ബാത്‌റൂമിൽ കയറിയപ്പോൾ അന്ന വീണ്ടും ഓരോന്ന് ആലോചിച്ചിരുന്നു
****
അർജ്ജുവിൻ്റെ ഫ്ലാറ്റിൽ :
തലേ ദിവസം കോളേജിൽ പോകേണമെനന്നൊക്കെ തീരുമാനിച്ചതാണ്. പക്ഷേ രാവിലെ എഴുന്നേറ്റപ്പോൾ എൻ്റെ മനസ്സ് മാറി. എല്ലാമൊന്ന് കലങ്ങി തെളിയുന്നത് വരെ കുറച്ചു ദിവസത്തേക്ക് കോളേജിൽ പോകേണ്ട എന്നൊരു തോന്നൽ. ഞാൻ രാഹുലിൻ്റെ അടുത്ത് അത് ഒന്ന് സൂചിപ്പിച്ചു. പക്ഷേ അവനാണെങ്കിൽ ജെന്നിയെ കാണാതെ ഇരിക്കപ്പൊറുതിയില്ല. കുറെ കാര്യങ്ങൾ സംസാരിക്കാനുണ്ടല്ലോ. ഫോണിൽ കൂടി ഒരു സംസാരവും വേണ്ട എന്ന ജീവ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട് അത് കൊണ്ട് അവന് നേരിട്ട് കുറെ കഥ പറയാനുണ്ട് എന്നറിയാം. ഒരു തരത്തിലാണ് അവനെ ഇന്ന് കോളേജിൽ പോകേണ്ട എന്ന് പറഞ്ഞു പിടിച്ചിരുത്തിയിരിക്കുന്നത്.
അപ്പോഴാണ് അരുൺ സാർ വിളിക്കുന്നത്.
“സുരക്ഷ പ്രശ്നമുള്ളത് കൊണ്ട് ഇനി കുറച്ചു നാൾ കോളേജ് വരെ എസ്കോർട്ടുണ്ടാകും. പിന്നെ വണ്ടി ദീപക്ക് ഡ്രൈവ് ചെയ്യും.
ദീപക്ക് അടക്കം നാലു പേർ അവിടെ തന്നെയുള്ള കിംഗ് ടവറിൽ താമസിക്കുന്നുണ്ട്. എവിടെ പോകാൻ ആണെങ്കിലും വിളിച്ചാൽ മതി. ഫോൺ നമ്പർ ഞാൻ അയച്ചു തരാം. “
“അത് വേണോ സാർ. എല്ലാവരും അറിയില്ലേ? “
“ഇല്ല, ആരും തന്നെ നോട്ടീസ് ചെയ്യില്ല. കോളേജ് ഗേറ്റ് വരെയെ അവർ കാണൂ. ദീപക്ക് അവിടെ ഇറങ്ങിക്കോളും. “
“ കുറച്ചു നാളത്തേക്ക് മതിയായിരിക്കും.”
“സാർ ഇന്ന് ഞങ്ങൾ ക്ലാസ്സിൽ പോകേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്.”
“അത് കുഴപ്പമില്ല പോകുന്നുണ്ടെങ്കിൽ അവരെ വിളിച്ചാൽ മതി
പിന്നെ ഒരു കാര്യം കൂടി. അന്ന ഇന്ന് മുതൽ ക്ലാസ്സിൽ വരുന്നുണ്ട്.”
അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. ഞെട്ടേണ്ട കാര്യമൊന്നുമില്ല പക്ഷേ ശരിക്കും ഒരു ഷോക്കായിരുന്നു. കൂടുതൽ സംസാരിക്കാതെ ഫോൺ കട്ടാക്കി.
അവൾക്ക് ഒടുക്കത്ത ധൈര്യമാണെല്ലോ.
അരുണസാറിൻ്റെ ഫോൺ വന്ന് എൻ്റെ മുഖം മാറിയത് അവൻ ശ്രദ്ധിച്ചിരുന്നു.
“ഡാ എന്തെങ്കിലും പ്രശ്നമുണ്ടോ?”
“അന്ന ഇന്ന് മുതൽ ക്ലാസ്സിൽ വരുന്നുണ്ടന്ന് .”