“അർജ്ജു ക്യാന്റീനിൽ പോണോ?”
“ഡാ വിശന്നിട്ട് വയ്യ. നീ കഴിച്ചോ. കഴിച്ചെങ്കിലും ഒരു കമ്പനിക്ക് വാ.”
“അതല്ല അവിടെ ചെറിയ ഒരു വിഷയമുണ്ട്. ആ അന്ന ആ എരപ്പാളി അരുണിനിട്ട് രണ്ട് പൊട്ടിച്ചു. ഇപ്പോൾ നീ പോയാൽ അവന്മാരിൽ ആരെങ്കിലും ഡയലോഗ് ഇറക്കും. നീയും കൂടി അടി പൊട്ടിച്ചാൽ പിന്നെ…”
അവൻ പറച്ചിൽ നിർത്തി.
ഞാൻ അൽപ്പ നേരമൊന്നു ആലോചിച്ചു നിന്നു. രാഹുൽ പറഞ്ഞത് ശരിയാണ്. അങ്ങോട്ട് പോയാൽ ശരിയാകില്ല.
“ഡാ നീ പോയി ലാപ്ടോപ്പും ബാഗെടുത്തിട്ട് വാ നമുക്ക് വീട്ടിൽ പോകാം. രാഹുൽ തർക്കിക്കാൻ നിന്നില്ല.”
കാറിനടുത്തു എത്തിയതും ഞാൻ ദീപക്കിനെ ഫോൺ വിളിച്ചു. പത്തു മിനിറ്റ് കൊണ്ട് എത്താം എന്ന് പുള്ളി അറിയിച്ചു. ഞാൻ കാറിൽ കയറി ഇരുന്നു. എന്തിനായിരിക്കും അന്ന ആ ഇരപ്പാളിയെ പിടിച്ചു ഇടിച്ചത്. ഇനി എന്നെയും അവളെയും ചേർത്ത് വല്ലതും പറഞ്ഞു കാണുമോ?
ബാഗെടുക്കാൻ പോയവനെ കാണുന്നില്ല ജെന്നിയുടെ അടുത്തു ആയിരിക്കണം. തെറി പറയാൻ ഫോൺ എടുത്തതും മച്ചാൻ ഇളിച്ചോണ്ട് എത്തി.
ഗേറ്റ് കടന്നപ്പോൾ തന്നെ ദീപക്ക് റോഡ് സൈഡിൽ നിന്ന് കൈകാണിച്ചു. ഇന്നോവയും കാത്തു കെട്ടി കിടക്കുന്നുണ്ട്. ഞാൻ സാരഥി സ്ഥാനം കൈമാറിയിട്ടു ബാക്കിൽ കയറിയിരുന്നു.
“ഇന്ന് എന്താണ് നേരത്തെ ഇറങ്ങിയത് ?”
ദീപക്കാണ് ചോദിച്ചത്.
“ഏയ് പ്രത്യകിച്ചൊന്നുമില്ല അർജ്ജുവിന് ചെറിയ തലവേദന”
എന്തു പറയണം എന്നാലോചിച്ചപ്പോളേക്കും രാഹുൽ ചാടി കയറി മറുപടി പറഞ്ഞു.
“ആ കൊച്ചു ക്ലാസ്സിൽ വന്നു തുടങ്ങി അല്ലേ? (ഹിന്ദിയിൽ )”
ഇതെങ്ങെനെ പുള്ളി അറിഞ്ഞു? ഇനി തലവേദന എന്ന് പറഞ്ഞതുകൊണ്ടാണോ ഈ ഭായി ഇങ്ങനെ ചോദിച്ചത്.
“അരുൺ സാർ പറഞ്ഞായിരുന്നു. “
പിന്നെ ആ വിഷയത്തിൽ കൂടുതൽ സംസാരമുണ്ടായില്ല. രാഹുലും ദീപക്കും എന്തോ സംസാരിക്കുന്നുണ്ട്. എനിക്കാണെങ്കിൽ അന്ന എന്തിനാണ് തല്ലിയത് എന്നറിയാനുള്ള ആകാംക്ഷ വർദ്ധിച്ചു വന്നു. whatsapp തുറന്നു നോക്കിയപ്പോൾ ക്ലാസ്സ് ഗ്രൂപ്പിൽ ചർച്ച ആരംഭിച്ചിട്ടുണ്ട്. ഒപ്പം അവനെയും ഡയറക്ടർ സസ്‌പെൻഡ് ചെയ്‌തു എന്നൊക്കെയുണ്ട്. അപ്പോൾ സംഭവം സീരിയസ് ആണ്. അടി വാങ്ങിയവനെ സസ്‌പെൻഡ് ചെയ്യണമെങ്കിൽ അത് പോലെയുള്ള തൊട്ടിത്തരം കാണിച്ചിട്ടുണ്ടാകും അരുണും ഗാങ്ങുമ്മല്ലേ അതിശയമില്ല.